ഒരു പാർട്ടിയിലെ രണ്ട് സ്ഥാനാർഥികൾ പരസ്പരം മത്സരിക്കുന്ന സ്ഥലം ആണ് പെരിന്തൽമണ്ണ നഗരസഭയിലെ അഞ്ചാം വാർഡ്. മുസ്ലീം ലീഗിന്റെ സ്ഥാനാർഥികൾ ആയി മൽസരിക്കുന്ന ഇവരിൽ ജയിച്ചവരെ അംഗീകരിക്കും എന്ന നിലപാടിൽ ആണ് പാർട്ടി നേതൃത്വം. നഗരസഭയിലെ അഞ്ചാംവാർഡിലാണ് മുസ്ലിം ലീഗ് സ്ഥാനാർഥികളായ പച്ചീരി ഹുസൈന നാസറും പട്ടാണി സറീനയും നേർക്കുനേർ ഏറ്റുമുട്ടുന്നത്.
പെരിന്തൽമണ്ണയിലെ ലീഗ് കമ്മിറ്റിക്കുള്ളിലെ അസ്വാരസ്യത്തെത്തുടർന്നാണ് പ്രശ്നം ഉടലെടുത്തത്. ആദ്യം പ്രാദേശിക നേതൃത്വം സ്ഥാനാർഥിയാക്കിയത് പച്ചീരി ഹുസൈന നാസറിനെയാണ്. പക്ഷേ, മുനിസിപ്പൽ കമ്മിറ്റിക്കാർ ഉടക്കി. അവർ സറീന പട്ടാണിയെ നിർത്തി. അതോടെ പ്രശ്നമായി, ചർച്ചയായി. അങ്ങനെയാണ് വിചിത്രമായ ഒത്തുതീർപ്പ് ഫോർമുല നേതൃത്വം ഉണ്ടാക്കിയത്.
രണ്ടുപേർക്കും പാർട്ടി ചിഹ്നമായ കോണി നൽകിയിട്ടില്ല. ഹുസൈനയ്ക്ക് ഫുട്ബോളും സറീനക്ക് മൊബൈൽ ഫോണുമാണ് ചിഹ്നം. എന്നാൽ രണ്ടുപേർക്കും കെട്ടിവെക്കാനുള്ള തുക ജില്ലാ കമ്മിറ്റിതന്നെ നൽകി. ഇതെന്താണിങ്ങനെയെന്ന ചോദ്യത്തിന് ചില സാഹചര്യങ്ങളിൽ ഇത്തരം തീരുമാനങ്ങൾ വേണ്ടിവരും. ഒരു സൗഹൃദമത്സരമായി കണ്ടാൽ മതി എന്ന വിശദീകരണം ആണ് നേതൃത്വം നൽകുന്നത്.
എന്നാൽ ഇത് ഒരു വാർഡ് പിടിക്കാൻ ഉള്ള ഒരു അവസരം ആയിട്ടാണ് ഇടതുപക്ഷം കാണുന്നത്. വർഷങ്ങൾ ആയി ലീഗിന്റെ കയ്യിലുള്ള വാർഡ് ആണ് അഞ്ച്. ലീഗ് വോട്ടുകൾ ഭിന്നിച്ച് പോവുകയും ഇടത് വോട്ടുകൾ കൃത്യമായി പെട്ടിയിൽ വീഴുകയും ചെയ്താൽ അട്ടിമറി സാധ്യമാകും എന്ന പ്രതീക്ഷയിൽ ആണ് ഇടത് സ്വാതന്ത്ര്യ സ്ഥാനാർഥി റാഹില ഷാഹുൽ. ഫാഷൻ ഡിസൈനർ കൂടി ആയ റാഹില ആത്മവിശ്വാസത്തിൽ സജീവ പ്രചരണത്തിൽ ആണ്.