തിരുവനന്തപുരം: സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഹെലികോപ്ടർ വാടകയ്ക്ക് എടുത്ത് സർക്കാരിന്‍റെ ധൂർത്ത്. ആഭ്യന്തരവകുപ്പ് പൊലീസിനുവേണ്ടിയാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നത്. അടിയന്തര രക്ഷാപ്രവർത്തനത്തിനും തീവ്രവാദികളെ നേരിടാനുമാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നതെന്നാണ് വിശദീകരണം. എന്നാൽ മുഖ്യമന്ത്രിയുടെ ഉപയോഗത്തിനുകൂടിയാണ് ഇതെന്നാണ് റിപ്പോർട്ട്.
ഡൽഹിയിലെ പൊതുമേഖലാ സ്ഥാപനമായ പവർ ഹംസിൽനിന്നാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നത്. പ്രതിമാസം വാടകയിനത്തിൽ 1.44 കോടി രൂപയാണ് കേരളം പവർ ഹംസിന് നൽകേണ്ടത്. ഒരു വർഷം 17.28 കോടി രൂപ ഈയിനത്തിൽ സർക്കാരിന് ചെലവാകും. ഒരു മാസം 20 മണിക്കൂർ പറത്തുന്നതിനാണ് ഈ നിരക്ക്. 20 മണിക്കൂറിൽ അധികമായാൽ കരാർ പ്രകാരം ഓരോ മണിക്കൂറിനും 75000 രൂപ നൽകണം. അറ്റകുറ്റപണിയും ഇന്ധനച്ചെലവും പവർ ഹംസ് തന്നെ വഹിക്കും.