'വിവാഹമോചനം തീർത്തും വ്യക്തിപരം' ; മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി സാമന്തയും നാഗചൈതന്യയും
- Published by:Sarika N
- news18-malayalam
Last Updated:
സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തിന് കാരണം കെടിആർ ആണെന്നും നടിമാർ മയക്കുമരുന്നിന് അടിമകളാവുന്നതിന് കാരണവും കെടിആർ ആണെന്നുമായിരുന്നു സുരേഖയുടെ പരാമർശങ്ങൾ
തെലുങ്ക് താരങ്ങളായ സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തിന് കാരണം തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൻ കെ ടി രാമറാവുവാണെന്ന തെലങ്കാന മന്ത്രിയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി സാമന്തയും നാഗചൈതന്യയും. തെലങ്കാന പരിസ്ഥിതി, വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖയാണ് ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയത്. സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തിന് കാരണം കെടിആർ ആണെന്നും നടിമാർ മയക്കുമരുന്നിന് അടിമകളാവുന്നതിന് കാരണവും കെടിആർ ആണെന്നുമായിരുന്നു സുരേഖയുടെ പരാമർശങ്ങൾ.
advertisement
നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ-കൺവെൻഷൻ പൊളിച്ചുമാറ്റാതിരിക്കാൻ പകരമായി സാമന്തയെ തന്റെ അടുത്തേക്ക് അയയ്ക്കണമെന്ന് കെടിആർ ആവശ്യപ്പെട്ടെന്നും ഇത് സാമന്ത വിസമ്മതിച്ചതോടെയാണ് വിവാഹമോചിതരാവാൻ കാരണമായതെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.വ്യാപക പ്രതിഷേധങ്ങളാണ് സുരേഖയ്‌ക്കെതിരെ ഉയരുന്നത്. മന്ത്രിക്ക് മറുപടിയുമായി സാമന്തയും നാഗചൈതന്യയും രംഗത്ത് എത്തി. തന്റെ വിവാഹമോചനം വ്യക്തിപരമായ കാര്യമാണെന്നും ഊഹാപോഹങ്ങളിൽ മുഴുകി രാഷ്ട്രീയ പോരാട്ടങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്ന് സാമന്ത പറഞ്ഞു.
advertisement
'ഒരു സ്ത്രീയാകാൻ, പുറത്തിറങ്ങി ജോലിചെയ്യാൻ, സ്ത്രീകളെ പരിഗണിക്കാത്ത ഒരു ഗ്ലാമറസ് വ്യവസായത്തിൽ അതിജീവിക്കാൻ, പ്രണയത്തിലാകാനും പ്രണയത്തിൽ നിന്ന് പിന്തിരിയാനും, ഇപ്പോഴും എഴുന്നേറ്റു നിൽക്കാനും പോരാടാനും…. അതിന് വളരെയധികം ധൈര്യവും ശക്തിയും ആവശ്യമാണ്, ഈ യാത്ര എന്നെ മാറ്റിയതിൽ ഞാൻ അഭിമാനിക്കുന്നു, ദയവായി അതിനെ നിസ്സാരമാക്കരുത്, ഒരു മന്ത്രി എന്ന നിലയിൽ നിങ്ങളുടെ വാക്കുകൾക്ക് കാര്യമായ പ്രാധാന്യം ഉണ്ടെന്ന് നിങ്ങൾ മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വ്യക്തികളുടെ സ്വകാര്യതയോട് ഉത്തരവാദിത്തവും ബഹുമാനവും പുലർത്താൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. എന്റെ വിവാഹമോചനം വ്യക്തിപരമായ കാര്യമാണ്, അതിനെക്കുറിച്ച് ഊഹാപോഹങ്ങളിൽ നിന്ന് നിങ്ങൾ വിട്ടുനിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്റെ വിവാഹമോചനം പരസ്പര സമ്മതത്തോടെയും സൗഹാർദ്ദപരമായിരുന്നു, രാഷ്ട്രീയ ഗൂഢാലോചന ഉൾപ്പെട്ടിട്ടില്ല,' എന്നുമായിരുന്നു സാമന്തയുടെ മറുപടി.
advertisement
advertisement
മന്ത്രിയുടെ പരാമർശങ്ങൾ പരിഹാസ്യമാണെന്നും അംഗീകരിക്കാൻ സാധിക്കില്ലെന്നും നാഗചൈതന്യ . മാധ്യമങ്ങളുടെ തലക്കെട്ടുകൾക്കായി സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിത തീരുമാനങ്ങൾ മുതലെടുക്കുന്നതും ചൂഷണം ചെയ്യുന്നതും ലജ്ജാകരമാണെന്നും നാഗചൈതന്യ പറഞ്ഞു.തങ്ങളുടെ വ്യത്യസ്തമായ ജീവിത ലക്ഷ്യങ്ങൾ കാരണം, പക്വതയുള്ള രണ്ട് മുതിർന്നവർ ബഹുമാനത്തോടെയും അന്തസോടെയും മുന്നോട്ട് പോകാനുള്ള താൽപ്പര്യം കണക്കിലെടുത്ത് സമാധാനത്തോടെ എടുത്ത തീരുമാനമാണ് വിവാഹമോചനമെന്നും നാഗചൈതന്യ വ്യക്തമാക്കി.
advertisement
നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുനയും മന്ത്രിയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു. മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കണമെന്നും രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സിനിമാ താരങ്ങളുടെ ജീവിതം കൊണ്ട് എതിരാളികളെ വിമർശിക്കരുതെന്നും നാഗാർജുന പറഞ്ഞു. കുടുംബത്തിനെതിരായ പരാമർശങ്ങൾ ഉടൻ പിൻവലിക്കണമെന്നും നാഗാർജുന പറഞ്ഞിരുന്നു. അതേസമയം മന്ത്രി കൊണ്ട സുരേഖയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കെ ടി രാമറാവു. പരാമർശങ്ങൾ എത്രയും പെട്ടന്ന് പിൻവലിച്ച് മാപ്പുപറയണമെന്ന് കെടിആർ ആവശ്യപ്പെട്ടു.