• HOME
 • »
 • NEWS
 • »
 • world
 • »
 • Sri Lanka Economic Crisis | ഒരു കപ്പ് ചായയ്ക്ക് 100 ലങ്കൻ രൂപ; 5 മണിക്കൂർ പവർകട്ട്; പെട്രോളിനായി ക്യൂ നിന്ന രണ്ട് പേർ മരിച്ചു

Sri Lanka Economic Crisis | ഒരു കപ്പ് ചായയ്ക്ക് 100 ലങ്കൻ രൂപ; 5 മണിക്കൂർ പവർകട്ട്; പെട്രോളിനായി ക്യൂ നിന്ന രണ്ട് പേർ മരിച്ചു

പേപ്പറിന്റെയും അച്ചടി മഷിയുടെയും ക്ഷാമം മൂലം രാജ്യത്തെ സ്കൂളുകളിൽ പരീക്ഷകൾ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു.

 • Share this:
  കൊളംബോ; ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയിൽ (Sri Lanka Economic Cris) ജനജീവിതം ദുസ്സഹമാകുന്നു. വിദേശനാണയം ഇല്ലാത്തതിനാൽ അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ കഴിയാതെ ക്ഷാമം രൂക്ഷമായതോടെ ജനങ്ങൾ തെരുവിലാണ്. ഇതിനിടയിൽ പെട്രോളിനും മണ്ണെണ്ണയ്ക്കുമായി പൊരിവെയിലത്ത് നാല് മണിക്കൂറോളം ക്യൂവിൽ കാത്തുനിന്ന രണ്ട് പേർ കുഴഞ്ഞുവീണ് മരിച്ചു. ഹൃദ്രോഗവും പ്രമേഹവുമുള്ള 71 വയസ്സുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും 72 വയസ്സുള്ള മറ്റൊരാളുമാണ് കാൻഡിയിലും കടവത്തയിലുമായി മരിച്ചത്.

  സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായി ശ്രീലങ്കൻ രൂപയുടെ മൂല്യം 36 ശതമാനം സർക്കാർ കുറച്ചിരുന്നു. ഇതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നു. യുദ്ധകാലത്ത് പോലും കാണാത്ത പ്രതിസന്ധിയിൽ ഒരു കപ്പ് ചായയ്ക്ക് 100 ലങ്കൻ രൂപയാണ് (27 ഇന്ത്യൻ രൂപ) വില. പാൽപ്പൊടിക്കും പാലിനും വില കൂടിയതോടെയാണ് സാധാരണക്കാരുടെ പാനീയമായ ചായയ്ക്കും വിലകൂടിയത്. ഒരു ലിറ്റർ പാലിന് 263ലങ്കൻ രൂപയായപ്പോൾ (75 ഇന്ത്യൻ രൂപ) 400 ഗ്രാ൦ പാൽപ്പൊടിക്ക് 250 (68 ഇന്ത്യൻ രൂപ) രൂപയുമാണ് ഉയർത്തിയത്.

  ഇതിനുപുറമെ പാചകവാതക വില കുത്തനെ ഉയർത്തിയത് മൂലം ജനങ്ങൾ പാചകം ചെയ്യാനായി മണ്ണെണ്ണ കൂടുതലായി ഉപയോഗിച്ച് തുടങ്ങി. പാചകവാതക സിലിണ്ടറിന് 1359 രൂപയാണ് (372 ഇന്ത്യൻ രൂപ) കൂട്ടിയത്. അഞ്ച് മണിക്കൂർ നീളുന്ന പവർകട്ട് മൂലം ഡീസൽ ജനറേറ്ററുകളുടെ ഉപയോഗം കൂടിയതും പ്രശ്നമായി. വൈദ്യുതനിലയങ്ങൾ അടച്ചുപൂട്ടിയതോടെയാണ് മണിക്കൂറുകൾ നീളുന്ന പവർകട്ടിലേക്ക് രാജ്യം വീണത്. പെട്രോളിനും ഡീസലിനും 40 % വില വർധനവുണ്ടായത് ഇന്ധനക്ഷാമം രൂക്ഷമാക്കി. മണിക്കൂറുകളോളം കാത്തുകിടന്നാണ് ജനങ്ങൾ ഇന്ധനം വാങ്ങുന്നത്. ഇത്തരത്തിൽ ഇവർ വാങ്ങുന്ന പെട്രോൾ വില ലീറ്ററിന് 283 ശ്രീലങ്കൻ രൂപയും ഡീസലിന് 176 രൂപയുമാണ്. ഒരു ലീറ്റർ പാലിന് 263 രൂപയും ഒരു കിലോഗ്രാം അരിക്ക് 448 രൂപയുമാണ് വില. (1 ശ്രീലങ്കൻ രൂപ = 29 ഇന്ത്യൻ പൈസ). അസംസ്കൃത എണ്ണയുടെ ശേഖരം തീർന്നതിനെ തുടർന്ന് ലങ്കയിലെ ഏക സംസ്കരണശാല ഇന്നലെ പൂട്ടി.

