52 സിനിമകളിൽ അഭിനയിച്ച പ്രമുഖ നടി.. നെഞ്ചിൽ 17 തവണ കുത്തേറ്റ് മരണം: മൃതദേഹം ഏറ്റെടുക്കാൻ ആളില്ല; സിനിമയെ വെല്ലുന്ന കൊലപാതക കഥ
- Published by:Sarika N
- news18-malayalam
Last Updated:
അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലും ഗ്ലാമറസ് വേഷങ്ങളിലും ഒരേപോലെ ശ്രദ്ധനേടിയ നടി 5 വർഷം കൊണ്ട് 52 സിനിമകളിൽ അഭിനയിച്ചു
1980 കളിൽ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മാറിയ നടിയാണ് റാണി പത്മിനി (Rani Padmini) . 1962 ൽ ചെന്നൈയിലെ അണ്ണാനഗറിൽ വിശ്വനാഥ ചൗധരിയുടെയും ഇന്ദിര കുമാരിയുടെയും മകളായാണ് റാണി പത്മിനിയുടെ ജനനം. നടിയുടെ അമ്മ ഇന്ദിര കുമാരി ആ സമയത്തെ പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റുകളിൽ ഒരാളാണ്. മലയാളം ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ അവർ തന്റെ ശബ്‌ദം നൽകിയിട്ടുണ്ട്. പ്രശസ്ത നർത്തകി പത്മിനിയെ പോലെ തന്റെ മകളും ഒരു മികച്ച അഭിനേത്രി ആകണമെന്ന മോഹത്തോടെയാണ് ഇന്ദിര മകൾക്ക് പത്മിനിഎന്ന് പേരിട്ടത് .തന്റെ 5 വയസ്സുമുതൽ റാണി പത്മിനി നൃത്തത്തിൽ മികവ് പുലർത്തിയിരുന്നു.
advertisement
advertisement
ജോൺപോളിന്റെ തിരക്കഥയിൽ എ രഘുനാഥ് നിർമ്മിച്ചു മോഹൻ സംവിധാനം ചെയ്ത 'കഥയറിയാതെ'യാണ് റാണി പത്മിനിയുടെ ആദ്യ ചലച്ചിത്രം. അക്കാലത്ത് അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലും ഗ്ലാമറസ് വേഷങ്ങളിലും ഒരേപോലെ അവർ ശ്രദ്ധനേടി. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മുൻനിര നടന്മാരോടൊപ്പം അഭിനയിച്ച പത്മിനി, തമിഴിൽ കാർത്തി, മൈക്ക് മോഹൻ, രാജ്കുമാർ സേതുപതി എന്നിവരോടൊപ്പവും വേഷമിട്ടിട്ടുണ്ട്. അക്കാലത്ത് പത്മിനി എന്ന പേരിൽ നിരവധി നടിമാർ ഉണ്ടായിരുന്നതിനാൽ, പി.ജി. വിശ്വംബരൻ തന്റെ പേര് റാണി പത്മിനി എന്ന് മാറ്റി. സിനിമയിൽ പേരെടുക്കാൻ നടിക്ക് അധികസമയം വേണ്ടി വന്നില്ല. അതിനാൽ തന്നെ നടിയുടെ താരമൂല്യം ദിനം പ്രതി ഉയർന്നുകൊണ്ടിരുന്നു. താരം 5 വർഷത്തിനുള്ളിൽ 52 സിനിമകളിൽ അഭിനയിച്ചു. ഈ കാലയളവിൽ റാണി പത്മിനി അമ്മയോടൊപ്പം അണ്ണാനഗറിലെ 6 മുറികളുള്ള ഒരു ബംഗ്ലാവിൽ ആണ് താമസിച്ചുകൊണ്ടിരുന്നത്.
advertisement
ആ സമയത്താണ് തന്റെ വീട്ടിൽ ജോലിക്കായി താരം ആളുകളെ തിരയാൻ തുടങ്ങിയത്. അവർ ഡ്രൈവർ, പാചകക്കാരൻ, വാച്ച്മാൻ എന്നീ ഒഴിവുകളിൽ ജോലിക്കാരെ ആവശ്യമുണ്ടെന്ന് കാണിച്ച് പത്രത്തിൽ പരസ്യം നൽകി. ഈ പരസ്യം കണ്ട ജേക്കബ് ജെബരാജ് ഡ്രൈവറായി ജോലിയിൽ ചേർന്നു. അതിനുശേഷം, ഗണേശൻ പാചകക്കാരനായും, ലക്ഷ്മി നാരായണൻ വാച്ച്മാനായി ജോലിയിൽ പ്രവേശിച്ചു. സിനിമയിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം പണമായി വീട്ടിൽ സൂക്ഷിക്കുകയായിരുന്നു താരത്തിന്റെ പതിവ്. കൂടാതെ സ്വർണമായും മറ്റ് വസ്തുക്കൾ വാങ്ങിയും ഇവർ സമ്പാദ്യം വളർത്തികൊണ്ടിരുന്നു. ആ സമയത്താണ് നടി ഒരു ബംഗ്ലാവ് വാങ്ങാൻ തീരുമാനിക്കുന്നത്. ഇതിനായി 15 ലക്ഷം രൂപ പണമായി സൂക്ഷിക്കുകയും ചെയ്തു.
advertisement
1986-ൽ ഷൂട്ടിംഗിന് ശേഷം റാണി പത്മിനി തന്റെ കാറിന്റെ മുൻ സീറ്റിൽ ഗ്ലാമറസ് വസ്ത്രത്തിൽ ഇരിക്കുകയായിരുന്നു. വാഹനമോടിക്കുന്നതിനിടയിൽ ഡ്രൈവർ ജേക്കബ് ജെബരാജ് റാണി പത്മിനിയുടെ ശരീരത്തിലേക്ക് അനുചിതമായി നോക്കുന്നത് കണ്ട ഇന്ദിരാകുമാരി അയാളുടെ കവിളിൽ അടിക്കുകയും അയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഇതിൽ കുപിതനായ ജേക്കബ് വാച്ച്മാനെയും പാചകക്കാരനെയും വിളിച്ച് പറഞ്ഞു, "അവർ നിങ്ങളെയും എപ്പോൾ വേണമെങ്കിലും പറഞ്ഞുവിടും. അതിനുമുമ്പ്, നമുക്ക് വീട്ടിലുള്ളതെല്ലാം കൊള്ളയടിക്കണം." ജേക്കബിന്റെ നിർദ്ദേശപ്രകരം മൂവരും ഉചിതമായ ദിവസത്തിനായി കാത്തിരുന്നു. കൂടാതെ കത്തികളും വാങ്ങി സൂക്ഷിച്ചു.
advertisement
നടിയുടെയും 'അമ്മ ഇന്ദിരാകുമാരിയുടെയും ദിനചര്യകൾ അറിയാമായിരുന്ന ജേക്കബിന് അവർ എപ്പോൾ വിശ്രമിക്കുമെന്നും പണം എവിടെയാണ് സൂക്ഷിക്കുന്നതെന്നും അറിയാമായിരുന്നു. പദ്ധതിപ്രകാരം അവർ പണം എടുക്കാൻ ശ്രമിച്ചപ്പോൾ ഇന്ദിരാകുമാരി ഇവരെ കണ്ടു. ഇതിൽ ഞെട്ടിപ്പോയ ജേക്കബ് ജെബരാജ് ഒളിപ്പിച്ചുവെച്ച കത്തി പുറത്തെടുത്ത് ഇന്ദിരാകുമാരിയെ കുത്തി, തുടർന്ന് ഇന്ദിരാകുമാരി ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് താഴെ വീണു. ആ സമയത്ത് അമ്മയുടെ നിലവിളി കേട്ട്, ഓടിയെത്തിയ നടി റാണി പത്മിനിയെയും ജേക്കബ് ജെബരാജ് കത്തികൊണ്ട് കുത്തി. റാണി പത്മിനിയുടെ നെഞ്ചിൽ മാത്രം 17 തവണ കുത്തേറ്റു.
