• HOME
  • »
  • NEWS
  • »
  • world
  • »
  • അയൽപക്കത്തെ അപകടം; താലിബാന്‍റെ രണ്ടാം വരവ് ഇന്ത്യയ്ക്കും പ്രതിസന്ധി

അയൽപക്കത്തെ അപകടം; താലിബാന്‍റെ രണ്ടാം വരവ് ഇന്ത്യയ്ക്കും പ്രതിസന്ധി

ആ യുദ്ധകൊതിയൻമാരെ ആരു പ്രയോജനപ്പെടുത്തും എന്നതാണ് വരും ദിവസങ്ങളിൽ കാണാൻ പോകുന്നത്. അവരെ മുന്നിൽ നിർത്താൻ, അവർക്ക് പിന്തുണ നൽകാൻ പാകിസ്താൻ തീരുമാനിച്ചാൽ ഇന്ത്യൻ അതിർത്തികൾ വീണ്ടും അശാന്തമാകും.

കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ താലിബാൻ നേതാക്കൾ.  (Image:Twitter @AJEnglish)

കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ താലിബാൻ നേതാക്കൾ. (Image:Twitter @AJEnglish)

  • Last Updated :
  • Share this:
താലിബാന്റെ രണ്ടാം വരവ് ഇന്ത്യയ്ക്കുണ്ടാക്കുന്നത് ബഹുതല പ്രതിസന്ധിയാണ്. ഏറ്റവും പ്രധാനം അതിർത്തിയിലെ പ്രതിസന്ധി തന്നെ. താലിബാന് വേണ്ടി തൊക്കെടുത്തവർക്ക് അറിയാവുന്ന ഏക തൊഴിൽ യുദ്ധം ചെയ്യുക എന്നതാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അവർ അമേരിക്കൻ സൈനികരോട് യുദ്ധം ചെയ്യുകയായിരുന്നു. ആ യുദ്ധം അവസാനിച്ചു. ഇനി അവർക്ക് ചെയ്യാൻ പ്രത്യേകിച്ചൊന്നുമില്ല. ഓപ്പിയം വിളയിക്കുക. വിളവെടുത്ത ലഹരി വിറ്റ് കാശുണ്ടാക്കുക. പക്ഷെ യുദ്ധം രക്തത്തിലലിഞ്ഞവർ അത് കൊണ്ട് മാത്രം തൃപ്തിപ്പെടില്ല. അവർ പഴയ തൊഴിൽ തന്നെ ചെയ്യും. ആ യുദ്ധകൊതിയൻമാരെ ആരു പ്രയോജനപ്പെടുത്തും എന്നതാണ് വരും ദിവസങ്ങളിൽ കാണാൻ പോകുന്നത്. അവരെ മുന്നിൽ നിർത്താൻ, അവർക്ക് പിന്തുണ നൽകാൻ പാകിസ്താൻ തീരുമാനിച്ചാൽ ഇന്ത്യൻ അതിർത്തികൾ വീണ്ടും അശാന്തമാകും.

നുഴഞ്ഞ് കയറുമോ താലിബാൻ

തൊഴിൽ രഹിതരായ അഫ്ഗാൻ ഭീകരരെ ഇന്ത്യയ്ക്കെതിരെ ഒളിയുദ്ധത്തിന് ഇറക്കാൻ പാകിസ്താൻ തീരുമാനിച്ചാൽ ഹിമാലയത്തിൽ മഞ്ഞുരുകുമ്പോൾ കാർഗിലിന് സമാനമായ നുഴഞ്ഞു കയറ്റങ്ങളുണ്ടാകും. കാർഗിലിൽ സ്വന്തം പട്ടാള ഉദ്ദ്യോഗസ്ഥരെ നിയോഗിക്കേണ്ടി വന്നത് കൊണ്ടാണ് ലോകത്തിന് മുന്നിൽ പാകിസ്താന് പഴി കേൾക്കേണ്ടി വന്നത്.  ഇനി അത്തരം വിഡ്ഢിത്തങ്ങൾ ആവർത്തിക്കാതെ, ആക്രമണങ്ങൾക്ക് താലിബാൻ ഭീകരരെ പാകിസ്താന് പ്രയോജനപ്പെടത്താം. കൂലി വാങ്ങിയ അവർ യുദ്ധം ചെയ്യും. പാക് ഭരണകൂടത്തിന് ആരോടും മറുപടി പറയേണ്ട ആവശ്യവുമില്ല. സ്വന്തം അതിർത്തി സുരക്ഷിതമാക്കുകയല്ലാതെ മറ്റൊന്നും ഇന്ത്യയ്ക്ക് ചെയ്യാനുമാകില്ല. അതിർത്തിയിൽ താലിബാൻ ഭീകരർ നടത്തുന്ന ആക്രമണങ്ങൾക്ക് പാകിസ്താനെ കുറ്റപ്പെടുത്താമെങ്കിലും തെളിവില്ലാത്ത ആരോപണങ്ങളായി അവർ അത് തള്ളും.

നയതന്ത്ര പ്രതിസന്ധി 

അതിർത്തിയിലെ അസ്സ്ഥിരതയ്ക്കൊപ്പമോ അതിനെക്കാളുമോ പ്രതിസന്ധിയുണ്ടാകാൻ പോകുന്നത് നയതന്ത്രതലത്തിലാണ്. താലിബാനെ ഇന്ത്യ അംഗീകരിച്ചിട്ടില്ല. ഭീകരസംഘടനയുടെ പട്ടികയിലാണ് താലിബാൻ ഇപ്പോഴും. അങ്ങനെയുള്ള താലിബാന്‍ നയിക്കുന്ന സർക്കാർക്കാരിനെ ഇന്ത്യയ്ക്ക്  അംഗീകരിക്കാൻ കഴിയില്ല, മറിച്ച് അവർ തെളിയിക്കുന്നത് വരെ. കാണ്ഡഹാർ പോലുള്ള പ്രതിസന്ധിയുണ്ടായാൽ പോലും താലിബാൻ സർക്കാരുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കും തൽക്കാലം ഇന്ത്യയ്ക്കാകില്ല. എന്നാൽ അയൽപക്കത്തെ ഈ അധികാരമാറ്റം കണ്ടില്ലെന്ന് നടിക്കാനുമാകില്ല. അഫ്ഗാനിസ്ഥാനിൽ  ജനാധിപത്യം പുനസ്ഥാപിക്കാൻ സൈന്യവുമായി ഇറങ്ങിതിരിച്ച അമേരിക്കയുടെ വഴി ഇന്ത്യയ്ക്ക്  സ്വീകരിക്കാനുമാകില്ല. താലിബാൻ ഭരണകൂടത്തെ ഇന്ത്യ അംഗീകരിച്ചാലും ഇല്ലെങ്കിലും പാകിസ്താനും മറ്റ് അയൽ രാജ്യങ്ങളും അംഗീകരിക്കും. അത് പ്രദേശത്ത് ഇന്ത്യയെ ഒറ്റപ്പെടുത്തും. ദക്ഷിണേഷ്യയിലെ മറ്റു രാജ്യങ്ങളെ ഇന്ത്യ കൂടെ കൂട്ടിയാലും അഫ്ഗാൻ- പാക് കൂട്ട്കെട്ടിന് അത് പകരമാകുകയുമില്ല.

