കൊറോണ ബാധ സംശയത്തെ തുടർന്ന് വീട്ടിനുള്ളിൽ 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയുന്നവർക്കായി പുതിയ സ്മാർട്ട് ഫോൺ ആപ് പുറത്തിറക്കിയിരിക്കുകയാണ് പോളണ്ട്. ക്വാറന്റൈനിലുള്ളവർ വീട്ടിനുള്ളിൽ നിന്ന് സെൽഫി എടുത്ത് അധികൃതർക്ക് അയച്ചുകൊടുക്കണം. ക്വാറന്റൈനിൽ കഴിയുന്നവർക്ക് രണ്ട് വഴികളാണുള്ളത്. ഒന്നുകിൽ പൊലീസിന്റെ അപ്രതീക്ഷിത സന്ദർശനം പ്രതീക്ഷിക്കുക, അല്ലെങ്കിൽ പുതിയ ആപ് ഡൗൺലോഡ് ചെയ്യുക- ഡിജിറ്റൽ മന്ത്രാലയം വക്താവ് വ്യക്തമാക്കി.
ഹോം ക്വാറന്റൈൻ ആപ് രൂപകൽപന ചെയ്തിരിക്കുന്നത് വിദേശത്ത് നിന്നെത്തി 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ കഴിയേണ്ടിവരുന്നവർക്ക് വേണ്ടിയാണ്. സെൽഫിയിലൂടെ ലൊക്കേഷനും ആളിന്റെ മുഖവും തിരിച്ചറിയാൻ ആപ്പിലൂടെ സാധിക്കും. ഇതിലൂടെ ക്വാറന്റൈനിലുള്ളവർ വീട്ടിനുള്ളിൽ തന്നെ കഴിയുന്നുവെന്ന് അധികൃതർക്ക് ഉറപ്പ് വരുത്താൻ കഴിയും.
ആപ്പിലൂടെ ആദ്യം ഒരു സെൽഫി അയച്ചാണ് രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടത്. അതിനുശേഷം ഒരുദിവസം തന്നെ പലതവണ സെൽഫി അയക്കാൻ ആവശ്യപ്പെട്ട് സന്ദേശം എത്തും. സെൽഫി അയക്കാൻ സന്ദേശം ലഭിച്ച് 20 മിനിറ്റ് വരെ നോക്കും. അതിനിടയിൽ മറുപടിയില്ലെങ്കിൽ ഇക്കാര്യം പൊലീസിനെ അറിയിക്കും. പ്രതികരിച്ചില്ലെങ്കിൽ വലിയ തുക പിഴയായി പൊലീസ് ഈടാക്കും.
മറ്റ് യൂറോപ്യൻ രാജ്യങ്ങളെ പോലെ പോളണ്ടും കോവിഡ് വ്യാപനം തടയാൻ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈസ്റ്റർവരെ സ്കൂളുകൾ അടച്ചിടാനാണ് തീരുമാനം. അതിർത്തികൾ അടച്ചതിനൊപ്പം ജനങ്ങളോട് വീടുകളിലിരുന്ന ജോലി ചെയ്യാനാണ് നിർദേശം. 3.8 കോടി ജനസംഖ്യയാണ് പോളണ്ടിലുള്ളത്. ഇതിനോടകം 425 പേർക്കാണ് കോവിഡ് 19 രാജ്യത്ത് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചവരെ അഞ്ചുപേരാണ് മരിച്ചത്.