കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ കാണികളുടെ പെരുമാറ്റത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് അതൃപ്തി. സഞ്ജുവിനായി ആർത്തുവിളിച്ചതും റിഷഭ് പന്തിനെ പരിഹസിച്ചതുമാണ് ഇന്ത്യൻ ക്യാപ്റ്റനെ രോഷാകുലനാക്കിയത്. മൽസരത്തിനിടെ അമർഷം പ്രകടിപ്പിച്ച കോഹ്ലി മൽസര ശേഷവും കാര്യവട്ടത്തെ കാണികളുടെ പെരുമാറ്റത്തിൽ നിരാശനായിരുന്നു. ഇക്കാര്യം ടീം മാനേജ്മെന്റിനെ കോലി അറിയിച്ചു.
സഞ്ജുവിനായി ആർപ്പു വിളിച്ച ആരാധകരെ നിയന്ത്രിക്കാൻ പലഘട്ടത്തിലും പൊലീസിനും ഇടപെടേണ്ടി വന്നു. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടി20യിൽ സഞ്ജു കളിക്കില്ലെന്ന് വ്യക്തമായതോടെണ് കാര്യവട്ടത്ത് എത്തിയ കാണികൾ നിരാശരായത്. സഞ്ജു.. സഞ്ജു.. എന്നാവർത്തിച്ച് വിളിച്ച് കാണികൾ നിരാശ പ്രകടമാക്കുകയും ചെയ്തു. പലപ്പോഴും ഈ വിളി ഇന്ത്യൻ നായകനെ അസ്വസ്ഥനാക്കി.
റിഷഭ് പന്തിനെതിരെയായിരുന്നു പലപ്പോഴും കാണികളുടെ പരിഹാസം. എവിൻ ലൂയിസിന്റെ ക്യാച്ച് റിഷഭ് പന്ത് വിട്ടതോടെ സഞ്ജു ആരാധകർ ആർത്തുവിളിച്ചു. ചിലർ ധോണി ധോണി എന്നും വിളിച്ചു. രോഷാകുലനായി കോഹ്ലി കാണികളോട് ഇതെന്താണ് എന്ന മട്ടില്‍ ആംഗ്യം കാട്ടി. വിവിഐപികൾ ഇരിക്കുന്ന കോർപ്പറേറ്റ് ബോക്സിനടുത്തുള്ള ബൗണ്ടറിക്കരികിലായിരുന്നു ഈ സമയം കോഹ്ലി ഫീൽഡ് ചെയ്തത്.
കൈവിട്ട കളി ഇന്ത്യ പുറത്തെടുത്തപ്പോൾ കാണികൾ പലപ്പോഴും സഞ്ജുവിനെ കളിപ്പിക്കാത്തതിന്റെ കലി പുറത്തെടുത്തു. ഈ സമയം പൊലീസിനും ഇടപെടേണ്ടി വന്നു. ചിലരെ ഇരിപ്പിടങ്ങിളിൽ നിന്ന് പൊലീസിന് മാറ്റേണ്ടിയും വന്നു. മത്സര ശേഷം കോഹ്ലി നിരാശ ടീം മാനേജ്മെന്റിനെ അറിയിച്ചു. സമാന സംഭവങ്ങൾ അരങ്ങേറാതിരിക്കാനുള്ള നടപടി വേണമെന്നായിരുന്നു കോഹ്ലിയുടെ നിലപാട്.