  Also read- Srilanka Economic Crisis| അരി കിലോയ്ക്ക് 448 ലങ്കൻ രൂപ; പാൽ ലിറ്ററിന് 263; സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്ക; ജനം തെരുവിൽ

  അവശ്യസാധനങ്ങളുടെ ക്ഷാമത്തിന് പുറമെ പേപ്പറിന്റെയും അച്ചടി മഷിയുടെയും ക്ഷാമം മൂലം രാജ്യത്തെ സ്കൂളുകളിൽ പരീക്ഷകൾ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. ചോദ്യപ്പേപ്പർ അച്ചടിക്കാനുള്ള കടലാസും മഷിയും ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യമില്ലാതെ വന്നതോടെയാണ് 28ന് തുടങ്ങാനിരുന്ന 9,10,11 ക്ലാസുകളിലെ അവസാന ടേം പരീക്ഷകൾ മാറ്റിയത്.

  ശ്രീലങ്കൻ പ്രതിസന്ധിക്ക് കാരണം -

  കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ശ്രീലങ്കയിൽ കയറ്റുമതിയും ഇറക്കുമതിയും തമ്മിൽ കൃത്യമായ ഒരു അനുപാതം നിലനിന്നിരുന്നില്ല. കയറ്റുമതി കുറഞ്ഞുവരികയും ഇറക്കുമതി കൂടുകയും ചെയ്തതോടെ വിദേശനാണയം ആ വഴിക്ക് ചെലവായിത്തുടങ്ങി. കോവിഡ് പ്രതിസന്ധിയിൽ കയറ്റുമതി കുത്തനെ കുറയുകയും ഇറക്കുമതി മാറ്റമില്ലാതെ തുടരുകയും ചെയ്തതോടെ വിദേശനാണയ ശേഖരം തീർന്ന് രാജ്യം പ്രതിസന്ധിയിലായി. നിലവിൽ ശ്രീലങ്കയിലെ വിദേശനാണയശേഖരം ഏതാണ്ട് തീർന്ന അവസ്ഥയിലാണ്. മാത്രമല്ല, ഏഴ് ബില്യൻ ഡോളറോളം വിദേശകടവുമുണ്ട്. 2020 മാർച്ചിൽ ആരംഭിച്ച പ്രതിസന്ധി 2021 നവംബറോടെയാണു രൂക്ഷമായത്. വിദേശവായ്പ സംഘടിപ്പിക്കുന്നതിനായി രൂപയുടെ മൂല്യം കുറച്ചതോടെ പണപ്പെരുപ്പം വർധിച്ചു. കോവിഡ് കാലത്ത് ടൂറിസം വ്യവസായം തകർന്നതോടെ ആ വഴിയുള്ള വരുമാനവും നിലച്ചു.

  പ്രതിസന്ധി പരിഹരിക്കാൻ നിലവിൽ ചില പഴങ്ങളും പാലുമടക്കമുള്ളവയുടെ ഇറക്കുമതി സർക്കാർ നിരോധിച്ചിരിക്കുകയാണ്. കാറുകൾ, ഫ്ലോർ ടൈലുകൾ അടക്കമുള്ള മറ്റ് ഉത്പന്നങ്ങളുടെ ഇറക്കുമതി നേരത്തേ തന്നെ നിരോധിച്ചിരുന്നു. പുറത്തേക്ക് വിദേശനാണ്യമായി രാജ്യത്തെ പണം പോകാതിരിക്കാണ് ആദ്യം ആഢംബരവസ്തുക്കളുടെയും ഏറ്റവുമൊടുവിൽ ഗതികെട്ട് അവശ്യവസ്തുക്കളുടെയും ഇറക്കുമതി നിരോധിക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചത്. ഇതോടെ, കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് കൂടിയാണ് രാജ്യം നീങ്ങുന്നത്.

  തെരുവിലിറങ്ങി ജനം-

  കൊളംബോയിൽ പ്രസിഡന്റ് ഗോട്ടബയ രാജപക്സെക്കെതിരെ കടുത്ത പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. രാജപക്സെ ഉടനടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിന് പേരാണ് തെരുവിൽ അണിനിരന്നത്. പ്രതിപക്ഷപാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫോഴ്സിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം. സർക്കാരിനെ താഴെ വീഴ്ത്താനുള്ള ആഹ്വാനമായി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയാണ്. ''രണ്ട് വർഷമായി നിങ്ങൾ ഈ ദുരിതമനുഭവിക്കുന്നു. ഇനിയും സഹിക്കാനാകുമോ?''എന്ന ബാനറുകളും ഫ്ലക്സുകളുമായാണ് ജനം തെരുവിലെത്തിയിരിക്കുന്നത്. പ്രസിഡന്റിന്റെ ഓഫീസിലേക്ക് കയറാൻ ശ്രമിച്ച പ്രതിഷേധക്കാരും പൊലീസും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒട്ടേറെപ്പേർക്ക് പരിക്കേറ്റിരുന്നു.
  Published by:Naveen
  First published: