ബാധ ഒഴിപ്പിച്ചു നൽകാമെന്ന് മാതാപിതാക്കളോട് പറഞ്ഞു; മൂന്നു വയസുകാരിയെ 'ആൾദൈവം' അടിച്ചുകൊന്നു
Last Updated:
വീട്ടിലെത്തിയിട്ടും കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. അതേസമയം, ഇതിനിടയിൽ രാകേഷും പുരുഷോത്തമും കുടുംബസമേതം രക്ഷപ്പെട്ടിരുന്നു. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ചിക്കജ്ജൂർ പൊലീസ് പ്രതികളെ പിടികൂടി.
ബംഗളൂരു: ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ആൾദൈവവും സഹോദരനും ചേർന്ന് മൂന്നു വയസുകാരിയെ മർദ്ദിച്ചു കൊന്നു. കർണാടക ചിത്രദുർഗയിലെ അജിക്യതനഹള്ളിയിലാണ് സംഭവം. രാത്രിയിൽ ഉറക്കത്തിൽ ഞെട്ടിയുണർന്ന് കരയുന്ന സ്വഭാവം മൂന്നു വയസുകാരിയായ കുട്ടിക്ക് ഉണ്ടായിരുന്നു. ഇങ്ങനെ കരയുന്നത് ബാധ കൂടിയതാകാമെന്ന് തെറ്റിദ്ധരിച്ചാണ് മാതാപിതാക്കൾ കുട്ടിയെ ദുർമന്ത്രവാദത്തിനായി എത്തിച്ചത്. (കൊല്ലപ്പെട്ട പൂർവിക)
advertisement
പ്രദേശത്ത് ദുർമന്ത്രവാദം നടത്തി വരികയായിരുന്ന രാകേഷ് (21), സഹോദരൻ പുരുഷോത്തം (19) എന്നിവർ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായി. കുട്ടിയുടെ ബാധ ഒഴിപ്പിച്ചു നൽകാമെന്ന് പറഞ്ഞ് ആൾദൈവമെന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവാണ് കുട്ടിയെ മർദ്ദിച്ചു കൊന്നത്. ചായക്കട നടത്തുന്ന ദമ്പതികളുടെ മകളാണ് മൂന്നു വയസുകാരിയായ പൂർവിക. ( രാകേഷ്, പുരുഷോത്തം)
advertisement
രാത്രിയിൽ ഞെട്ടി ഉണരുന്ന കുട്ടിയെ ബാധ കൂടിയതാകാമെന്ന് വിചാരിച്ച് മാതാപിതാക്കൾ പുരുഷോത്തമിന്റെ അടുത്തെത്തിക്കുകയായിരുന്നു. കുട്ടിയുടെ ബാധ ഒഴിപ്പിച്ചു നൽകാമെന്ന് പറഞ്ഞ് ഇയാൾ കുട്ടിയെയും മാതാപിതാക്കളെയും രാകേഷിന്റെ അടുത്തെത്തിക്കുകയായിരുന്നു. നഗരത്തിനോട് ചേർന്ന സ്ഥലത്തുള്ള കുടിലിൽ ആയിരുന്നു ഇയാൾ താമസിച്ചിരുന്നത്. യെല്ലമ്മ ദേവിയുടെ ആത്മാവ് തന്നിൽ കുടിയേറിയിട്ടുണ്ടെന്ന് ആയിരുന്നു ഇയാളുടെ അവകാശവാദം.
advertisement
കുടിലിനു മുന്നിൽ കുട്ടിയുമായി എത്തിയതിനു ശേഷം മാതാപിതാക്കളെ കുടിലിലേക്ക് പ്രവേശിപ്പിക്കാതെ പുരുഷോത്തം അകത്തേക്ക് കൊണ്ടു പോകുകയായിരുന്നു. തുടർന്ന് കുട്ടിയുടെ ശരീരത്തിൽ നിന്ന് ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ഒരു മണിക്കൂറോളം കുട്ടിയെ വടികൊണ്ട് അടിക്കുകയായിരുന്നു. കുട്ടി ബോധം കെട്ടപ്പോൾ ബാധ പോയെന്ന് പറഞ്ഞ് മാതാപിതാക്കൾക്ക് കൈമാറുകയും വീട്ടിൽ എത്തുമ്പോൾ ബോധം ലഭിക്കുമെന്ന് അറിയിക്കുകയുമായിരുന്നു.
advertisement