കോഴിക്കോട്ട് കോളേജ് വളപ്പിൽനിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്തി; പ്രതിഷേധവുമായി വിദ്യാർഥികൾ
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് ഗുരുവായൂരപ്പന്‍ കോളജ് കാമ്പസില്‍ നിന്ന് ചന്ദനമരം കട്ടിങ് മെഷീന്‍ ഉപയോഗിച്ച് മുറിച്ച് കടത്തിയത്
News18 Malayalam | November 30, 2019, 7:38 AM IST
1/ 3
കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളജില്‍ ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ വിഷയത്തില്‍ നടപടിയില്ലെന്നാരോപിച്ച് വിദ്യാര്‍ഥികളുടെ പ്രതിഷേധം. കോളജിലെ ചന്ദന മോഷണം തുടര്‍ക്കഥയാകുമ്പോഴും അധികൃതര്‍ ആവശ്യമായ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജ് പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. വിദ്യാര്‍ഥികള്‍ നിരവധി തവണ പരാതി നല്‍കിയിട്ടും പോലീസില്‍ പരാതിപ്പെടാന്‍ പ്രിന്‍സിപ്പല്‍ തയ്യാറാവുന്നില്ലെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.
2/ 3
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് ഗുരുവായൂരപ്പന്‍ കോളജ് കാമ്പസില്‍ നിന്ന് ചന്ദനമരം കട്ടിങ് മെഷീന്‍ ഉപയോഗിച്ച് മുറിച്ച് കടത്തിയത്. മോഷണത്തിന്റെ ദൃശ്യങ്ങള്‍ കോളജിന്റെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവമറിഞ്ഞയുടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചിരുന്നെന്നും ഉച്ചയോടെ പരാതി നല്‍കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ ഇന്ദിര പറഞ്ഞു. കോളജില്‍ പരീക്ഷകള്‍ നടക്കുന്നതുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
3/ 3
എന്നാല്‍ പരാതി നല്‍കിയിട്ടുണ്ടെന്ന പ്രിന്‍സിപ്പലിന്റെ വാദം വിശ്വസിക്കാനാവില്ലെന്നാണ് എസ്എഫ്‌ഐ നിലപാട്. കോളജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുമ്പോള്‍ വിളിച്ചുവരുത്തി അപമാനിക്കുന്ന പ്രിന്‍സിപ്പല്‍ ചന്ദനമോഷണത്തില്‍ ഉദാസീന നിലപാട് സ്വീകരിക്കുകയാണെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. പൊലീസ് എത്തി അന്വേഷണം തുടങ്ങണമെന്നും കോളജ് ഗ്രീവിയന്‍സ് കമ്മിറ്റി വിളിച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും എസ്എഫ്‌ഐ യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.