advertisement
ഇന്ദിരകുമാരി മരിക്കുന്നതിന് മുൻപ് തന്നെ അവരുടെ മുന്നിൽ വച്ച് റാണി പത്മിനിയെ മൂവരും ചേർന്ന് ബലാത്സംഗം ചെയ്തുവെന്നും പറയപ്പെടുന്നു. കൊലപതകശേഷം മൃതദേഹങ്ങൾ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. തുടർന്ന് നാല് ദിവസം ഇരുവരുടെയും ശരീരങ്ങൾ ടോയ്‌ലറ്റിൽ തന്നെ കിടന്നു. തുടർന്ന് നാലാം നാൾ വീട് വാങ്ങുന്നതിനെക്കുറിച്ചുള്ള വിവരവുമായി പ്രസാദ് റാണി പത്മിനിയുടെ വീട്ടിലെത്തിയപ്പോൾ ഇരുവരെയും കാണാൻ സാധിച്ചിരുന്നില്ല. എന്നാൽ വീടിന്റെ ഉള്ളിൽ നിന്നും ദുർഗന്ധം വമിച്ചതിനാൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുന്നത്. ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊലപാതകം നടന്ന് നാല് ദിവസത്തിലേറെയായതിനാൽ പോലീസ് എത്തുമ്പോൾ മൃതദേഹങ്ങൾ പൂർണ്ണമായും അഴുകിയ നിലയിലായിരുന്നു.
advertisement
പോലീസിന്റെ അന്വേഷണത്തിൽ വീട്ടിലെ ജോലിക്കാർ തന്നെയാണ് കൊലപതാകം നടത്തിയതെന്ന് തെളിഞ്ഞു. തുടർന്ന് ജേക്കബ് ജെബരാജ്, ലക്ഷ്മി നാരായണൻ, ഗണേശൻ എന്നിവരെ പോലീസ് പലസ്ഥലങ്ങളിലും തിരഞ്ഞു. എന്നാൽ ഇന്ദിരാകുമാരിയുടെയും റാണി പത്മിനിയുടെയും മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ആരും എത്തിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. അവർക്ക് അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. റാണി പത്മിനി കേരളത്തിൽ നിന്നുള്ളയാളായതിനാലും മലയാള സിനിമകളിൽ അഭിനയിച്ചിരുന്നതിനാലും, കേരള ചലച്ചിത്ര അക്കാദമി നേതാക്കൾ മുന്നോട്ടുവന്ന് ഇരുവരുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങി സംസ്കരിച്ചു. ഇരുവരുടെയും സംസ്കാര ചടങ്ങിൽ പ്രമുഖ നടൻമാർ ആരും പങ്കെടുത്തിരുന്നില്ല എന്നതും അന്ന് വാർത്തകളിൽ ഇടം നേടിയിരുന്നു.
advertisement
റാണി പത്മിനിയുടെ ഡ്രൈവർ ആയിരുന്ന ജേക്കബ് ജെബരാജിനെയാണ് പോലീസ് ആദ്യം പിടികൂടിയത്. അതിനുശേഷം ലക്ഷ്മി നാരായണൻ പിടിയിലായി. എന്നാൽ ഗണേശനെ പിടികൂടാൻ ഒരു വർഷത്തിലേറെ സമയമെടുത്തു. തുടക്കത്തിൽ, മൂവരും കൊലപാതകക്കുറ്റം നിഷേധിച്ചു എങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. കേസിൽ കോടതി മൂവർക്കും വധശിക്ഷ വിധിച്ചു. പ്രതികൾ വിധിക്കെതിരെ അപ്പീൽ നൽകി. തുടർന്നുള്ള അന്വേഷണത്തിൽ ജെബരാജ് മാത്രമാണ് കൊലപാതകം നടത്തിയതെന്ന് കോടതി കണ്ടെത്തി, മറ്റ് രണ്ടുപേരും കൊലപാതകത്തിൽ പങ്കാളികളായതിനാൽ, ജെബരാജിന് ജീവപര്യന്തം തടവും മറ്റ് രണ്ടുപേരെ വിട്ടയക്കാനും കോടതി ഉത്തരവിട്ടു. ഇതിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി.
advertisement