കൊതി സഹിക്കാൻ വയ്യാതായപ്പോഴാണ് ടേക്ക് എവേ ഹോട്ടലിൽ നിന്ന് ഒരു കബാബ് ഓർഡർ ചെയ്തത്. പിന്നെ ഡെലിവറിക്ക് കബാബുമായി എത്തുന്ന ആളെ നോക്കി ഇരിപ്പാണ്. എന്നാൽ, വീടിന് മുമ്പിലേക്ക് എത്തിയത് ഒരു പൊലീസ് വണ്ടി. വണ്ടിയിൽ നിന്ന് കബാബുമായി ഇറങ്ങി ചെന്ന് അത് കൈമാറുകയും ചെയ്തു. ലണ്ടനിലെ ബെർക് ഷൈറിലാണ് സംഭവം. പ്രദേശത്തുള്ള ലോക്കൽ കബാബ് ഷോപ്പിൽ നിന്നാണ് ടേക്ക് എവേയായി ഉപഭോക്താവ് കബാബ് ഓർഡർ ചെയ്തത്. എന്നാൽ കബാബ് എത്തിച്ചു കൊടുക്കേണ്ട ഡ്രൈവറെ ഇതിനിടയിൽ പൊലീസ് അറസ്റ്റ് ചെയ്തതോടെ പൊലീസ് തന്നെ ഉപഭോക്താവിന് നേരിട്ട് കബാബ് എത്തിക്കുകയായിരുന്നു.
ലൈസൻസോ ഇൻഷുറൻസോ ഇല്ലാതെ ആയിരുന്നു ഡെലിവറി ഡ്രൈവർ വാഹനം ഓടിച്ചിരുന്നത്. ഇത് കണ്ടെത്തിയ പൊലീസ് ബെർക് ഷൈറിലെ വൂഡ് ലിയിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ വാഹനം പൊലീസ് നിർത്തിയതിനു ശേഷം നടത്തിയ പരിശോധനയിൽ ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധന നടത്തി. ഇതിനെ തുടർന്ന് റോഡരികിൽ വച്ച് അപ്പോൾ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പട്രോളിങ്ങിനിടെ തെംസ് വാലി പൊലീസ് റോഡ്സ് പോലീസിംഗ് ടീം ശാന്തമായ റെസിഡൻഷ്യൽ ഏരിയയുടെ സമീപത്ത് നിർത്തുകയായിരുന്നു. എന്നാൽ, ഇയാൾ തെറ്റായ വിശദാംശങ്ങൾ ആയിരുന്നു നൽകിയത്. അതൊരു പക്ഷേ ലൈസൻസോ ഇൻഷുറൻസോ ഇല്ലാതെ യാത്ര ചെയ്തതിനാലാകാം എന്ന് പൊലീസ് സംശയിച്ചു. ഇത് മാത്രമല്ല, ഇയാൾ ഓടിച്ചിരുന്ന കാറിന്റെ ഒരു ടയർ അപകടകരമാം വിധം പൊട്ടിയതുമായിരുന്നു. പിന്നീട് ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് മനസിലാക്കി. ഡ്രൈവർ തെറ്റായ വിശദാംശങ്ങൾ നൽകിയതിനാൽ ഉപഭോക്താവിന്റെ ശരിയായ വിലാസം കണ്ടെത്തി കബാബ് എത്തിക്കാൻ പൊലീസിന് കുറച്ചു സമയം അധികം വേണ്ടി വന്നു.