മാരുതി സുസുക്കി ബ്രെസ്സ സിഎൻജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഫാക്ടറി സിഎൻജി കിറ്റുമായി വരുന്ന ആദ്യത്തെ സബ് 4 മീറ്റർ എസ്‌യുവിയാണ് ഇത്. 2023 ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി ബ്രെസ്സ സിഎൻജി പ്രദർശിപ്പിച്ചിരുന്നു. ടാറ്റ നെക്‌സണിന്റെയും കിയ സോനെറ്റിന്റെയും വരാനിരിക്കുന്ന സിഎൻജി പതിപ്പുകളെ നേരിടാനുള്ള മാരുതി സുസുക്കിയുടെ തയ്യാറെടുപ്പിന്റെ ഭാഗം കൂടിയാണ് മാരുതി സുസുക്കി ബ്രെസ്സ സിഎൻജി.
പെട്രോൾ എഞ്ചിൻ വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സി.എൻ.ജി പതിപ്പുകൾക്ക് ഏകദേശം 1 ലക്ഷം രൂപ അധികം മുടക്കണം. ഒരു കിലോ ഇന്ധനത്തിന് ഏകദേശം 25.51 കിലോമീറ്റർ മൈലേജാണ് എസ്.യു.വി വാഗ്ദാനം ചെയ്യുന്നത്. ടോപ്പ് എൻഡ് വേരിയന്റിൽ ഇലക്ട്രോണിക് സൺറൂഫ്, ക്രൂസ് കൺട്രോൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള സ്മാർട്ട്പ്ലേ പ്രോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ ലഭിക്കും.
മാരുതി സുസുകിയുടെ XL6, എർട്ടിഗ മോഡലുകളിൽ കാണപ്പെടുന്ന 1.5 ലിറ്റർ നാല്-സിലിണ്ടർ K15C പെട്രോൾ എഞ്ചിനാണ് ബ്രെസ സി.എൻ.ജിയും ഉപയോഗിച്ചിരിക്കുന്നത്. പെട്രോൾ മോഡിൽ ഇത് പരമാവധി 100 bhp പവറും 136 Nm ടോർക്കും ഉത്പാദിപ്പിക്കും. സി.എൻ.ജി മോഡിൽ വാഹനം യഥാക്രമം 88 bhp, 121.5 Nm ടോർക്ക് എന്നിവ ഉത്പ്പാദിപ്പിക്കും.