ന്യൂഡൽഹി: രാജ്യത്ത് ജൂൺ 30 വരെ റെഗുലർ യാത്രാ ട്രെയിനുകൾ സർവീസ് നടത്തില്ലെന്ന് സൂചന നൽകി റെയിൽവേ. ലോക്ക്ഡൌണിന് മുമ്പ് ബുക്കുചെയ്ത ജൂൺ 30 വരെയുള്ള എല്ലാ ടിക്കറ്റുകളും റദ്ദാക്കി. മെയ് 12 മുതൽ പ്രവർത്തനം ആരംഭിച്ച ശ്രാമിക് സ്‌പെഷ്യലും ഡൽഹിയിൽനിന്ന് സർവീസ് നടത്തുന്ന 30 സ്‌പെഷ്യൽ ട്രെയിനുകളും ഒഴികെയുള്ള എല്ലാ പാസഞ്ചർ ട്രെയിനുകളും മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.
റദ്ദാക്കിയ ഈ ട്രെയിനുകൾക്കായി ജൂൺ 30 വരെ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും പൂർണമായും മടക്കിനൽകുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ലോക്ക്ഡൌൺ സമയത്ത് സ്റ്റേഷനുകളിലെ ടിക്കറ്റ് കൌണ്ടറുകൾ അടച്ചിരിക്കുന്നതിനാൽ ടിക്കറ്റെടുത്ത പണം തിരികെ ലഭിക്കുന്നതിനായി ഓൺലൈനായി ക്ലെയിം ചെയ്യണമെന്നും റെയിൽവേ നിർദേശിക്കുന്നു.
50 ദിവസത്തെ ഇടവേളയ്ക്ക് ശേഷം 15 നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രത്യേക ട്രെയിനുകൾ റെയിൽവേ ചൊവ്വാഴ്ച പുനരാരംഭിച്ചിട്ടുണ്ട്. ന്യൂഡൽഹിയിൽനിന്ന് വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നഗരങ്ങളിലേക്കാണ് ഈ സ്പെഷ്യൽ സർവീസ്. ഇപ്പോൾ ഓടിക്കുന്ന സ്പെഷ്യൽ ട്രെയിനുകൾക്കായി മെയ് 22 മുതൽ പരിമിതമായ വെയിറ്റിംഗ് ലിസ്റ്റുകൾ അനുവദിക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
മെയ് 12 മുതൽ ആരംഭിച്ച ട്രെയിനുകൾക്കായി നിലവിൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ നൽകിയിട്ടില്ല. കൂടുതൽ സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിംഗ് മെയ് 15 മുതൽ ആരംഭിക്കും. ഈ ട്രെയിനുകളിലെ വെയിറ്റിംഗ് ലിസ്റ്റിൽ റെയിൽവേ പട്ടികപ്പെടുത്തിയിട്ടുണ്ട് - എസി 3 ടയറിന് 100, എസി 2 ടയറിന് 50, സ്ലീപ്പർ ക്ലാസിന് 200, ചെയർ കാറുകൾക്ക് 100, ഫസ്റ്റ് എസി, എക്സിക്യൂട്ടീവ് ക്ലാസ്സിന് 20 വീതം.