US Elections 2020 | അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അതീവ നിർണായകമായിരുന്ന സംസ്ഥാനങ്ങളിൽ വിജയം കൈവരിച്ച് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബിഡൻ. നേരത്തെ ട്രംപ് മുന്നിട്ടുനിന്ന വിസ്കോൻസിനിലും മിഷിഗണിലുമാണ് അന്തിമ ഫലം വന്നപ്പോൾ ബിഡൻ സ്വന്തമാക്കിയത്. ഇതോടെ ബിഡന് 264 ഇലക്ട്രൽ വോട്ടുകൾ ലഭിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടാൻ ആകെ 270 ഇലക്ട്രൽ വോട്ടുകളാണ് വേണ്ടത്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ പ്രസിഡന്‍റുമായ ഡൊണാൾഡ് ട്രംപിന് 214 ഇലക്ട്രൽ വോട്ടുകളാണ് ലഭിച്ചിട്ടുണ്ട്.
അതേസമയം ഫോട്ടോ ഫിനിഷിലേക്കാണ് വോട്ടെണ്ണൽ പോകുന്നതെന്ന സവിശേഷതയുമുണ്ട്. നിലവിൽ ലീഡ് ചെയ്യുന്ന നെവാദയിലെ വിജയത്തോടെ ബിഡന് പ്രസിഡന്‍റാകാനുള്ള 270 ഇലക്ട്രൽ വോട്ടുകൾ ലഭിക്കും. എന്നാൽ ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവിൽ 75 ശതമാനം വോട്ടെണ്ണി കഴിഞ്ഞപ്പോൾ ബിഡന് 49.3 ശതമാനവും ട്രംപിന് 48.7 ശതമാനവും വോട്ടുകൾ ലഭിച്ചു. അതിനിടെ നെവാദയിലെ വോട്ടെണ്ണൽ ഒരു ദിവസത്തേക്കു നിർത്തിവെക്കുമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. എല്ലാ ബാലറ്റും എത്താത്തതിനാലാണിത്.
അതേസമയം ജോർജിയയിലെ ഫലമാണ് തെരഞ്ഞെടുപ്പ് വിജയത്തിൽ നിർണായകമാകുകയെന്ന വിലയിരുത്തലുമുണ്ട്. 16 ഇലക്ട്രൽ വോട്ടുകളുള്ള ജോർജിയയിൽ നിലവിൽ നേരിയ മുൻതൂക്കം ട്രംപിനുണ്ട്. അവിടെ 98 ശതമാനം വോട്ടെണ്ണി കഴിഞ്ഞപ്പോൾ, ട്രംപിന് 49.8 ശതമാനം വോട്ട് ലഭിച്ചു. ബിഡന് 49 ശതമാനം വോട്ടാണ് ലഭിച്ചത്. അതേസമയം ജോർജിയയിലെയും മിഷിഗണിലെയും വോട്ടെണ്ണൽ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് സുപ്രീം കോടതിയെ സമീപിച്ചു. നിലവിൽ വോട്ടെണ്ണൽ പുരോഗമിക്കുന്ന നോർത്ത് കരോലിന, പെൻസിൽവാനിയ എന്നിവിടങ്ങളിൽ ട്രംപിന് വ്യക്തമായ ലീഡ് ഉണ്ട്.
അതിനിടെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ അന്തിമ വിജയം തനിക്കൊപ്പമായിരിക്കുമെന്ന പ്രസ്താവനയുമായി ജോ ബിഡൻ രംഗത്തെത്തി. സ്വദേശമായ വിൽമിങ്ടണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വോട്ടും എണ്ണേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ വാർത്താസമ്മേളനം നടത്തിയ ട്രംപ് വിജയം അവകാശപ്പെട്ടിരുന്നു. എന്നാൽ ഫലത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും, അതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതായുമാണ് ട്രംപ് ക്യാംപ് ഇപ്പോൾ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.