ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒഡീസി ഇന്ത്യയിൽ പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു. വേഡർ എന്ന് വിളിക്കപ്പെടുന്ന ഇതിന്റെ എക്‌സ്‌ഷോറൂം വില 1.30 ലക്ഷം രൂപയാണ്. എന്നാൽ അഹമ്മദാബാദിൽ 1.10 ലക്ഷം രൂപ മുടക്കിയാൽ വാഹനം സ്വന്തമാക്കാനാവും. മറ്റ് സംസ്ഥാനങ്ങളിൽ 1.30 ലക്ഷമാണ് നൽകേണ്ടത്. (Photo: Mayank Gupta/ News18.com)
ബ്രാൻഡിൽ നിന്നും പുറത്തിറങ്ങുന്ന രണ്ടാമത്തെ ഇലക്ട്രിക് ബൈക്കാണിത്. ഇന്ത്യൻ വിപണിയിൽ ഇതിനകം വിൽപനയിലുള്ള ഇവോക്കിസിന് താഴെയായാണ് ഇത് സ്ഥാനംപിടിച്ചിരിക്കുന്നത്. ഇവോക്കിസിന്റെ വില 1.71 ലക്ഷം രൂപയാണെങ്കിൽ കൂടുതൽ താങ്ങാനാവുന്ന ബദലായാണ് വേഡറിനെ കമ്പനി പരിചയപ്പെടുത്തുന്നത്. (Photo: Mayank Gupta/ News18.com)
പുതുപുത്തൻ ഇലക്ട്രിക് ബൈക്ക് വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 999 രൂപ മുടക്കി ഒഡീസി വേഡർ ഇന്നു മുതൽ ബുക്ക് ചെയ്യാനാവും. ഗൂഗിൾ ആൻഡ്രോയിഡ് ഡിസ്‌പ്ലേയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളാണിത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇതിനായി 7 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്ററാണ് കമ്പനി നൽകിയിരിക്കുന്നത്. (Photo: Mayank Gupta/ News18.com)
ഒഡീസി ഇവി ആപ്പ് ഉപയോഗിച്ച് ഇവ നിയന്ത്രിക്കാനുമാവുമെന്നും കമ്പനി പറയുന്നു. ഇതിനായി ഇ-ബൈക്കിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചറും സ്റ്റാർട്ടപ്പ് ബ്രാൻഡ് കോർത്തിണക്കിയിട്ടുണ്ട്. ഇതിനു പുറമെ ഗൂഗിൾ മാപ്‌സ് നാവിഗേഷൻ, ഒടിഎ അപ്‌ഡേറ്റുകൾ എന്നിവയും സിസ്റ്റം സാധ്യമാക്കുന്നുണ്ട്. (Photo: Mayank Gupta/ News18.com)