അഞ്ചലിലെ ഉത്രയുടെ കൊലപാതകം അടുത്തിടെ കേരള ജനതയാകെ ഞെട്ടലോടെ കേട്ട വാർത്തയാണ്. വളരെനാൾ നീണ്ട ആസൂത്രണത്തിനൊടുവിൽ വിഷപ്പാമ്പിനെ കൊണ്ട് ഉത്രയെ ഭർത്താവ് സൂരജ് കടിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സൂരജിനു നേരെയുള്ളത് ആരോപണമാണെന്നും പാമ്പ് മരക്കൊമ്പിലൂടെയോ ജനലിലൂടെയോ ഇഴഞ്ഞ് മുറിക്കുള്ളിൽ കയറിയതാകാമെന്നുമാണ് ഇയാളുടെ വീട്ടുകാരുടെ വാദം. അത്തരമൊരു വാദത്തിനു യാതൊരു കഴമ്പുമില്ലെന്ന് ഉത്രയുടെ വീട് സന്ദർശിച്ച പാമ്പുപിടിത്ത വിദഗ്ധൻ വാവ സുരേഷ് പറയുന്നത്.
ശീതീകരിച്ച വൃത്തിയും വെടിപ്പുമുള്ളതുമായ മുറിയിൽ ഒരുതരത്തിലും പാമ്പിന് ഇഴഞ്ഞെത്താനാകില്ലെന്ന് വീടും പരിസരവും പരിശോധിച്ച സുരേഷ് വാവ സുരേഷ് ഉറപ്പിച്ച് പറഞ്ഞു. മാധ്യമങ്ങളിലും മറ്റും പറഞ്ഞുകേട്ട വിവരം ഉത്രയുടെ മുറി മുകളിലത്തെ നിലയിലാണെന്നാണ്. മരത്തിലൂടെയോ ജനൽ വഴിയോ പാമ്പ് മുറിക്കുള്ളിൽ പ്രവേശിച്ചതാകാമെന്നാണ് സൂരജിന്റെ വീട്ടുകാരുടെ വാദം. എന്നാൽ ഉത്രയും സൂരജും കിടന്ന മുറി താഴത്തെ നിലയിലാണ്. ഹാൾ വഴി വേണം ആ മുറിയിൽ കയറാൻ. മുറിയുടെ ജനലിന്റെ പുറത്തുള്ള മണലിൽ പാമ്പ് ഇഴഞ്ഞ പാടില്ല. അവിടെ മാത്രമല്ല മുറ്റത്തെങ്ങും ഈ അടുത്ത് പാമ്പ് ഇഴഞ്ഞിട്ടില്ല. ഭിത്തിയോട് ചേർന്നുള്ള മണ്ണിൽ കുഴിയാനയുടെ കുഴി മൂടപ്പെടാതെ കിടക്കുന്നത് ഇതിന്റെ തെളിവാണ്. നിറയെ കുഴിയാനക്കുഴികൾ വീടിന്റെ ഭിത്തിയോട് ചേർന്നുള്ള മണ്ണിലുണ്ട്.
മരത്തിലൂടെ പാമ്പ് മുറിക്കുള്ളിൽ കയറാനുള്ള സാധ്യതയില്ല. അങ്ങനെ ചാഞ്ഞ് കിടക്കുന്ന മരമൊന്നുമില്ല. പിന്നെയുള്ള ഒരു സാധ്യത ബാത്ത്റൂമിന്റെ വെന്റിലേറ്ററിലൂടെ കയറുന്നതാണ്. സിമന്റ് തേച്ച ഭിത്തിയിലൂടെ ഇഴഞ്ഞ് നല്ല പൊക്കമുള്ള വെന്റിലേറ്ററിലൂടെ പാമ്പിന് തനിയെ മുറിയിൽ കടക്കാനാകില്ല. കമ്പോ മുളയോ കൊണ്ട് വെന്റിലേറ്ററിലൂടെ ഇട്ടതാണെങ്കിൽ ആ ഭാഗത്ത് ചിലന്തിവല കാണില്ലായിരുന്നു. എന്നാൽ ഉത്രയുടെ മുറിയിലെ വെന്റിലേറ്ററിന്റെ ഭാഗത്തുള്ള പൊടിയും മാറാലയും അവിടെ തന്നെയുണ്ട്. ബോധപൂർവം പാമ്പിനെ കൊണ്ടുവരാതെ ആ മുറിയിൽ പാമ്പ് കയറില്ല.
ദേഹത്ത് വീണാലും പാമ്പ് കടിക്കണമെന്നില്ല. ദേഹത്തു വീഴുന്ന പാമ്പ് ആദ്യം എവിടേക്കെങ്കിലും ഒളിക്കാനേ ശ്രമിക്കൂ. പാമ്പിന് അത്ര വേദനയെടുത്താൽ മാത്രമേ ദേഹത്തു വീഴുന്ന സമയത്ത് കടിക്കൂ. ഉത്രയ്ക്ക് ഒരു കടി ഏറ്റിരിക്കുന്നത് കൈയിലാണ്, മറ്റൊന്ന് നെറ്റിയിലും. നെറ്റിയിൽ സാധാരഗതിയിൽ പാമ്പ് കൊത്താറില്ല. മരിക്കാൻ വേണ്ടി മനഃപൂർവം കടിപ്പിച്ചതാണ് നെറ്റിയിൽ. മൂർഖനോ അണലിയോ കടിച്ചാൽ സ്വബോധമുള്ള വ്യക്തിക്ക് നന്നായി വേദനിക്കും. മൂർഖന്റെ കടിയേക്കാൾ അണലിയുടെ കടിയാണ് വേദന. ആദ്യതവണ ഉത്രയെ പാമ്പ് കടിച്ചപ്പോൾ തന്നെ ഞാൻ എന്റെ സംശയം പലരോടും പറഞ്ഞിരുന്നതാണെന്നും വാവ സുരേഷ് പറഞ്ഞു.
വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അണലി വളരെ കുറവാണ്. അതുപോലെ തന്നെ വീടിന്റെ മുറ്റത്തേക്ക് ഇഴഞ്ഞുവന്ന് അണലി കടിക്കുന്നത് അപൂർവമാണ്. പറമ്പില്‍വച്ചാണ് മിക്കവർക്കും അണലിയുടെ കടിയേറ്റിട്ടുള്ളത്. ഉത്രയെ കടിച്ചത് അണലിക്കുഞ്ഞല്ല, വലിയ ഒന്നാണ്. സാധാരണഗതിയിൽ വലിയ അണലി കടിച്ചാൽ ഏഴു മണിക്കൂർ ജീവിച്ചിരിക്കില്ല. സ്വാഭാവികമായി മുറ്റത്തേക്ക് ഇഴഞ്ഞെത്തി കടിച്ചതാണെങ്കിൽ എങ്ങനെ ഇത്രയും നേരം ജീവിച്ചിരിക്കും എന്നുള്ളതും സംശയമുണർത്തി. സൂരജ് അണലിയെ വാങ്ങിയത് പാമ്പുപിടിത്തക്കാരനിൽ നിന്നാണ്. അയാളുടെ വിഡിയോകളിൽ പാമ്പിന്റെ വായിൽ കമ്പി കുത്തി വിഷം പുറത്തെടുക്കുന്നതൊക്കെയുണ്ട്.
സൂരജിന് അണലിയെ കൈമാറുന്നത് രണ്ടോ മൂന്നോ ദിവസം മുൻപ് അയാൾ ചിലപ്പോൾ അണലിയുടെ വിഷം എടുത്തുകളഞ്ഞുകാണും. അങ്ങനെയാണെങ്കിൽ പുതിയതായി വിഷമുണ്ടായി വരാൻ സമയമെടുക്കും. ആ അണലിയിലുണ്ടായിരുന്ന വിഷത്തിന്റെ അളവ് കുറവായതുകൊണ്ടാണ് ഏഴുമണിക്കൂർ ജീവിച്ചത്. എന്നാലും ചികിത്സ കൂടിയേ തീരൂ. ഇത്രമാത്രം വിഷം ഉള്ളിൽ ചെന്നിട്ടുണ്ടെന്ന് ഡോക്ടർമാർക്ക് പറയാൻ സാധിക്കുമെന്നും വാവ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.