മിസ് കേരള 2019 ന്റെ ആവേശം തെല്ലൊന്ന് കെട്ടടങ്ങിയെങ്കിലും അൻസി കബീറിന്റെ മനസിലെ ആവേശം ഇനിയും ഒടുങ്ങിയിട്ടില്ല. മിസ് കേരള പട്ടം കിട്ടി ആദ്യ ഒരാഴ്ച ഒരുപാട് അഭിനന്ദനങ്ങളും സന്തോഷങ്ങളുമായി നിറയെ ആവേശമായിരുന്നു ചുറ്റിലും. ആ അഭിനന്ദനങ്ങളും സന്തോഷങ്ങളുമെല്ലാം ഒരായുസിന്റെ ആവേശമാണ് തന്നിൽ നിറച്ചതെന്ന് അൻസി കബീർ പറയുന്നു.
സൗന്ദര്യ മത്സരങ്ങൾ വെറും സൗന്ദര്യമത്സരങ്ങളല്ല. നിങ്ങളെ പരുവപ്പെടുത്തുകയാണ് ഓരോ മത്സരവും. നിങ്ങളെ കൂടുതൽ ബോൾഡ് ആക്കുന്നു. അതിനാൽ ഞാൻ സൗന്ദര്യ മത്സരങ്ങൾ ആസ്വദിക്കുകയാണ്. മോഡലിംഗ് എന്നെ അത്രയ്ക്ക് ആകർഷിക്കുന്നില്ല. ഒപ്പം സിനിമയും എന്റെ ലക്ഷ്യമല്ല. സിനിമയിൽ നിന്ന് ചില ഓഫറുകൾ വന്നെങ്കിലും സ്വീകരിച്ചില്ല.
ഇനി അത്ര നല്ല റോൾ വരികയാണെങ്കിൽ ഒന്നു പരീക്ഷിച്ചുനോക്കാൻ ഒരു കൈശ്രമിക്കും. അത്രമാത്രം. അല്ലാതെ സിനിമയോ മോഡലിംഗോ കരിയറായി കൊണ്ടു പോകാൻ ആഗ്രഹിക്കുന്നില്ല- അൻസി പറയുന്നു. എഞ്ചിനീയറിങ് കഴിഞ്ഞ് കിട്ടിയ ജോലിയാണ് ഇൻഫോസിസിലേത്. അത് ഞാൻ ആസ്വദിക്കുന്നു. ജോലി ഒരിക്കലും ഉപേക്ഷിക്കില്ല. ഒപ്പം പാഷനും കൊണ്ടുപോകും. അതാണ് തീരുമാനമെന്ന് മിസ് കേരള പറയുന്നു.
ഇക്കുറി രണ്ടാം റൗണ്ടിൽ പല ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം പറയാനായി. അതുകൊണ്ടുതന്നെ കിരീടം ഏകദേശം ഉറപ്പിച്ചിരുന്നെന്ന് അൻസി പറയന്നു. നമുക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും മറ്റും ഇത്തരം മത്സരങ്ങളിൽ സ്വാതന്ത്ര്യം ഉണ്ട്. നമ്മൾ എന്ത് ധരിക്കണം. എവിടെ നൽക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് മത്സരങ്ങളിൽ ഒട്ടും ആത്മവിശ്വാസകുറവ് ഉണ്ടായിരുന്നില്ല.