ശ്രീദേവിയുടെ നായകന് 5 വർഷത്തിനിടെ തുടർച്ചയായി 33 പരാജയം; 3 ദേശീയ പുരസ്‌കാരവും ദാദാസാഹേബ് ഫാൽക്കെയും നേടിയ നടൻ!
- Published by:Sarika N
- news18-malayalam
Last Updated:
വിവാഹം കഴിഞ്ഞ് നാലാം മാസം ബന്ധം വേർപിരിഞ്ഞ പ്രമുഖ നടൻ
ബോളിവുഡിന്റെ 'ഡിസ്‌കോ ഡാൻസർ' ആയ മിഥുൻ ചക്രവർത്തിയുടെ ജീവിതം സിനിമയെ വെല്ലുന്ന ത്രസിപ്പിക്കുന്ന കഥയാണ്. കരിയറിന്റെ തുടക്കത്തിൽ നേരിട്ട കടുത്ത തിരിച്ചടികളെല്ലാം മറികടന്ന് ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് വരെ സ്വന്തമാക്കിയ ഈ ഇതിഹാസ നടന്റെ യാത്ര ഏതൊരാൾക്കും പ്രചോദനമാവുന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം, കരിയറിലെ ഒരു ഘട്ടത്തിൽ അഞ്ചു വർഷത്തിനിടെ തുടർച്ചയായി 33 സിനിമകളാണ് മിഥുൻ ചക്രവർത്തിക്ക് ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടത്. ഒരു നടന്റെ സിനിമാജീവിതം തന്നെ അവസാനിപ്പിക്കാൻ പോന്ന ഈ കടുത്ത പ്രതിസന്ധിയിലും അദ്ദേഹം തളർന്നില്ല.
advertisement
പരാജയങ്ങളെല്ലാം പുതിയ പാഠമായി ഉൾക്കൊണ്ട് മുന്നോട്ട് പോയ മിഥുൻ, പിന്നീട് ബോളിവുഡിലെ എക്കാലത്തെയും വലിയ സൂപ്പർ താരമായി വളർന്നു. അഭിനയ മികവിനുള്ള അംഗീകാരമായി മൂന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 1976-ൽ പുറത്തിറങ്ങിയ മൃണാൾ സെൻ ചിത്രം 'മൃഗയ' (Mrigayaa) ആയിരുന്നു ആദ്യ സിനിമ.ഈ കന്നി ചിത്രത്തിലെ പ്രകടനത്തിന് തന്നെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹം സ്വന്തമാക്കി റെക്കോർഡിട്ടു. കൂടാതെ, 1992-ൽ 'തഹാദർ കഥ' (Tahader Katha), 1998-ൽ 'സ്വാമി വിവേകാനന്ദ' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും അദ്ദേഹം ദേശീയ പുരസ്‌കാരങ്ങൾ നേടി.
advertisement
ദേശീയ പുരസ്‌കാരങ്ങളുടെ തിളക്കത്തിന് പിന്നാലെ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരവും ഈ അതുല്യ നടനെ തേടിയെത്തി. തുടർച്ചയായ പരാജയങ്ങൾക്കിടയിലും തളരാതെ തന്റെ പ്രതിഭകൊണ്ട് ഈ മഹത്തായ ബഹുമതികൾ സ്വന്തമാക്കിയ മിഥുൻ ചക്രവർത്തിയുടെ ജീവിതം. ബോളിവുഡിലെ യുവതലമുറയ്ക്ക് ഇന്നും ഒരു വലിയ പാഠപുസ്തകമാണ്.
advertisement
ബോളിവുഡിലെ 'ഡിസ്‌കോ ഡാൻസർ' എന്നറിയപ്പെടുന്ന നടൻ മിഥുൻ ചക്രവർത്തിയുടെ സിനിമാജീവിതം പോലെ തന്നെ ശ്രദ്ധേയമാണ് അദ്ദേഹത്തിന്റെ വ്യക്തിജീവിതവും. 1979-ൽ നടി ഹെലീന ലൂക്കുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിവാഹം. എന്നാൽ ആ ബന്ധം നാല് മാസത്തെ ദാമ്പത്യത്തിനുശേഷം വേർപിരിയലിൽ കലാശിച്ചു. അതേ വർഷം തന്നെ 1979-ൽ മിഥുൻ ചക്രവർത്തി നടി യോഗിത ബാലിയെ വിവാഹം കഴിച്ചു.
advertisement
ഈ ദാമ്പത്യത്തിൽ അവർക്ക് നാല് മക്കളുണ്ട്. മിമോഹ് ചക്രവർത്തി, ഉഷ്മെയ് ചക്രവർത്തി, നമാഷി ചക്രവർത്തി എന്നിവരും ദിഷാനി ചക്രവർത്തി എന്ന ദത്തുപുത്രിയും. 1980-കളിൽ, 'ജാഗ് ഉത്ത ഇൻസാൻ' എന്ന സിനിമയുടെ സെറ്റിൽ വെച്ച് കണ്ടുമുട്ടിയ നടി ശ്രീദേവിയുമായി മിഥുൻ ചക്രവർത്തിക്ക് പ്രണയബന്ധമുണ്ടായിരുന്നു. ഇരുവരും വിവാഹിതരായി എന്ന തരത്തിൽ കിംവദന്തികൾ പ്രചരിച്ചെങ്കിലും ഭാര്യ യോഗിത ബാലിയെ ഉപേക്ഷിക്കാൻ അദ്ദേഹം വിസമ്മതിച്ചതോടെ ശ്രീദേവി ഈ പ്രണയത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
advertisement


