COVID 19| തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്കൊപ്പം യാത്ര; അഞ്ച് ട്രെയിനുകളിലെ ആയിരക്കണക്കിന് യാത്രക്കാർ നിരീക്ഷണത്തിൽ
ഓരോ ട്രെയിനിലും 1000- 1200 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇവരിൽ ആരൊക്കെ അപകടത്തിലാണെന്നത് സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ല.
News18 Malayalam | April 1, 2020, 4:38 PM IST
1/ 7
ന്യൂഡൽഹി: ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്ലീഗി ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവർ സഞ്ചരിച്ച അഞ്ച് ട്രെയിനുകളിലെ ആയിരക്കണക്കിന് യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാൻ റെയിൽവേയുടെ ശ്രമം. സമ്മേളനത്തിൽ പങ്കെടുത്ത പലരുടെയും കോവിഡ് പരിശോധനാ ഫലം പോസിറ്റീവായ സാഹചര്യത്തിലാണ് നടപടി.
2/ 7
മാർച്ച് 13 നും 19നും ഇടയ്ക്ക് ഡൽഹിയിൽ നിന്ന് പുറപ്പെട്ട ട്രെയിനുകളിലാണ് മതസമ്മേളനത്തിൽ പങ്കെടുത്തവരും മടങ്ങിയത്. ആന്ധ്രാപ്രദേശ് ഗുണ്ടൂരിലേക്കുള്ള തുരന്തോ എക്സ്പ്രസ്, ചെന്നൈയിലേക്കുള്ള തമിഴ്നാട് എക്സ്പ്രസ്, ന്യൂഡൽഹി- റാഞ്ചി രാജധാനി എക്സ്പ്രസ്, സമ്പർക്ക് ക്രാന്തി എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് ഇവർ മടങ്ങിയത്.
3/ 7
മതസമ്മേളനത്തിൽ പങ്കെടുത്തവരുമായി സമ്പർക്കം പുലർത്തിയ യാത്രക്കാരുടെ കൃത്യമായ കണക്ക് റെയിൽവേയുടെ കൈയിലില്ല. ഓരോ ട്രെയിനിലും 1000- 1200 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇവരിൽ ആരൊക്കെ അപകടത്തിലാണെന്നത് സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ല.
4/ 7
റെയിൽവേ യാത്രക്കാരുടെ വിവരങ്ങൾ ജില്ലാ ഭരണകൂടങ്ങൾക്ക് നൽകുകയാണ്. ഇതിൽ നിന്നും സമ്മേളനത്തിൽ പങ്കെടുത്തവരെയും അവരുമായി സമ്പർക്കം പുലർത്തിയവരെയും കണ്ടെത്താനാണ് ശ്രമം. മാർച്ച് 13ന് സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ കരിംനഗറിലേക്ക് മടങ്ങിയ പത്ത് ഇന്തോനേഷ്യക്കാരുടെ പരിശോധനാഫലം പോസ്റ്റിറ്റീവാണ്.
5/ 7
ന്യൂഡൽഹി- റാഞ്ച് രാജധാനി എക്സ്പ്രസിൽ 60 യാത്രക്കാർക്കൊപ്പം ബി1 കോച്ചിൽ യാത്ര ചെയ്ത മലേഷ്യൻ സ്ത്രീക്കും കോവിഡ് പോസിറ്റീവാണ്. മാർച്ച് 16ന് 23 പേർക്കൊപ്പം യാത്ര ചെയ്ത സ്ത്രീക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജാർഖണ്ഡിൽ കൊറോണ സ്ഥിരീകരിക്കുന്ന ആദ്യ കേസാണിത്.
6/ 7
മാർച്ച്18ലെ തുരന്തോ എക്സ്പ്രസിന്റെ എസ്8 കോച്ചിൽ യാത്ര ചെയ്ത സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ രണ്ടുപേരുടെയും പരിശോധനാഫലം പോസിറ്റീവാണ്. മറ്റു രണ്ടുപേർ ഗ്രാന്റ് ട്രങ്ക് എക്സപ്രസിന്റെ എസ് 3 കോച്ചിൽ രണ്ട് കുട്ടികൾക്കൊപ്പം യാത്ര ചെയ്തവരാണ്. വേറൊരു ദമ്പതികൾ തമിഴ്നാട് എക്സ്പ്രസിലാണ് മടങ്ങിയത്.
7/ 7
റെയിൽവേക്കും ജില്ലാ ഭരണകൂടങ്ങൾക്കും ഇവരെ കണ്ടെത്തുന്നത് വലിയ കടമ്പയാണ്. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപായതിനാൽ ഇവരെല്ലാവരും സ്വതന്ത്രരായി സഞ്ചരിക്കുകയായിരുന്നു. ഹസ്രത്ത് നിസാമുദ്ദീനും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനും രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളാണ്.