കാനഡയില്‍ ലിബറല്‍ പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച; മാര്‍ക് കാര്‍ണിയെ അഭിനന്ദിച്ച് നരേന്ദ്ര മോദി

Last Updated:

കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കാര്‍ണിയുടെ മുന്‍ഗാമിയും സഹപ്രവര്‍ത്തകനുമായ ജസ്റ്റിന്‍ ട്രൂഡോ ഉയര്‍ത്തിയിരുന്നത്. ട്രൂഡോയുടെ ആരോപണങ്ങളില്‍ ഉലഞ്ഞുപോയ ഉഭയകക്ഷി ബന്ധത്തില്‍ പുതിയൊരു ചുവടുവെപ്പ് നടത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് മോദിയുടെ സന്ദേശം നല്‍കുന്നത്

(Reuters)
(Reuters)
കാനഡ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി നയിക്കുന്ന ലിബറല്‍ പാര്‍ട്ടിക്ക് ഭരണ തുടര്‍ച്ച. ലിബറല്‍ പാര്‍ട്ടി ചരിത്രപരമായ നാലാം തവണയും വിജയമുറപ്പിച്ചതോടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ക് കാര്‍ണിക് ഒരു അഭിനന്ദന സന്ദേശം അയച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന് ഊന്നല്‍കൊടുത്തുകൊണ്ടുള്ളതായിരുന്നു ആ സന്ദേശം. കൂടുതല്‍ അവസരങ്ങള്‍ തുറക്കാന്‍ ആഗ്രഹിക്കുന്നതായി മോദി കുറിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അദ്ദേഹം അഭിന്ദന കുറിപ്പ് പങ്കുവെച്ചത്.
ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കാര്‍ണിയുടെ മുന്‍ഗാമിയും സഹപ്രവര്‍ത്തകനുമായ ജസ്റ്റിന്‍ ട്രൂഡോ ഉയര്‍ത്തിയിരുന്നത്. ട്രൂഡോയുടെ ആരോപണങ്ങളില്‍ ഉലഞ്ഞുപോയ ഉഭയകക്ഷി ബന്ധത്തില്‍ പുതിയൊരു ചുവടുവെപ്പ് നടത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് മോദിയുടെ സന്ദേശം നല്‍കുന്നത്.
"പൊതുവായ ജനാധിപത്യ മൂല്യങ്ങള്‍, നിയമവാഴ്ചയോടുള്ള പ്രതിദ്ധത, ജനങ്ങള്‍ തമ്മിലുള്ള ഊര്‍ജ്ജസ്വലത എന്നിവയാല്‍ ബന്ധിതമാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം. രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്നതിനും നിങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു", മോദി എക്‌സില്‍ കുറിച്ചു.
advertisement
advertisement
കാനഡയിലും ബ്രിട്ടനിലും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് മാര്‍ക് കാര്‍ണി. അതിനു മുമ്പ് ഒരു ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കുക, കനേഡിയന്‍ പരമാധികാരം സംരക്ഷിക്കുക എന്നിവയിലൂന്നിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം.
കാനഡയില്‍ ജീവിത ചെലവ് കുതിച്ചുയരുന്നതില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെയാണ് ട്രൂഡോയെ മാറ്റി കാര്‍ണി തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് ലിബറല്‍ പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്തത്. ഇന്ത്യയുമായുള്ള ബന്ധം പുനര്‍നിര്‍മ്മിക്കുകയെന്നത് തന്റെ സര്‍ക്കാരിന്റെ മുന്‍ഗണനാ വിഷയമാണെന്നും കാര്‍ണി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞിരുന്നു.
advertisement
