ഇസ്ലാമബാദ്: ചൈനയിലെ വുഹാനിലുള്ള നാല് പാകിസ്ഥാനി വിദ്യാർഥികൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. വുഹാനാണ് കൊറോണ വൈറസ് ബാധയുടെ ഉറവിട സ്ഥാനമായി അറിയപ്പെടുന്നത്. വാർത്താസമ്മേളനത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ സ്പെഷ്യൽ അസിസ്റ്റന്‍റ് സഫർ മിർസയാണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം, 500 ഓളം പാകിസ്ഥാൻ വിദ്യാർഥികൾ ചൈനയിലെ പ്രധാന നഗരമായ വുഹാനിൽ ഉണ്ടെന്നാണ് കണക്കു കൂട്ടുന്നത്.
'നാല് പാകിസ്ഥാനി വിദ്യാർഥികൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു' - അദ്ദേഹം പറഞ്ഞു. അതേസമയം, വിദ്യാർഥികളുടെ ചികിത്സാ ചെലവ് മുഴുവനായും സർക്കാർ വഹിക്കുമെന്ന് അവരുടെ കുടുംബങ്ങളെ അറിയിക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കൊറോണ വൈറസ്: യുഎഇയിൽ രോഗബാധ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയംഅതേസമയം, പാകിസ്ഥാനിൽ ഇതുവരെയും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. കൊറോണ വൈറസ് കണ്ടെത്തിയ നാല് വിദ്യാർഥികൾ നിരീക്ഷണത്തിലാണെന്നും അവരുടെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണെന്നും മിർസ അറിയിച്ചു.
നേരത്തെ, നിലവിൽ 28, 000 പാകിസ്ഥാനി വിദ്യാർഥികൾ ചൈനയിൽ ഉണ്ടെന്ന് വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, എന്തെങ്കിലും അടിയന്തരാവസ്ഥ വന്നാൽ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു.
കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 132 പേരാണ് ചൈനയിൽ മരിച്ചത്. 6,000 ത്തിലധികം ആളുകൾക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് ചൈനയിലെ വുഹാൻ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവരുടെ പൗരൻമാരെ ചൈനയിൽ നിന്ന് തിരികെ എത്തിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.