ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തിൽ സ്വന്തം തട്ടകത്തിൽ നാണംകെട്ട തോൽവി വഴങ്ങി ബാഴ്‌സലോണ. ഗ്രൂപ്പ് ജിയിലെ എതിരാളികളായ യുവന്റസിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സ തോൽവി സമ്മതിച്ചത്. ബാഴ്‌സയ്‌ക്ക് വേണ്ടി ലയണൽ മെസിയും യുവന്റസിന് വേണ്ടി ക്രിസ്‌റ്റ‌്യാനോ റൊണാൾഡോയും കളത്തിലിറങ്ങി. എന്നാൽ, റൊണാൾഡോ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞപ്പോൾ മെസി കളിക്കളത്തിൽ നിഷ്‌പ്രഭനായി.
മത്സരത്തിൽ യുവന്റസിനായി രണ്ട് ഗോളുകളാണ് റൊണാൾഡോ നേടിയത്. പെനാൽറ്റിയിലൂടെയാണ് റൊണാൾഡോയുടെ ഇരട്ട ഗോൾ. ഇതിനു പുറമേ വെസ്റ്റൻ മക്കെന്നിയും യുവന്റസിന് വേണ്ടി ഒരു ഗോൾ നേടി. ആദ്യ പകുതിയുടെ 20 മിനിറ്റ് പൂർത്തിയാകുമ്പോൾ തന്നെ ബാഴ്‌സയുടെ വല രണ്ട് തവണ കുലുങ്ങി. ഇതോടെ മെസിയും കൂട്ടരും പ്രതിരോധത്തിലായി.
എന്നാൽ, വിജയത്തിന് ശേഷം റൊണാൾഡോയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. മെസിയുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ഒരിക്കലും എതിരാളിയായി മെസിയെ കണ്ടിട്ടില്ലെന്നും റൊണാൾഡോ പറഞ്ഞു. പതിനാല് വർഷമായി ഞങ്ങൾ ഇരുവരും സമ്മാനങ്ങൾ പങ്കുവെക്കുകയാണെന്നും റൊണാൾഡോ പറഞ്ഞു. അദ്ദേഹം അദ്ദേഹത്തിന്റെ ടീമിന് വേണ്ടിയും ഞാൻ എന്റെ ടീമിന് വേണ്ടിയും മികച്ച കളി പുറത്തെടുക്കാൻ ശ്രമിക്കുന്നു- റൊണാൾഡോ പറഞ്ഞു.