ഒരു മുഴം നീട്ടി എറിഞ്ഞ് ചൈന  

അഫ്ഗാനും പാകിസ്താനും കൈകോർത്താൽ മറ്റു ഏഷ്യൻരാജ്യങ്ങൾ ഇന്ത്യയ്ക്കൊപ്പം നിൽക്കാൻ ഒരു സാധ്യതയുമില്ല. അത് ഇന്ത്യയോട് അവർക്ക് അടുപ്പമില്ലാത്തത് കൊണ്ടോ ഇന്ത്യയുടെ സാഹായം ആവശ്യമില്ലാത്തത് കൊണ്ടോ അല്ല. ചൈനയെന്ന ഏഷ്യൻ കൊമ്പൻ തന്നെ കാരണം. ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ നയതന്ത്രത്തെ നിയന്ത്രിക്കുന്നത് ഇപ്പോൾ ചൈനയാണ്. ഇന്ത്യക്കൊപ്പമായിരുന്ന ശ്രീലങ്കയും മാലദ്വീപുമൊക്കെ ഇന്ന് ചൈനയുടെ സൗഹൃദം ആസ്വദിക്കുന്നവരായി മാറിയത് മറക്കരുത്.

Also Read- ഇനി 'ഇസ്ലാമിക് എമിറേറ്റ്‍സ് ഓഫ് അഫ്‍ഗാനിസ്ഥാന്‍'; പേരുമാറ്റി താലിബാൻ

വൻനിക്ഷേപം നടത്തിയും നിർമ്മാണ സഹായവും നൽകിയുമാണ്  ചൈന ഈ രാജ്യങ്ങളെ ഒപ്പം കൂട്ടിയിരിക്കുന്നത്. സൈനിക സഹായം വരെ ഇന്ത്യ നൽകിയിരുന്ന ഈ രാജ്യങ്ങൾക്ക് ഇന്ന് ഇന്ത്യ അയൽരാജ്യം മാത്രം. അവരുടെ ആവശ്യങ്ങൾക്ക് അവർ ആശ്രയിക്കുന്നത് ചൈനയേയും. ചൈനയുടെ ഈ നയതന്ത്രം അഫ്ഗാനിലും പ്രകടമാണ്. താലിബാൻ ഭരണകൂടത്തെ അംഗീകരിച്ച ആദ്യ ആണവശക്തികളിൽ ഒന്നായി മാറിയിരിക്കുകയാണ് ചൈന. താലിബാനുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പരസ്യമായി ചൈന പ്രഖ്യാപിച്ചു കഴിഞ്ഞു. അമേരിക്ക അഫ്ഗാൻ വിടുമെന്ന് വ്യക്തമായിതിന് പിന്നാലെ മാസങ്ങൾക്ക് മുമ്പ് തന്നെ ചൈന താലിബാൻ നേതൃത്വവുമായി ചർച്ച തുടങ്ങുകയും ചെയ്തിരുന്നു. ചൈനയുടെ ഈ നയതന്ത്രവും നമ്മുടെ  അതിർത്തി പ്രതിസന്ധിയുടെ ആഴം കൂട്ടും.

ചൈന - പാക്- താലിബാൻ അച്ചുതണ്ട്

അമേരിക്ക തോറ്റ് പിൻമാറിയത് മാത്രമല്ല  ചൈന, താലിബാനെ അംഗീകരിക്കാൻ കാരണം. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരത ചൈനയുടെ ഇന്ത്യ, പാകിസ്താൻ തൽപര്യങ്ങൾക്ക് ഏറെ പ്രധാനമാണ്. ഇന്ത്യയെ വരുതിയിലാക്കാൻ ലോകവേദികളിൽ പാകിസ്താന് പരസ്യ പിന്തുണ നൽകുന്ന ചൈനയ്ക്ക്  അഫ്ഗാനിസ്ഥാനിലെ ഈ രാഷ്ട്രീയ പ്രതിസന്ധി തുറുപ്പ് ചീട്ടാണ്.  താലിബാൻ ഭരണകൂടത്തെ ചൈന ഒപ്പം നിറുത്തുന്നത് ഇന്ത്യയെ  തളച്ചിടാമെന്ന കണക്ക് കൂട്ടലിൽ തന്നെയാണ്. ചൈന അഫ്ഗാനിൽ താവളമുറപ്പിച്ചാൽ അത് ഇന്ത്യയ്ക്കുണ്ടാക്കുന്ന സുരക്ഷ ഭീഷണി ചെറുതല്ല. ചൈനയുമായി അതിർത്തി പങ്കിടുന്ന ഗാൽവാൻ താഴ്വരയിലടക്കം പല പ്രദേശത്തും ഇരു സൈന്യവും നേർക്കുനേർ മുട്ടി നിന്നത്  മറക്കാറായിട്ടില്ല.

