ഇന്ത്യയും എത്യോപ്യയും 2000 വർഷത്തെ ബന്ധം ഊഷ്മളമാക്കി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി
- Published by:Nandu Krishnan
- news18-malayalam
Last Updated:
പ്രധാനമന്ത്രി നരേന്ദ്ര മോദി എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ നടത്തിയ പ്രഥമ ഉഭയകക്ഷി സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായ പങ്കാളിത്തത്തിലെ സുപ്രധാന നിമിഷമായി മാറി
രണ്ടായിരം വർഷം നീണ്ട ദീര്‍ഘകാല ബന്ധം കൂടുതല്‍ ശക്തമാക്കി ഇന്ത്യയും കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയും. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ നടത്തിയ പ്രഥമ ഉഭയകക്ഷി സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായ പങ്കാളിത്തത്തിലെ സുപ്രധാന നിമിഷമായി മാറി. എത്യോപ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ദി ഗ്രേറ്റ് ഓണര്‍ നിഷാന്‍ ഓഫ് എത്യോപ്യ' പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ആഗോള രാഷ്ട്രത്തലവനാണ് മോദി. നൈജീരിയ, മൗറീഷ്യസ്, ഘാന, നമീബിയ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ബഹുമതികള്‍ സമീപവര്‍ഷങ്ങളില്‍ മോദിക്ക് ലഭിച്ചിരുന്നു.
മോദിയുടെ സന്ദർശനം രാജ്യങ്ങള്‍ തമ്മിലുള്ള ഇടപെടലുകളെ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. നിരവധി പുതിയ കരാറുകളില്‍ ഇന്ത്യയും എത്യോപ്യയും ഒപ്പുവെച്ചതായാണ് വിവരം. സാംസ്‌കാരിക നയതന്ത്രവും മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുണ്ടായിരുന്നു. മൂന്ന് എത്യോപ്യന്‍ ഗായകര്‍ ചേര്‍ന്ന് മോദിയുടെ സന്ദര്‍ശന വിരുന്നിനിടെ ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ആലപിച്ചത് വ്യത്യസ്ത അനുഭവമായി. ഈ സംഭവത്തെ വളരെയധികം 'ആഴത്തില്‍ സ്പര്‍ശിച്ച വികാരഭരിതമായ നിമിഷം' എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. എത്യോപ്യന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയുടെ ജനാധിപത്യ, സാമ്പത്തിക പാതയെ ദക്ഷിണ മേഖലകള്‍ തമ്മിലുള്ള സഹകരണത്തിന്റെ മാതൃകയായി മോദി അവതരിപ്പിച്ചു. ഇരുരാജ്യങ്ങളുടെയും പങ്കിട്ട കൊളോണിയല്‍ വിരുദ്ധതയും ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല പങ്കാളിത്തവും ഇതില്‍ ഉള്‍പ്പെടുന്നു.
advertisement
ഇന്ത്യ-എത്യോപ്യ ബന്ധം എങ്ങനെ വികസിച്ചു ?
ഇന്ത്യയും എത്യോപ്യയും തമ്മിലുള്ള ബന്ധം ആഫ്രിക്കയിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധങ്ങളിലൊന്നാണ്. ഏകദേശം 2,000 വര്‍ഷത്തോളം പഴക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനുണ്ടെന്ന് രേഖകള്‍ പറയുന്നു. അക്‌സുമൈറ്റ് സാമ്രാജ്യകാലത്താണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം അഭിവൃദ്ധി പ്രാപിച്ചത്. എത്യോപ്യയില്‍ നിന്നുള്ള സ്വര്‍ണത്തിനായി ഇന്ത്യയിലെ വ്യാപാരികള്‍ പട്ടും സുഗന്ധദ്രവ്യങ്ങളും കൈമാറി. പുരാതന തുറമുഖമായ അഡുലിസ് വഴിയാണ് ഈ വ്യാപാരം നടന്നത്. നൂറ്റാണ്ടുകളിലൂടെ ഗോവയില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുള്ള ഇന്ത്യക്കാര്‍ എത്യോപ്യയുടെ സാമൂഹിക, വാണിജ്യ ഭൂപ്രകൃതിയില്‍ ഇടം നേടി.
advertisement
എത്യോപ്യന്‍ ചരിത്രത്തില്‍ ഇന്ത്യന്‍ സൈനികരും വലിയ സംഭവന നല്‍കിയതായി കാണാം. 1868-ല്‍ മക്ദാലയില്‍ ബന്ദികളെ മോചിപ്പിക്കാന്‍ നടന്ന ശ്രമത്തില്‍ 13,000ത്തിലധികം ഇന്ത്യന്‍ സൈനികര്‍ പങ്കെടുത്തു. 1936-നും 1941-നും ഇടയില്‍ ഇറ്റാലിയന്‍ അധിനിവേശം അവസാനിപ്പിക്കുന്നതിനും ഇന്ത്യന്‍ സൈനിക ഡിവിഷനുകള്‍ പങ്കാളികളായി.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് തൊട്ടുപിന്നാലെ ഇരുരാജ്യങ്ങൾക്കുമിടയിൽ ഔപചാരിക നയതന്ത്ര ബന്ധങ്ങള്‍ ആരംഭിച്ചു. 1940-കളുടെ അവസാനത്തില്‍ സര്‍ദാര്‍ സന്ത് സിംഗിന്റെ നേതൃത്വത്തിലുള്ള ഒരു സൗഹൃദ ദൗത്യ സംഘം എത്യോപ്യ സന്ദര്‍ശിക്കുകയും 1948-ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രതലത്തിലുള്ള ബന്ധം ആരംഭിക്കുകയും ചെയ്തു. 1950-ല്‍ സന്ത് സിംഗിനെ അംബാസഡറായി നിയമിച്ചു.
advertisement
പിന്നീട് രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ, സാംസ്‌കാരിക മേഖലകളിലെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിച്ചു. സമീപ വര്‍ഷങ്ങളില്‍ ഉന്നത ഇടപെടല്‍ ശക്തമായി. സാങ്കേതികവിദ്യ, വൈദഗ്ദ്ധ്യം, വ്യാപാരം, പ്രതിരോധം, കൃഷി എന്നീ മേഖലകളിലെ സഹകരണം ചര്‍ച്ച ചെയ്യുന്നതിനായി മോദിയും എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിയും ബ്രിക്‌സ്, ജി20 ഉച്ചകോടികള്‍ പോലുള്ള ആഗോള വേദികളില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.
ഇന്ത്യ അധ്യക്ഷപദം വഹിച്ച 'വോയിസ് ഓഫ് ദി ഗ്ലോബല്‍ സൗത്ത്' ഉച്ചകോടികളിലും എത്യോപ്യ പങ്കെടുത്തിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും നിരവധി തവണ അഡിസ് അബാബ സന്ദര്‍ശിച്ചിട്ടുണ്ട്. ഉഭയകക്ഷി സഹകരണം, പ്രാദേശിക വികസനം, ആഫ്രിക്കന്‍ യൂണിയനിലും ഐക്യരാഷ്ട്രസഭയിലുമുള്ള ബഹുമുഖ ഏകോപനം എന്നിവയെ കുറിച്ച് അദ്ദേഹം ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
advertisement
മോദിയുടെ സന്ദര്‍ശനത്തോടെ എന്തുണ്ടായി ?
ത്രിരാഷ്ട്ര പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് പ്രധാനമന്ത്രി മോദി എത്യോപ്യയില്‍ സന്ദര്‍ശനം നടത്തിയത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന കരാറുകള്‍ക്ക് കാരണമായി. യുഎന്‍ സമാധാന പരിപാലന പ്രവര്‍ത്തന പരിശീലനം (Peacekeeping Operations Training), കസ്റ്റംസ് കാര്യങ്ങളില്‍ പരസ്പര ഭരണപരമായ സഹായം, എത്യോപ്യയുടെ വിദേശകാര്യ മന്ത്രാലയത്തില്‍ ഒരു ഡാറ്റ സെന്റര്‍ സ്ഥാപിക്കല്‍ എന്നിവയ്ക്കായി ഇരു രാജ്യങ്ങളും ചേര്‍ന്ന് മൂന്ന് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു.
തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ബന്ധം വളര്‍ത്താനും രാജ്യങ്ങള്‍ തമ്മില്‍ ധാരണയായി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് വഴി സ്‌കോളര്‍ഷിപ്പുകള്‍ വികസിപ്പിക്കുക, എത്യോപ്യന്‍ പഠിതാക്കള്‍ക്കായി എഐ ഷോര്‍ട്ട് കോഴ്‌സുകള്‍ അവതരിപ്പിക്കുക, മാതൃ-നവജാത ശിശു ആരോഗ്യ സംരക്ഷണത്തില്‍ സഹകരണം ശക്തിപ്പെടുത്തുക തുടങ്ങിയ തീരുമാനങ്ങളും രാജ്യങ്ങള്‍ പ്രഖ്യാപിച്ചു.
advertisement
ദീര്‍ഘകാലവും വിശ്വസനീയവുമായ ഒരു പങ്കാളിത്തത്തിലെ സുപ്രധാന ചുവടുവയ്പ്പാണിതെന്ന് മോദി പറഞ്ഞു. ഭരണം, സമാധാന പരിപാലനം മുതല്‍ ഡിജിറ്റല്‍ ശേഷിയും വിദ്യാഭ്യാസവും വരെ ജനങ്ങളെ ശാക്തീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യ സംരക്ഷണ രംഗത്തെ സഹകരണം ദുര്‍ബല വിഭാഗത്തിന്റെ പരിചരണത്തിനുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്ത്രപരമായ പങ്കാളിത്തം ഉയര്‍ത്തുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്
വ്യാപരം, വികസനം, പ്രതിരോധം, കൃഷി, വിദ്യാഭ്യാസം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ സഹകരണം കൂടുതല്‍ ഘടനാപരമായ ചട്ടക്കൂടിനു കീഴിലേക്ക് വരുന്നു.
advertisement
2025-ല്‍ പ്രതിരോധ രംഗത്ത് എത്യോപ്യയുമായി ഇന്ത്യ ഒരു ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഇതേ വര്‍ഷം തന്നെ ആദ്യ സംയുക്ത പ്രതിരോധ സഹകരണ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. പ്രതിരോധ രംഗത്ത് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ഘട്ടംഘട്ടമായി വളര്‍ന്നു. എത്യോപ്യന്‍ ഫെഡറല്‍ പോലീസിനുള്ള ഫോറന്‍സിക് പരിശീലനവും എയ്‌റോ ഇന്ത്യ പോലുള്ള അന്താരാഷ്ട്ര പരിപാടികളിലെ പ്രതിരോധ സംഭാഷണങ്ങളും ഉള്‍പ്പെടെ സുരക്ഷയും ഭരണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലൂടെയും ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
എത്യോപ്യയിലെ ഇന്ത്യന്‍ വ്യവസായങ്ങളുടെ വളര്‍ന്നുവരുന്ന പങ്കാളിത്തവും ഈ തന്ത്രപരമായ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നു. അഞ്ച് ബില്യണ്‍ ഡോളറിലധികമാണ് ഇന്ത്യന്‍ വ്യവസായങ്ങള്‍ എത്യോപ്യയില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ഇതില്‍ മൂന്ന് ബില്യണ്‍ ഡോളര്‍ യാഥാര്‍ത്ഥ്യമായി. കൃഷി, പുഷ്പകൃഷി, പരുത്തി, തുണിത്തരങ്ങള്‍, നിര്‍മ്മാണം, എഞ്ചിനീയറിംഗ്, പ്ലാസ്റ്റിക്, ജല മാനേജ്‌മെന്റ്, കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ എന്നീ മേഖലകളിലാണ് ഈ നിക്ഷേപങ്ങള്‍ നടക്കുന്നത്. 75,000 തൊഴിലവസരങ്ങളും ഇന്ത്യന്‍ വ്യവസായങ്ങള്‍ വഴി എത്യോപ്യയിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് മാനുഫാക്ച്ചറിംഗ്, ഫാര്‍മ മേഖലകളിലാണ് ഈ വ്യവസായങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്.
ഉഭയകക്ഷി വ്യാപാരം
ഇന്ത്യയും എത്യോപ്യയും തമ്മില്‍ ശക്തമായ സാമ്പത്തിക ബന്ധമാണുള്ളത്. 2023-24-ല്‍ എത്യോപ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളി ആയിരുന്നു ഇന്ത്യ. ഉഭയകക്ഷി വ്യാപാരം ആ വര്‍ഷം 571.52 മില്യണ്‍ ഡോളറിലെത്തി. സെമി ഫിനിഷ്ഡ് ഇരുമ്പ്, ഇരുക്ക് ഉത്പന്നങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയില്‍ നിന്നായി 489.59 മില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ എത്യോപ്യയിലേക്ക് നടത്തിയത്. പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, വിത്തുകള്‍, തുകല്‍, സുഗന്ധവ്യഞ്ജനങ്ങള്‍, വിലയേറിയ കല്ലുകള്‍ എന്നിവ അടക്കം 81.93 മില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍ എത്യോപ്യയില്‍ നിന്ന് ഇന്ത്യയിലേക്കും കയറ്റുമതി ചെയ്തു.
സാംസ്‌കാരിക ബന്ധം
ഇന്ത്യയിലെയും എത്യോപ്യയിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ എത്യോപ്യയില്‍ ഇന്ത്യന്‍ സമൂഹങ്ങള്‍ ഉണ്ട്. സാമ്രാജ്യത്വ കാലഘട്ടത്തില്‍ കാലഘട്ടത്തില്‍ പതിനായിരകണക്കിന് ഇന്ത്യന്‍ അധ്യാപകര്‍ എത്യോപ്യയില്‍ സേവനമനുഷ്ടിച്ചു. എത്യോപ്യന്‍ സര്‍വകലാശാലകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏകദേശം 150 ഓളം ഇന്ത്യന്‍ ഫാക്കല്‍റ്റി അംഗങ്ങള്‍ ഇന്നുമുണ്ട്. എത്യോപ്യയില്‍ പ്രവാസ ജീവിതം നയിക്കുന്ന 2,500 ഓളം പേരുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം പറയുന്നത്. ഇവര്‍ അവിടെ വിദ്യാഭ്യാസം, ബിസിനസ്, സാംസ്‌കാരിക മേഖലകളില്‍ സജീവമായി തുടരുന്നു.
അഡിസ് അബാബയിലെ ഇന്ത്യന്‍ എംബസി രാജ്യത്തെ വിവിധാ സാംസ്‌കാരിക ആഘോഷങ്ങളും അവിടെ സംഘടിപ്പിച്ചിരുന്നു. ഓണം, ജന്മാഷ്ടമി, ഗണേശ ചതുര്‍ത്ഥി, രഥയാത്ര തുടങ്ങിയ ആഘോഷങ്ങളും യോഗ സെഷനുകളും പരിസ്ഥിതി ദിന പ്രവര്‍ത്തനങ്ങളും സാഹിത്യ പരിപാടികളും വിശ്വ ഹിന്ദി ദിവസ് പോലുള്ള അനുസ്മരണങ്ങളും ഉള്‍പ്പെടെ വിപുലമായ സാംസ്‌കാരിക പരിപാടികള്‍ എംബസി നടത്തി. ഇത് രാജ്യങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക ഇടപെടലിനെ ശക്തിപ്പെടുത്തി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 18, 2025 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇന്ത്യയും എത്യോപ്യയും 2000 വർഷത്തെ ബന്ധം ഊഷ്മളമാക്കി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി









