ഇൻഡോർ: ദുബായിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ അഞ്ച് പേർക്ക് കോവിഡ് (Covid 19) സ്ഥിരീകരിച്ചു. ഇതിൽ ഗർഭിണിയായ ഒരു യുവതിയും ഉൾപ്പെടും. ഇതേത്തുടർന്ന് ഇവരെ വിമാനത്തിൽ കയറാൻ അധികൃതർ അനുവദിച്ചില്ല. മധ്യപ്രദേശിലെ ഇൻഡോർ (Indore) വിമാനത്താവളത്തിലാണ് സംഭവം. 37കാരിയായ ഗർഭിണിയാണ് കോവിഡ് സ്ഥിരീകരിച്ച യാത്രക്കാരിൽ ഒരാൾ.
പ്രതിവാര ഇൻഡോർ-ദുബായ് വിമാനത്തിൽ കയറുന്ന ഓരോ യാത്രക്കാരനും വിമാനത്താവളത്തിൽ റാപ്പിഡ് ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. ബുധനാഴ്ച 76 യാത്രക്കാരെ പരിശോധിച്ചു, രണ്ട് സ്ത്രീകളുടെയും രണ്ട് പുരുഷന്മാരുടെയും 17 വയസ്സുള്ള ആൺകുട്ടിയുടെയും ഫലങ്ങൾ പോസിറ്റീവായി. രോഗം ബാധിച്ചവരിൽ നാല് പേർ വൈറൽ അണുബാധയ്‌ക്കെതിരെ വാക്‌സിനേഷൻ നൽകിയതായും അവർ പറഞ്ഞു.
“ഈ രോഗബാധിതരായ രണ്ട് യാത്രക്കാരും കൊറോണ വൈറസ് പ്രതിരോധത്തിനായി സിനോഫാമിന്റെയും ഫൈസറിന്റെയും വാക്‌സിനുകളുടെ രണ്ട് ഡോസ് വീതമെടുത്തിട്ടുണ്ട്. രണ്ട് പേർക്കും ആകെ നാല് ഡോസ് വാക്‌സിനുകൾ ലഭിച്ചു, അവർ പറഞ്ഞു. രോഗബാധിതരായ യാത്രക്കാരിൽ ഇൻഡോർ, ബർവാനി എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും ഭോപ്പാലിൽ നിന്നുള്ള മൂന്ന് പേരും ഉൾപ്പെടുന്നു, അഞ്ച് പേരും രോഗലക്ഷണങ്ങളില്ലാത്തവരാണെന്നും വീട്ടിൽ ക്വാറന്‍റീനിൽ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രോഗബാധിതരായ യാത്രക്കാരെ കുറിച്ച് ഇൻഡോർ, ബർവാനി, ഭോപ്പാൽ എന്നിവിടങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങളെ അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
അതേസമയം കോവിഡ് വ്യാപനം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഡോക്ടർമാരുടെ സംഘടനയായ ഐഎംഎ(IMA) മുന്നറിയിപ്പുമായി രംഗത്തെത്തി. ആരോഗ്യവകുപ്പ് അടിയന്തര മുന്നറിയിപ്പ് നടത്തണം. ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വകഭേദം, ഒമിക്രോണ്‍(Omicron), കോവിഡ്(Covid) മൂന്നാം തരംഗമായി നമ്മുടെ സംസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്ന് ഐഎംഎ മുന്നറിയിപ്പ് നൽകുന്നു.
മുന്നൊരുക്കം സംബന്ധിച്ച് നിർദ്ദേശങ്ങളും ഐഎംഎ മുന്നോട്ട് വയ്ക്കുന്നു. രോഗവ്യാപനം നിയന്ത്രിക്കുന്നതിനും രോഗ ചികിത്സ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമാവശ്യമായ മുന്നൊരക്കങ്ങള്‍ ചെയ്യണം. അതിനുള്ള സമയമാണ് ഇപ്പോൾ. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും കുറവ് എത്രയും വേഗം പരിഹരിക്കണം. അതിവേഗ വ്യാപനശേഷിയുള്ള വൈറസ് ആയതിനാല്‍ വളരെവേഗം ധാരാളം ആളുകള്‍ കോവിഡ് ബാധിതരാകാന്‍ സാധ്യതയുണ്ട്. ആശുപത്രി ചികിത്സ വേണ്ട രോഗികളുടെ എണ്ണവും ആനുപാതികമായി കൂടുമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകുന്നു.
നിര്‍ത്തലാക്കപ്പെട്ട കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ (CFLTC) പുനഃസ്ഥാപിക്കണം. കൂടുതല്‍ ആളുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോവിഡ് ബാധിതരാകുമെന്നതിനാല്‍ തന്നെ കോവിഡ് ബ്രിഗേഡ് പുനഃസ്ഥാപിക്കണം. മുന്‍ കാലങ്ങളില്‍ നിന്നു വ്യത്യസ്ഥമായി കോവിഡ് രോഗ ചികിത്സയോടൊപ്പം തന്നെ നോണ്‍ കോവിഡ് രോഗ ചികിത്സയും മുടക്കം കൂടാതെ നടത്തിക്കൊണ്ടുപോകാന്‍ വേണ്ട സംവിധാനങ്ങളും ഒരുക്കണം. ജീവിത ശൈലീ രോഗചികിത്സയിലും മറ്റു കോവിഡ് ഇതര രോഗചികിത്സയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ജാഗ്രത കുറവ് ആരോഗ്യ പരിപാലന രംഗത്തു വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും ഐഎംഎ അറിയിച്ചു.