Also Read- Afghanistan Taliban | ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ വ്യോമസേന വിമാനം കാബൂളിൽ; കുടുങ്ങി കിടക്കുന്നത് അഞ്ഞൂറോളം പേർ

പാകിസ്താൻ ഇപ്പോൾ തന്നെ ചൈനീസ് പക്ഷത്താണ്. അഫ്ഗാനും താലിബാനും ചൈനയ്ക്കൊപ്പം എത്തുന്നതോടെ വികസനവും വിഘടനവാദവും ഒരേ അച്ചുതണ്ടിലെത്തും. ചൈനയെ നല്ല സുഹൃത്തായി കൂടെ കൂട്ടണോ,  ശത്രുവായി അകറ്റി നിറുത്തണോയെന്ന കാര്യത്തിൽ ഇന്ത്യയ്ക്ക്  രണ്ടാമതൊന്നു കൂടി ആലോചിക്കേണ്ടി വരും. അഫ്ഗാനിസ്ഥാനെ ശത്രുപാളയത്തിലേക്ക് തള്ളി വിടാതിരിക്കണമെങ്കിൽ ഒരു പോംവഴിയേയുള്ളു ഇന്ത്യയ്ക്ക് മുന്നിൽ.  താലിബാൻ ഭരണകൂടവുമായുള്ള  നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുക.  അവർക്ക് വിശ്വാസമുണ്ടാകന്ന തരത്തിൽ ആ ബന്ധം വളർത്തിയെടുക്കുക. ഇന്നത്തെ സാഹചര്യത്തിൽ അത് അസാധ്യം. ഇതുകൊണ്ടാണ് നയതന്ത്ര വെല്ലുവിളി എളുപ്പത്തിൽ മറികടക്കാൻ കഴിയാത്ത കടമ്പയാണെന്ന് വിലയിരുത്തപ്പെടുന്നതും.

പാകിസ്താനുമുണ്ട് പ്രതിസന്ധി

താലിബാൻ അഫ്ഗാൻ പിടിക്കുന്നത് ഇന്ത്യയ്ക്ക് മാത്രമല്ല പ്രതിസന്ധിയുണ്ടാക്കുന്നത്. ഇന്ത്യക്കെതിരെ ഭീകരവാദം വളർത്താൻ താലിബാൻ ഭീകരരെ പ്രയോജനപ്പെടുത്താമെങ്കിലും ഈ വളർച്ച  പാകിസ്താനും പ്രതിസന്ധി തന്നെയാണ്. താലിബാൻ അഫ്ഗനിൽ നടപ്പിലാക്കുന്ന എല്ലാ ശരിയത്ത് നയങ്ങളും പാകിസ്താനും ഏറ്റുപിടിക്കേണ്ടി വരും. പാകിസ്താനിലെ മതതീവ്രവാദികൾക്ക് താലിബന്റെ വരവ് നൽകുന്ന ഉശിരും ഊർജ്ജവും അത്ര അധികമാണ്. അവരുടെ ആവശ്യങ്ങളെ ചെറുത്ത് മുന്നോട്ട് പോകാൻ  ഇമ്രാൻഖാനെന്നല്ല ഒരു പാക് നേതാവിനും കഴിയില്ല. താലിബാന് കീഴിൽ മതതീവ്രവാദികൾ അഫ്ഗാനിസ്താനെ  എത്ര പിന്നോട്ട് നടത്തിയാലും ഒപ്പം നടക്കാൻ നിർബന്ധിതരാകും പാകിസ്താനും. ആ തിരിച്ചറിവ്  പകർന്ന് നൽകുന്ന കരുതൽ പാകിസ്താനും  പുലർത്തുമെന്ന് പ്രതീക്ഷിക്കാം.
Published by:Anuraj GR
First published: