യൂടൂബിൽ ചരിത്രമെഴുതി ഇന്ത്യൻ വനിതകൾ; പത്ത് ലക്ഷം സബ്സ്ക്രൈബർമാരുള്ള ചാനലുകൾ 120
Last Updated:
യൂടൂബ് ഇപ്പോൾ ഒരു നഗര പ്രതിഭാസമല്ല. ഇത് കാണുന്ന ആകെ സമയത്തിന്റെ 60 ശതമാനവും മെട്രോ ഇതര നഗരങ്ങളിൽ നിന്നാണ് വരുന്നത്
ന്യൂഡൽഹി: യൂടൂബിൽ അഭൂതപൂർവ്വമായ വളർച്ച കൈവരിച്ച് ഇന്ത്യൻ വനിതകൾ. 10 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള ഇന്ത്യൻ വനിതകൾ തുടങ്ങി യൂടൂബ് ചാനലുകളുടെ എണ്ണം 120 ആയി. ഇന്ത്യയിൽ 10 ലക്ഷം സബ്സ്ക്രൈബർമാരുള്ള ചാനലുകളുടെ എണ്ണം 1200 കടന്നു. 2015ൽ ഇന്ത്യൻ വനിതകളുടെ ഒരൊറ്റ യൂടൂബ് ചാനലും 10 ലക്ഷം സബ്സ്ക്രൈബർമാർ എന്ന നേട്ടം കൈവരിച്ചിരുന്നില്ല. അവിടെനിന്നാണ് മൂന്നുവർഷത്തിനിടെ 120ഓളം വനിതാ ചാനലുകൾ ഒരു മില്യൺ നേട്ടം കൈവരിച്ചിരിക്കുന്നത്. 2016ൽ ഒരാളും 2017ൽ മൂന്നുപേർക്കുമാണ് പത്ത് ലക്ഷം സബ്സ്ക്രൈബർമാർ ഉണ്ടായിരുന്നതെന്ന് യൂടൂബ് ഇൻ കണ്ടന്റ് പാർട്ണർഷിപ്പ് ഡയറക്ടർ സത്യ രാഘവൻ പറഞ്ഞു.
advertisement
"യൂടൂബ് ഇപ്പോൾ ഒരു നഗര പ്രതിഭാസമല്ല. ഇത് കാണുന്ന ആകെ സമയത്തിന്റെ 60 ശതമാനവും മെട്രോ ഇതര നഗരങ്ങളിൽ നിന്നാണ് വരുന്നതെന്ന് സത്യരാഘവൻ ചൂണ്ടിക്കാട്ടി. ഹിന്ദി, തമിഴ്, ബംഗാളി, മറാത്തി, തെലുങ്ക്, മലയാളം തുടങ്ങി ഇന്ത്യൻ ഭാഷകളിൽ പത്ത് ലക്ഷം സബ്സ്ക്രൈബർമാരുള്ള യൂടൂബ് ചാനലുകളുണ്ട്. "പ്രതിമാസം 265 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ഇന്ത്യ ആഗോളതലത്തിൽ യൂടൂബിന്‍റെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ വിപണിയായി മാറി. ഇന്ത്യയിൽ ഒരു യൂടൂബ് ചാനൽ തുടങ്ങാൻ ഇതിലും മികച്ച മറ്റൊരു അവസരമില്ലെന്നും സത്യ രാഘവൻ പറഞ്ഞു.
advertisement
ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, ജാക്വലിൻ ഫെർണാണ്ടസ്, സ്‌പോർട്‌സ് ജേണലിസ്റ്റ് സ്നേഹാൽ പ്രധാൻ തുടങ്ങിയ പ്രമുഖരും യൂടൂബിൽ സജീവമാണ്. പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള ഓട്ടോ, ടെക്നോളജി, ഗെയിമിംഗ്, ഫാമിംഗ് എന്നിവയിൽപ്പോലും വ്യത്യസ്ത ഉള്ളടക്കങ്ങളുമായി വനിതകളുടെ യൂടൂബ് ചാനലുകളുണ്ടെന്ന് സത്യ രാഘവൻ പറഞ്ഞു.