'അവിശ്വസനീയമാംവിധം പ്രധാനപ്പെട്ടത്' എന്നാണ് ഇന്ത്യയുമായുള്ള ബന്ധത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. കനേഡിയര്‍ക്ക് ഇന്ത്യയുമായി ആഴത്തിലുള്ളതും വ്യക്തിപരവും സാമ്പത്തികവും തന്ത്രപരവുമായ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യയുമായുള്ള ബന്ധത്തില്‍ തങ്ങള്‍ കാരണമല്ലാതെ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടെന്നും വ്യക്തമായി പറഞ്ഞാല്‍ പരസ്പര ബഹുമാനത്തോടെ ഇന്ത്യയെ ചേര്‍ത്ത് നിര്‍ത്താന്‍ വഴികളുണ്ടെന്നും കാര്‍ണി ഒരു പ്രചാരണത്തിനിടെ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നിജ്ജര്‍ വിവാദത്തെ കുറിച്ച് അദ്ദേഹം നേരിട്ട് സംസാരിച്ചിട്ടില്ല. തുറന്ന, പങ്കാളിത്ത സ്വഭാവമുള്ള സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതില്‍ ഇന്ത്യയ്ക്കും കാനഡയ്ക്കും നിര്‍ണായക പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
advertisement
സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങള്‍ വൈവിധ്യവത്കരിക്കാനാണ് കാനഡ നോക്കുന്നതെന്നും കാര്‍ണി കഴിഞ്ഞ മാസം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞിരുന്നു. ഇന്ത്യയുമായുള്ള ബന്ധം പുനര്‍നിര്‍മിക്കാനുള്ള അവസരങ്ങളുണ്ട്. ആ വാണിജ്യ ബന്ധത്തിന് ചുറ്റും ഒരു പൊതു മൂല്യബോധം ഉണ്ടായിരിക്കണം. ഞാന്‍ പ്രധാനമന്ത്രിയാണെങ്കില്‍, അത് കെട്ടിപ്പടുക്കാനുള്ള അവസരത്തിനായി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധിനിവേശ ഭീഷണികളും ഉയര്‍ന്ന തീരുവകളും കാനഡ നേരിടുമ്പോഴാണ് ഇന്ത്യയോടുള്ള സ്വരംമാറ്റം. യുഎസ് ഇനി വിശ്വസനീയമായ ഒരു സഖ്യകക്ഷിയല്ലെന്നും കാനഡക്കാര്‍ പരസ്പരം ആശ്രയിക്കേണ്ടിവരുമെന്നും കാര്‍ണി ഒന്നിലധികം തവണ ഊന്നിപ്പറഞ്ഞിട്ടുണ്ട്.
advertisement
ഖലിസ്ഥാന്‍ വിഷയത്തില്‍ പതിറ്റാണ്ടുകളായി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. എന്നിരുന്നാലും, ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് അന്നത്തെ പ്രധാനമന്ത്രി ട്രൂഡോ പരസ്യമായി ആരോപിച്ചതിനെത്തുടര്‍ന്ന് 2023-ല്‍ അവര്‍ക്ക് വലിയ തിരിച്ചടി നേരിട്ടു. ആരോപണങ്ങളെ 'അസംബന്ധം' എന്നും 'രാഷ്ട്രീയ പ്രേരിതം' എന്നും ഇന്ത്യ വിശേഷിപ്പിച്ചു.
കാനഡ ആറ് ഇന്ത്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യ പ്രത്യാക്രമണം നടത്തി. ഇരു രാജ്യങ്ങളും ഉന്നത പ്രതിനിധികളെ പുറത്താക്കുകയും വ്യാപാര ചര്‍ച്ചകള്‍ മരവിപ്പിക്കുകയും ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. കാനഡ സ്വന്തം മണ്ണില്‍ തീവ്രവാദം സഹിക്കുന്നുവെന്നും ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ നടപടിയെടുക്കുന്നില്ലെന്നും ഇന്ത്യ ആരോപിച്ചു.
advertisement
അമേരിക്കയുമായുള്ള വര്‍ദ്ധിച്ചുവരുന്ന അനിശ്ചിതത്വവും ചൈനയുമായുള്ള ബന്ധം വഷളായതും ഇന്ത്യയുമായുള്ള ബന്ധം പുനഃപരിശോധിക്കാന്‍ കാനഡയെ നിര്‍ബന്ധിതരാക്കി എന്നുവേണം കരുതാന്‍. കാരണം കുടിയേറ്റക്കാരുടെയും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെയും ഏറ്റവും വലിയ സ്രോതസ്സുകളില്‍ ഒന്നാണ് ഇന്ത്യ. ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുള്ള കാര്‍ണി, തന്റെ വിജയ പ്രസംഗത്തില്‍ അമേരിക്കയ്‌ക്കെതിരായ തന്റെ ഉറച്ച നിലപാട് ശക്തിപ്പെടുത്തി. ഒരു തരത്തിലും അമേരിക്കയുടെ ഭാഗമാകാന്‍ ഒട്ടാവയെ താന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/World/
കാനഡയില്‍ ലിബറല്‍ പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച; മാര്‍ക് കാര്‍ണിയെ അഭിനന്ദിച്ച് നരേന്ദ്ര മോദി
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement