സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രബർത്തിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. റിയയും സഹോദരൻ ഷോവിക് ചക്രബർത്തിയും സമർപ്പിച്ച ജാമ്യാപേക്ഷ സെഷൻകോടതി ഇന്ന് പരിഗണിച്ചതിന് ശേഷമാണ് വിധി പറയാൻ നാളേക്ക് മാറ്റിവെച്ചത്. ചൊവ്വാഴ്ച്ചയാണ് റിയയെ നാർകോടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ നടിയെ മുംബൈ ബൈക്കുള ജയിലിലേക്ക് മാറ്റി. താൻ നിരപരാധിയാണെന്നും കുറ്റം സമ്മതിക്കാൻ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയതായും റിയ ചക്രബർത്തി ജാമ്യാപേക്ഷയിൽ പറയുന്നു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് റിയ ചക്രബർത്തിയെ നാർകോടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ എട്ടിന് റിയ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് സെഷൻസ് കോടതിയെ സമീപിച്ചത്. സുശാന്തിന്റെ മരണത്തിന് പിന്നാലെ ഉയർന്ന ലഹരി മരുന്ന് കേസിൽ അറസ്റ്റിലാകുന്ന പത്താമത്തെ ആളാണ് റിയ ചക്രബർത്തി. നേരത്തേ, റിയയുടെ സഹോദരൻ ഷോവിക് ചക്രബർത്തിയും സുശാന്തിന്റെ മാനേജർ സാമുവൽ മിരാൻഡയേയും നാർകോടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. സുശാന്തിന്റെ മുൻ പാചകക്കാരൻ ദീപേഷ് സാവന്തും അറസ്റ്റിലായിരുന്നു.