DC vs CSK IPL 2024 : ധോണിയുടെ പോരാട്ടം ഫലം കണ്ടില്ല; ചെന്നൈയെ മുട്ടുകുത്തിച്ച് ഡല്‍ഹിക്ക് 20 റണ്‍സ് വിജയം
- Published by:Arun krishna
- news18-malayalam
Last Updated:
സീസണില്‍ ആദ്യമായി ചെന്നൈ മുന്‍ നായകന്‍ എം.എസ് ധോണി ബാറ്റിങിന് ഇറങ്ങി
ഋഷഭ് പന്തിന്റെയും ഡേവിഡ് വാര്‍ണറുടെയും അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഐ.പി.എല്‍. സീസണിലെ ആദ്യ ജയം സ്വന്തമാക്കി. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് ടീം പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ പോരാട്ടം, നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സില്‍ അവസാനിച്ചു.
advertisement
സീസണില്‍ ആദ്യമായി ചെന്നൈ മുന്‍ നായകന്‍ എം.എസ് ധോണി ബാറ്റിങിന് ഇറങ്ങിയപ്പോള്‍ ഒരു കിടിലന്‍ ഫിനിഷിങ്ങിലൂടെ 'തല' ടീമിനെ വിജയിപ്പിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി കാണികളെ താരം ആവേശത്തിലാഴ്ത്തി. എന്നിരുന്നാലും ചെന്നൈയ്ക്ക് വിജയം സമ്മാനിക്കാന്‍ ധോണിക്ക് കഴിഞ്ഞില്ല. 16 പന്തില്‍ 3 സിക്‌സും 4 ഫോറും ഉള്‍പ്പെടെ 37 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയത്.
advertisement
ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ ഋഷഭ് പന്ത് 32 പന്തിൽ 51 റൺസുമായി തിളങ്ങി. ഓപ്പണിങിൽ പൃഥ്വി ഷായും ഡേവിഡ് വാർണറും ചേർന്ന് സ്വപ്‌ന തുടക്കമാണ് നൽകിയത്. പവർപ്ലേയിൽ ആഞ്ഞടിച്ച് ഇരുവരും അതിവേഗം അൻപത് കടത്തി. വാര്‍ണര്‍ അര്‍ധ സെഞ്ച്വറി നേടി. താരം 35 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും സഹിതം 52 റണ്‍സെടുത്തു. പൃഥ്വി 27 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും സഹിതം 43 റണ്‍സും അടിച്ചെടുത്തു.
advertisement
മിച്ചല്‍ മാര്‍ഷ് (18), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (പൂജ്യം) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. 9 റണ്‍സുമായി അഭിഷേക് പൊരേലും 7 റണ്‍സുമായി അക്‌സര്‍ പട്ടേലും പുറത്താകാതെ നിന്നു. ചെന്നൈക്കുവേണ്ടി മതീഷ പതിരണ നാലോവറില്‍ 31 റണ്‍സ് വഴങ്ങി 3 വിക്കറ്റ് നേടി. മുസ്താഫിസുര്‍റഹ്‌മാന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
advertisement
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ, വളരെ പരിതാപകരമായാണ് തുടങ്ങിയത്. ആദ്യ ഓവറില്‍ത്തന്നെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്ക്‌വാദ് പുറത്തായി (1). മൂന്നാം ഓവറില്‍ രചിന്‍ രവീന്ദ്രയെയും ഖലീല്‍ അഹ്‌മദ് പുറത്താക്കി. പവര്‍ പ്ലേയില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് മാത്രം നേടിയപ്പോള്‍ തന്നെ ചെന്നൈയുടെ നില പരുങ്ങലിലായി.
advertisement
മൂന്നാം വിക്കറ്റില്‍ പക്ഷേ, അജിങ്ക്യ രഹാനെയും ഡറില്‍ മിച്ചലും ചേര്‍ന്ന് 68 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. മിച്ചലിനെ അക്‌സര്‍ പട്ടേല്‍ പുറത്താക്കി (26 പന്തില്‍ 34). 14-ാം ഓവര്‍ എറിയാനെത്തിയ മുകേഷ് കുമാര്‍, അടുത്തടുത്ത പന്തുകളില്‍ ശിവം ദുബെയും (17 പന്തില്‍ 18) സമീര്‍ റിസ്‌വിയെയും (പൂജ്യം) മടക്കിയതോടെ ഡല്‍ഹിയുടെ വിജയ പ്രതീക്ഷ വീണ്ടും സജീവമായി.
advertisement
എന്നാല്‍ ധോണിയെത്തിയതോടെ കളി മാറി. ആദ്യ പന്തില്‍ത്തന്നെ ഫോര്‍. തുടര്‍ ബൗണ്ടറികളുമായി ധാേണി കളം നിറഞ്ഞതോടെ ഖലീല്‍ അഹ്‌മദും മുകേഷ് കുമാറും ഉള്‍പ്പെടെയുള്ള ഡല്‍ഹിയുടെ ബൗളിങ് നിര സമ്മര്‍ദ്ദത്തിലായി. പക്ഷെ അവസാനം ഡല്‍ഹി 20 റണ്‍സിന്റെ ജയം സ്വന്തമാക്കി. രണ്ട് ഓവര്‍ മുന്‍പ് ധോണി കളത്തിലെത്തിയിരുന്നെങ്കില്‍ ഡല്‍ഹിയുടെ വിജയ പ്രതീക്ഷ അസ്തമിച്ചെനെ.