കോവിഡ് (Covid) ബാധിച്ചവര്‍ക്ക് മാനസികവും ശാരീരികവുമായ പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. 30 ശതമാനം ഇന്ത്യക്കാരും കോവിഡ് പിടിപെട്ടതിനു ശേഷം മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നീ അവസ്ഥകള്‍ മൂലം പ്രയാസമനുഭവിക്കുന്നുണ്ടെന്ന് 2022ലെ GOQii-ന്റെ ഫിറ്റ് ഇന്ത്യ റിപ്പോര്‍ട്ട് (GOQii fit india report) സൂചിപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള GOQii തങ്ങളുടെ 10,000ത്തിലധികം ഉപയോക്താക്കള്‍ക്കിടയില്‍ 'COVID-19 Trust In Vaccines and Vaccination' എന്ന തലക്കെട്ടില്‍ ഒരു സര്‍വേ നടത്തുകയുണ്ടായി.
ജീവിതശൈലീ രോഗങ്ങള്‍, ബിഎംഐ, ജല ഉപഭോഗം, സമ്മര്‍ദ്ദം തുടങ്ങിയ വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്. ലിംഗഭേദം, ഉപയോക്താക്കള്‍ താമസിക്കുന്ന നഗരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങള്‍ വർഗീകരിക്കുകയും ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം 2021ൽ 29.31 ശതമാനം ഇന്ത്യക്കാരും വിഷാദ രോഗം (Depression) അനുഭവിക്കുന്നുണ്ട്. എന്നിരുന്നാലും, വിഷാദരോഗം അനുഭവിക്കുന്ന ഇന്ത്യക്കാരുടെ അനുപാതം 2020ലെ 43 ശതമാനത്തില്‍ നിന്ന് കുറഞ്ഞതായും സർവേ കണ്ടെത്തി.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ നീക്കിയതാണ് വിഷാദരോഗികളുടെ എണ്ണം കുറയാന്‍ കാരണമായത്. കോവിഡ് മഹാമാരിയുടെ ആരംഭത്തോടെ പ്രതിസന്ധി നേരിട്ട ജനങ്ങൾക്ക് തങ്ങളുടെ ജീവിതം വീണ്ടെടുക്കാന്‍ ഇത് സഹായിച്ചു. 50.3 ശതമാനം ഇന്ത്യക്കാരും മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് വഴുതിവീഴുന്നതിന്റെ വക്കിലാണെന്നും അതിനാല്‍ ഇവർ 'ഹൈ റിസ്‌ക്' അല്ലെങ്കില്‍ 'ബോര്‍ഡര്‍ലൈന്‍' വിഭാഗത്തില്‍ പെടുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
റിപ്പോര്‍ട്ടിലെ ഹെല്‍ത്ത് റിസ്‌ക് അസസ്മെന്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കുകള്‍. ഇന്‍ഡോര്‍, കൊല്‍ക്കത്ത, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ രാജ്യത്തെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് അനാരോഗ്യകരമുള്ളവരുടെ എണ്ണം കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും വാക്‌സിനുകളും വാക്‌സിനേഷന്‍ ഡ്രൈവുകളും കൊറോണ വൈറസ് ബാധയിൽ നിന്ന് സംരക്ഷണം നേടാൻ തങ്ങളെ സഹായിച്ചതായി വിശ്വസിക്കുന്നുവെന്നും ഫലങ്ങള്‍ കാണിക്കുന്നു.
കഴിഞ്ഞ 5 വര്‍ഷമായി ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, തൈറോയ്ഡ് എന്നിവ ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഒന്നാം സ്ഥാനത്താണ് പ്രമേഹം. പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം 2017-ലെ 7.9 ശതമാനത്തില്‍ നിന്ന് 2021-ല്‍ 13.2 ശതമാനമായി വര്‍ധിച്ചു.. അതുപോലെ, GOQii യുടെ ഏറ്റവും പുതിയ പഠനം അനുസരിച്ച് കഴിഞ്ഞ 5 വര്‍ഷത്തിനിടെ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും ഉള്ളവരുടെ എണ്ണം യഥാക്രമം 51 ശതമാനവും 47 ശതമാനവുമായി വര്‍ധിച്ചു. എന്നാല്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ തൈറോയ്ഡ് രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ 32 ശതമാനത്തിന്റെ കുറവുണ്ടായി.