പാകിസ്ഥാന് സാമ്പത്തിക സഹായത്തിനുള്ള ജാമ്യമോ പലിശ രഹിത വായ്പയോ നൽകാൻ വിസമ്മതിച്ച് സൗദി അറേബ്യ. നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാൻ അന്താരാഷ്ട്ര നാണയ നിധിയുമായി (ഐഎംഎഫ്) ആദ്യം കരാർ ഒപ്പിടണമെന്നും അതിനു ശേഷം ഏതെങ്കിലും വായ്പ നീട്ടി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സൗദിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഈ സാമ്പത്തിക അടിയന്തരാവസ്ഥയിൽ നിന്ന് പാകിസ്ഥാനെ സഹായിക്കാൻ സൗഹൃദ രാജ്യങ്ങൾ പോലും താൽപ്പര്യപ്പെടുന്നില്ലെന്ന് പാകിസ്ഥാൻ ധനമന്ത്രി പ്രതികരിച്ചു.
തങ്ങളോട് സൗഹൃദമുള്ള ഏതെങ്കിലും രാജ്യത്ത് പോകുമ്പോഴോ അവരെ ഫോൺ വിളിക്കുമ്പോഴോ, തങ്ങൾ പണം യാചിക്കാനാണ് വന്നതെന്ന് അവർ കരുതുന്നതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കഴിഞ്ഞ വർഷം ഒരു അഭിഭാഷക കൺവെൻഷനിൽ വെച്ച് പറഞ്ഞിരുന്നു. രാജ്യത്ത് സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനുള്ള തീവ്രശ്രമങ്ങളിലാണ് പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്റിന്റെ (പിഡിഎം) നേതൃത്വത്തിലുള്ള സർക്കാർ. ഇതിനിടെ, ഐഎംഎഫിന്റെ 6.5 ബില്യൺ ഡോളറിന്റെ ഐഎംഎഫ് സഹായം ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുകയാണ്. പാകിസ്ഥാന് വായ്പാ പദ്ധതി പുനരാരംഭിക്കുന്നതിന് ഐഎംഎഫ് കർശനമായ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Also read- ഭൂചലനത്തിൽ സ്റ്റുഡിയോ കുലുങ്ങുന്നതിനിടയിലും ഭൂകമ്പ വാര്‍ത്ത വായിച്ച് പാക് ടിവി അവതാരകന്‍
രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. ഏകദേശം 130 ബില്യണ്‍ ഡോളറിനോടടുത്ത് വിദേശ കടം പാകിസ്ഥാൻ സ്വീകരിച്ചിട്ടുണ്ട്. 1950ലാണ് പാകിസ്ഥാന്‍ ഐഎംഎഫില്‍ അംഗത്വമെടുക്കുന്നത്. കഴിഞ്ഞ 57 വര്‍ഷത്തിനിടെ 22 തവണയാണ് അവസാന ആശ്രയം എന്ന നിലയില്‍ ഐഎംഎഫില്‍ നിന്ന് പാകിസ്ഥാന്‍ വായ്പയെടുത്തത്. അതിനിടെ, ഇന്ത്യയും ഗൾഫ് കോർപ്പറേഷൻ കൗൺസിലും (ജിസിസി) റിയാദിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഇരുപക്ഷവും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനും (എഫ്ടിഎ) ഈ യോഗത്തിൽ ധാരണയായി.
വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ഔസാഫ് സയീദും രാഷ്ട്രീയ കാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് സെക്രട്ടറി ജനറൽ അബ്ദുൽ അസീസ് ബിൻ ഹമദ് അൽ ഒവൈഷാഖുമാണ് ജിസിസി പ്രതിനിധി സംഘത്തെ നയിച്ചത്. കൗൺസിലിലെ ആറ് അംഗരാജ്യങ്ങൾ യോഗത്തിൽ പങ്കെടുത്തിരുന്നു. 2022 സെപ്റ്റംബറിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ റിയാദ് സന്ദർശന വേളയിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം നടന്നത്. ഇന്ത്യ-ജിസിസി സ്വതന്ത്ര വ്യാപാര കരാറിന് അന്തിമരൂപം നൽകാൻ ഇരുപക്ഷവും സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Also read- ചൈനയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ; നേട്ടം സൗദിയെ പിന്തള്ളി
പുനരുപയോഗ ഊർജം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ഐടി, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരിച്ചു പ്രവർത്തിക്കണമെന്ന് ഔസാഫ് സയീദ് ആവശ്യപ്പെട്ടു. 2021-22 സാമ്പത്തിക വർഷം 154 ബില്യൺ ഡോളറിന്റെ മൊത്ത വ്യാപാരവുമായി ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ജിസിസി. വ്യാപാര കരാർ കൂടാതെ, അടിയന്തിര പ്രാധാന്യമുള്ള പല വിഷയങ്ങളും യോഗത്തിൽ ചർച്ചയായതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.