ഹിസ്ബുള്ളയുടെ രഹസ്യ സമ്പാദ്യം; ബങ്കറില്‍ കോടിക്കണക്കിന് ഡോളറും സ്വര്‍ണ്ണവുമെന്ന് ഇസ്രായേല്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ സമ്പത്ത് വിനിയോഗിക്കുന്നതെന്നും ഇസ്രായേല്‍ വ്യക്തമാക്കി
ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയുടെ രഹസ്യ സമ്പാദ്യ കേന്ദ്രം കണ്ടെത്തിയെന്ന് ഇസ്രായേല്‍. ബെയ്‌റൂട്ടിലെ ആശുപത്രിയ്ക്ക് താഴെയുള്ള ഹിസ്ബുള്ളയുടെ രഹസ്യ ബങ്കറില്‍ കോടിക്കണക്കിന് ഡോളറും സ്വര്‍ണ്ണവും ഉണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ സേന പറഞ്ഞു. ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ സമ്പത്ത് വിനിയോഗിക്കുന്നതെന്നും ഇസ്രായേല്‍ വ്യക്തമാക്കി. അല്‍-ഖര്‍ദ് അല്‍-ഖസന്‍ തുടങ്ങി ഹിസ്ബുള്ളയുടെ സമ്പത്ത് സൂക്ഷിച്ചിരിക്കുന്നുവെന്ന് സംശയമുള്ള വിവിധ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ഞായറാഴ്ച വ്യോമാക്രമണം നടത്തിയിരുന്നുവെന്ന് ഇസ്രായേല്‍ പ്രതിരോധ സേന വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.
'ഇസ്രായേലിനെതിരെയുള്ള ആക്രമണങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള ഹിസ്ബുള്ളയുടെ കഴിവ് ഞങ്ങള്‍ തകര്‍ക്കും. ഹസന്‍ നസ്‌റല്ലയുടെ രഹസ്യ ബങ്കറില്‍ കോടിക്കണക്കിന് ഡോളറും സ്വര്‍ണ്ണവുമാണ് ഹിസ്ബുള്ള സൂക്ഷിച്ചിരിക്കുന്നത്. ബെയ്‌റൂട്ടിലെ അല്‍-സഹേല്‍ ആശുപത്രിയ്ക്ക് അടിയിലാണ് ഈ ബങ്കര്‍ സ്ഥിതി ചെയ്യുന്നത്,' ഹഗാരി പറഞ്ഞു. അല്‍-ഖര്‍ദ് അല്‍-ഹസന്‍ എന്ന ഹിസ്ബുള്ളയുടെ സാമ്പത്തിക സ്ഥാപനത്തിന്റെ 15 ഓളം ശാഖകള്‍ കേന്ദ്രീകരിച്ച് ഇസ്രായേല്‍ ആക്രമണം നടത്തി.
'അല്‍-ഖര്‍ദ് അല്‍-ഹസന്‍ അന്താരാഷ്ട്ര നിയമം ലംഘിക്കുന്നു. അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഈ സ്ഥാപനത്തിന് ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്,' ഹഗാരി പറഞ്ഞു. ഇസ്രായേലിനെതിരെ ഇനിയും ആക്രമണം നടത്താന്‍ ഹിസ്ബുള്ളയെ അനുവദിക്കില്ലെന്നും ഹഗാരി പറഞ്ഞു. ഹിസ്ബുള്ളയുടെ ഈ പ്രവര്‍ത്തനം ലെബനന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇറാന്റെ പണം ഹിസ്ബുള്ള ലെബനനിലേക്ക് എത്തിക്കുന്നതിലൂടെ ലെബനീസ് പൗണ്ടിന്റെ മൂല്യം കുറയും. അതിലൂടെ ലെബനനിലെ സമ്പദ് വ്യവസ്ഥ തകരുകയും ചെയ്യും,' എന്ന് ഹഗാരി പറഞ്ഞു.
advertisement
ഹിസ്ബുള്ളയുടെ രഹസ്യ സമ്പാദ്യം സൂക്ഷിച്ചിരിക്കുന്ന ബങ്കറിന്റെ ഗ്രാഫിക് ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു.'ആശുപത്രിയ്ക്ക് താഴെയാണ് ഹിസ്ബുള്ള ബങ്കര്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ കോടിക്കണക്കിന് ഡോളറും സ്വര്‍ണ്ണവും സൂക്ഷിച്ചിരിക്കുന്നു,' ഹഗാരി പറഞ്ഞു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഇസ്രായേലിന് എതിരെ ആക്രമണം നടത്താനും ഹിസ്ബുള്ള ഈ പണം ഉപയോഗിക്കുന്നുവെന്നും അത് തടയണമെന്നും ഹഗാരി പറഞ്ഞു. ഇസ്രായേലിന്റെ വ്യോമസേന ഈ പ്രദേശം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
'ആശുപത്രിയ്ക്ക് നേരെ ഞങ്ങള്‍ നേരിട്ട് ആക്രമണം നടത്തില്ല. ലെബനനിലെ ജനങ്ങളെ ആക്രമിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ഹിസ്ബുള്ളയ്‌ക്കെതിരെയാണ് ഞങ്ങളുടെ യുദ്ധം,' ഹഗാരി പറഞ്ഞു. ലെബനനിലെ ജനങ്ങളില്‍ നിന്നുള്ള പണവും ഇറാനില്‍ നിന്നുള്ള സാമ്പത്തിക സഹായവുമാണ് ഹിസ്ബുള്ളയെ വളര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി ലെബനനിലും സിറിയ, തുര്‍ക്കി, യെമന്‍ എന്നിവിടങ്ങളിലും ഹിസ്ബുള്ള ഫാക്ടറികള്‍ നടത്തിവരികയാണെന്നും ഇസ്രായേല്‍ ആരോപിച്ചു.
advertisement
ഹിസ്ബുള്ളയ്‌ക്കെതിരെ വലിയ രീതിയില്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടെന്ന് ഇസ്രായേല്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ ലെബനനിലെ നിരവധി പ്രദേശങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ലക്ഷക്കണക്കിന് പേരാണ് ഇവിടെ നിന്നും പലായനം ചെയ്തത്. അതേസമയം ഹിസ്ബുള്ള ഇസ്രായേലിനെതിരെ റോക്കറ്റാക്രമണം ശക്തമാക്കിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 22, 2024 2:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഹിസ്ബുള്ളയുടെ രഹസ്യ സമ്പാദ്യം; ബങ്കറില്‍ കോടിക്കണക്കിന് ഡോളറും സ്വര്‍ണ്ണവുമെന്ന് ഇസ്രായേല്‍