വാഹനങ്ങൾ ഇഷ്ടപ്പെടാത്തവരും വാങ്ങാത്തവരും വളരെ കുറവായിരിക്കും. വാഹനങ്ങൾ വാങ്ങുമ്പോൾ നിങ്ങൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്? നിറം, മോഡൽ, എഞ്ചിൻ, മൈലേജ്, അങ്ങനെ ഒരുപാട് കാര്യങ്ങൾ പരിഗണിച്ചായിരിക്കും ഒരാൾ വാഹനം തിരഞ്ഞെടുക്കുക. കാറുകൾ വാങ്ങുകയാണെങ്കിൽ സുരക്ഷാ മാനദണ്ഡങ്ങൾ (Safety Features) നൽകുന്ന മികച്ച കാറുകൾ തിരഞ്ഞെടുക്കാൻ ആഗ്രഹമില്ലേ? ലോകമെമ്പാടുമുള്ള വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഒരു ആഗോള ഓട്ടോമോട്ടീവ് സുരക്ഷാ വാച്ച്‌ഡോഗാണ് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (NCAP).
2014 മുതൽ എൻസിഎപി 'സേഫ് കാർ ഫോർ ഇന്ത്യ' പ്രോഗ്രാമിലൂടെ ഇന്ത്യൻ കാറുകളുടെ സുരക്ഷ സംബന്ധിച്ച ഫീച്ചറുകൾ ശക്തമാക്കി. മികച്ച സുരക്ഷ ഉറപ്പു നൽകുന്ന കാറുകൾ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി ക്രാഷ് ടെസ്റ്റിംഗിന്റെ അടിസ്ഥാനത്തിൽ എൻസിഎപി കാറുകൾ റേറ്റ് ചെയ്യുന്നു. സുരക്ഷയുടെ കാര്യത്തിൽ മുൻനിരയിലുള്ള കാറുകളുടെ ഒരു ലിസ്റ്റ് ഇതാ.
ടാറ്റ പഞ്ച് മൈക്രോ-എസ്‌യുവി- ടാറ്റ മോട്ടോഴ്സിൽ നിന്നുള്ള മിനി-എസ്‌യുവി മുതിർന്നവരുടെ സുരക്ഷയിൽ 5 സ്റ്റാർ റേറ്റിംഗും കുട്ടികളുടെ സുരക്ഷയിൽ 4 സ്റ്റാർ റേറ്റിംഗും നേടിയിട്ടുണ്ട്. GNCAP യുടെ നിർദേശം അനുസരിച്ച്, കമ്പനി ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), സൈഡ് ഹെഡ് ഇംപാക്ട് പ്രൊട്ടക്ഷൻ സ്റ്റാൻഡേർഡ്, ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നിവ എല്ലാ സ്ഥാനങ്ങളിലും ഇൻസ്റ്റാൾ ചെയ്താൽ സുരക്ഷ കുറച്ചുകൂടി മെച്ചപ്പെടുത്താം.
ടാറ്റ ആൾട്രോസ്- ടാറ്റ മോട്ടോഴ്സിന്റെ മറ്റൊരു കാറായ ആൾട്രോസ് മുതിർന്നവരുടെ സുരക്ഷയിൽ 5 സ്റ്റാർ റേറ്റിംഗും കുട്ടികളുടെ സുരക്ഷയിൽ 3 സ്റ്റാർ റേറ്റിംഗും നേടി. മുൻവശത്ത് രണ്ട് എയർബാഗുകൾ ഉള്ള കാറിന്റെ ഘടനയും ഫൂട്ട്‌വെൽ ഏരിയയും മികച്ചതാണെന്ന് റേറ്റു ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ സുരക്ഷയുടെ കാര്യത്തിൽ മികവ് പുലർത്തുന്ന കാറുകളിൽ ഉൾപ്പെടുന്ന ടാറ്റായുടെ രണ്ടാമത്തെ മോഡലാണിത്.