ഫെബ്രുവരി മാസം അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, തിരഞ്ഞെടുക്കപ്പെട്ട ചില കാറുകൾക്ക് ഡിസ്കൗണ്ട് ഓഫറുകൾ (Discount Offers) വാഗ്ദാനം ചെയ്യാൻ ഹ്യൂണ്ടായ് ഇന്ത്യ (Hyundai India) തീരുമാനിച്ചു. ടാറ്റയും (Tata) ഹോണ്ടയും (Honda) പോലുള്ള മറ്റ് വാഹന നിർമ്മാതാക്കളും ഈ മാസം വമ്പൻ കിഴിവുകൾ നൽകി ഉപഭോക്താക്കളെ ആകർഷിച്ചിരുന്നു. ഇതിനെ തുടർന്നാണ് വിപണിയെ കൂടുതൽ മത്സരാധിഷ്ഠിതമാക്കുക എന്ന ലക്ഷ്യത്തോടെ ഹ്യൂണ്ടായിയും കാറുകളുടെ വില കുറച്ചത്.
ഹ്യൂണ്ടായ് ഇന്ത്യ ഐ20 (i20), ഔറ (Aura), സാൻട്രോ ( Santro), ഗ്രാൻഡ് ഐ10 നിയോസ് (Grand i10 Nios) തുടങ്ങിയ കാറുകൾക്കാണ് കിഴിവുകൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. എക്‌സ്‌ചേഞ്ച് ബോണസുകൾ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകൾ, ക്യാഷ് ഡിസ്‌കൗണ്ടുകൾ തുടങ്ങി 50,000 രൂപ വരെ കിഴിവുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഫെബ്രുവരി 28 വരെ മാത്രമേ ഈ ഓഫറുകൾ ലഭിക്കുകയുള്ളൂ.
ഹ്യുണ്ടായ് കാറുകൾക്ക് ഈ മാസം ലഭിക്കുന്ന ഓഫറുകൾ ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായ സാൻട്രോയുടെ പുതിയ പതിപ്പ് ഈ മാസം കിഴിവുകളോടെ സ്വന്തമാക്കാം. ഹ്യുണ്ടായ് സാൻട്രോ വാങ്ങുന്നവർക്ക് 40,000 രൂപ വരെ ഇളവുകൾ ലഭിക്കും. എന്നാൽ കാറിന്റെ പെട്രോൾ വേരിയന്റിൽ മാത്രമേ കിഴിവ് ലഭ്യമാകൂ. സാൻട്രോയുടെ സിഎൻജി മോഡലിന് കിഴിവ് നൽകിയിട്ടില്ല.
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായ് തങ്ങളുടെ സ്റ്റൈലിഷ് ഹാച്ച്ബാക്കായ i20യ്ക്കും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം ഐ20 കാർ വാങ്ങുന്നവർക്ക് 40,000 രൂപ വരെ ഇളവ് ലഭിക്കും. ക്യാഷ് ഡിസ്കൗണ്ടുകൾ, കോർപ്പറേറ്റ് ഓഫറുകൾ, എക്സ്ചേഞ്ച് ബോണസുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഡീസലും പെട്രോളും ഉൾപ്പെടെ കാറിന്റെ എല്ലാ പതിപ്പുകൾക്കും കിഴിവ് നൽകിയിട്ടുണ്ട്. നിലവിൽ 6.98 ലക്ഷം രൂപ മുതലാണ് കാറിന്റെ എക്‌സ് ഷോറൂം വില.
സെമി കണ്ടക്ടറിന്റെ ലഭ്യത കുറഞ്ഞതിനെ തുടർന്ന് ഉത്പ്പാദനം (Production) തടസ്സപ്പെട്ടതിനാൽ മാരുതി സുസുക്കി (Maruti Suzuki), ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ (Hyundai), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (Mahindra & Mahindra), ടൊയോട്ട കിർലോസ്‌കർ മോട്ടോർ (Toyota Kirloskar Motor), ഹോണ്ട കാർസ് ഇന്ത്യ തുടങ്ങിയ രാജ്യത്തെ മുൻനിര യാത്രാ വാഹന നിർമ്മാതാക്കളുടെ ആഭ്യന്തര വിപണിയിലെ വിൽപ്പന ജനുവരിയിൽ കുറഞ്ഞിരുന്നു.