ശബരീനാഥൻ; രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കപ്പെട്ട ടെക്കി; 10 വർഷം കൊണ്ട് എം.എൽ.എ. മുതൽ കൗൺസിലർ വരെ
- Published by:meera_57
- news18-malayalam
Last Updated:
പിതാവ് ഒഴിച്ചിട്ട അരുവിക്കര മണ്ഡലത്തിലേക്ക് അടുത്തതാര് എന്ന ചോദ്യത്തിന് മറുപടിയായി വന്ന ശബരീനാഥൻ ഇനി കൗൺസിലർ
2015 വരെ കെ.എസ്. ശബരീനാഥനെ (K. S. Sabarinathan) കേരള രാഷ്ട്രീയം അറിഞ്ഞിരുന്നില്ല. ജി. കാർത്തികേയൻ (G. Karthikeyan) എന്ന പിതാവ് ഒഴിച്ചിട്ട അരുവിക്കര മണ്ഡലത്തിലേക്ക് അടുത്തതാര് എന്ന ചോദ്യത്തിന് മറുപടി ആവശ്യമായിരുന്നു. ഒരു നേതാവിന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗം മത്സരിക്കുന്ന ചരിത്രമുള്ള കേരളത്തിൽ, കേരള സർവകലാശാല മേധാവികളിൽ ഒരാളായിരുന്ന, മികച്ച പ്രഭാഷക കൂടിയായ പത്നി എം.ടി. സുലേഖ വരുമോ എന്ന ചോദ്യം പലരുടെയും മനസ്സിൽ നിറഞ്ഞപ്പോൾ ലഭിച്ച പേര് മറ്റൊന്നായിരുന്നു. അവിടേയ്ക്ക് വരിക സുലേഖയല്ല, മൂത്തമകൻ ശബരീനാഥനാകും. കെ.എസ്.യുവിൽ തുടങ്ങി കെ.പി.സി.സി. വരെയെത്തിയ പിതാവ് കാർത്തികേയൻ നടന്ന രാഷ്ട്രീയ വഴിത്താരകളിൽ ആരും അതുവരെ ഈ മകനെ കണ്ടിരുന്നില്ല. ആ വഴിയോരത്തെന്നു മാത്രമല്ല, ശബരീനാഥന് അവകാശപ്പെടാനും വേണ്ടി സ്വന്തമായ രാഷ്ട്രീയ പ്രവർത്തനം തെല്ലുമില്ല.
തിരുവനന്തപുരം ലയോള സ്‌കൂളിലും കോളേജ് ഓഫ് എഞ്ചിനീറിങ്ങിലും പഠിച്ച ശബരീനാഥൻ അവിടെ നിന്നും വണ്ടികയറിയത് ബെംഗളുരുവിലേക്കാണ്. അവിടെ ഐ.ടി. മേഖലയിൽ കുറച്ചുകാലം. അതുകഴിഞ്ഞ് ഗുരുഗ്രാമിൽ നിന്നും എം.ബി.എ., ശേഷം ടാറ്റ ഗ്രൂപ്പിലെ ടാറ്റ ട്രസ്റ്റിന്റെ കീഴിൽ ആരോഗ്യം, പോഷണം മേഖലകളിൽ പ്രവർത്തന പരിചയം. ഇവിടെ നിന്നും അരുവിക്കരയിലെ ഇടവഴിയും പെരുവഴിയും നടന്ന് വോട്ട് ചോദിക്കുന്ന രാഷ്ട്രീയക്കാരനായി മകൻ വളരും എന്ന് പിതാവ് കാർത്തികേയൻ സ്വപ്നേപി നിനച്ചിരിക്കുമോ എന്ന് സംശയം. രാഷ്ട്രീയ പ്രവർത്തകരുടെ മക്കൾ മികച്ച വിദ്യാഭ്യാസം നേടി പ്രൊഫഷണൽ ലോകത്ത് ചിറകടിച്ചു പറക്കുന്ന പരമ്പരയിൽ ഒരാളായിരുന്നു അതുവരെയും ശബരീനാഥൻ.
advertisement
ശബരീനാഥന്റെ വരവിൽ സഹതാപ തരംഗം മുതലെടുക്കുന്നു എന്ന് തുടങ്ങി പല ചോദ്യങ്ങളുമുണ്ടായി. അന്ന് മത്സരരംഗത്ത് ശബരീനാഥന്റെ എതിരാളികളായത് തലമുതിർന്ന നേതാക്കളായ സി.പി.എമ്മിന്റെ എം. വിജയകുമാറും ബി.ജെ.പിയുടെ ഒ. രാജഗോപാലും. സി.പി.എമ്മിനെയും ആർ.എസ്.പിയെയും മുട്ടുകുത്തിച്ച പിതാവിന്റെ മകന്റെ തുടക്കം സി.പി.എമ്മിനെ പരാജയപ്പെടുത്തിക്കൊണ്ട് തുടങ്ങി. 10,128 വോട്ടുകളുടെ ഗംഭീര ഭൂരിപക്ഷത്തിൽ കെ.എസ്. ശബരീനാഥൻ വിജയം കണ്ടു.
ടെക് ലോകം കണ്ടുപരിചയിച്ച ശബരീനാഥന് സഭയുടെ നടുത്തളം ഒരു പുതിയ കാഴ്ചയായി. പതിയെപ്പതിയെ, അവിടുത്തെ ഉറച്ച ശബ്ദമായി മാറാൻ ശബരീനാഥൻ പഠിച്ചു. 'അച്ഛന്റെ മകൻ' ലേബലിൽ രാഷ്ട്രീയത്തിൽ വന്നുവെങ്കിൽ, തൊട്ടടുത്ത വർഷം നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ എ.എ. റഷീദിനെ 21,314 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ശബരീനാഥൻ മലർത്തിയടിച്ചു. എന്നിരുന്നാലും, 2016ൽ ആ വിജയ ഫോർമുല തുടരാൻ ശബരിക്കായില്ല.
advertisement
ഇന്ന് തിരുവനന്തപുരം കവടിയാറിൽ നിന്നും യു.ഡി.എഫ്. സാരഥിയായി ജനസേവകന്റെ റോളിലേക്ക് എത്തിയിരിക്കുന്നത് ആ പഴയ ടെക്കിയല്ല, കേരള ഹൈക്കോടതി അഭിഭാഷകനായ അഡ്വക്കേറ്റ് കെ.എസ്. ശബരീനാഥനാണ്.
Summary: K. S. Sabarinathan entered public life without any prior political background. Within a decade, he has served as an MLA, practiced as an advocate, and now taken on the role of a municipal corporation councillor
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 13, 2025 1:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരീനാഥൻ; രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കപ്പെട്ട ടെക്കി; 10 വർഷം കൊണ്ട് എം.എൽ.എ. മുതൽ കൗൺസിലർ വരെ










