കോവളത്ത് സംഘർഷം; വീടുകളും വാഹനങ്ങളും അടിച്ചു തകർത്തു: മൂന്നു പേർ പിടിയിൽ
Last Updated:
സമുദ്ര ബീച്ച്, വെള്ളാർ, കോവളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടവും മോഷണവും പതിവാക്കിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകി.
കോവളം: കോവളം സമുദ്ര ബീച്ചിൽ സാമൂഹ്യവിരുദ്ധർ വീടുകളും വാഹനങ്ങളും അടിച്ചു തകർത്തു. വീട് കയറിയുള്ള ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആക്രമണ സംഘത്തിലെ മൂന്ന് പേരെ കോവളം പൊലീസ് പിടികൂടി. സമുദ്ര തേരി റോഡിൽ സുരേഷിനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ രണ്ടര മണിയോടെയാണ് അക്രമിസംഘം വീടുകളും വാഹനങ്ങളും അടിച്ചു തകർത്തത്.
advertisement
വയലിൻ കരവീട്ടിൽ സുരേഷ്, ഗിരിജ എന്നിവരുടെ വീടുകളിൽ ആക്രമണം അഴിച്ചുവിട്ട സംഘം ജനലുകളും വാതിലുകളും അടിച്ചു തകർത്തു. ശബ്ദം കേട്ട് പുറത്തിറങ്ങിയ സുരേഷിന്റെ മുഖത്ത് കമ്പി കൊണ്ട് അടിച്ചു. സമീപവാസികളായ രഞ്ജിത്ത്, സുനിൽ എന്നിവരുടെ വീട്ടുമുറ്റത്തിരുന്ന സ്കൂട്ടറും ബൈക്കും മനോജ് എന്നയാളിന്റെ മാരുതി ഓമ്നി വാനും സംഘം അടിച്ചു തകർത്തു.
advertisement
സമുദ്ര ബീച്ച്, വെള്ളാർ, കോവളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടവും മോഷണവും പതിവാക്കിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകി. പ്രദേശത്ത് നിരന്തരം പ്രശ്നം സൃഷ്ടിച്ച ഇവരെ നാട്ടുകാർ ദിവസങ്ങൾക്ക് മുമ്പ് താക്കീത് ചെയ്തിരുന്നുനു. ഇതിന്റെ വൈരാഗ്യമാകം ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.
advertisement


