കറാച്ചി: പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ എയർബസ് എ 320 വിമാനം കറാച്ചി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടു മുമ്പ് തകർന്നുവീണത് ഹൗസിംഗ് കോളനിയിൽ. 91 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്.
അപകടസ്ഥലത്ത് നിന്ന് 66 മൃതദേഹങ്ങൾ കണ്ടെടുത്തായി ആദ്യ റിപ്പോർട്ടുകൾ പറയുന്നു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ച തിരിഞ്ഞ് 2.37ന് വിമാനത്തിന്റെ റേഡിയോ ബന്ധം നഷ്ടമായി. നിമിഷങ്ങൾക്കുള്ളിൽ തകരുകയായിരുന്നു. രണ്ടുപേർ ഒഴികെ മറ്റെല്ലാവരും മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ജിന്ന ഇന്റർനാഷണൽ വിമാനത്താവളത്തിന് സമീപം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മോഡൽ ഹൗസിംഗ് കോളനിയിലാണ് വിമാനം വീണത്. തകർന്ന വീടുകളിൽ നിന്ന് പരിക്കേറ്റ മുപ്പതോളം പേരെ ആശുപത്രികളിലേക്ക് മാറ്റി. മിക്കവർക്കും പൊള്ളലേറ്റ പരിക്കാണ്.
റൺവേ തൊടാൻ കഷ്ടിച്ച് 900 മീറ്റർ മാത്രം ശേഷിക്കേ വിമാനം തകരുകയായിരുന്നു. ലാൻഡിംഗിന് ഒരുമിനിറ്റ് മുമ്പായിരുന്നു ദുരന്തം. അവസാന നിമിഷങ്ങളിൽ പൈലറ്റിന്റെ അപായ സന്ദേശം എയർ ട്രാഫിക് കൺടോളിൽ ലഭിച്ചെങ്കിലും ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ക്യാപ്റ്റൻ സജ്ജദ് ഗുൽ ആയിരുന്നു പൈലറ്റ്.
ലാൻഡിംഗ് ഗിയറിന് തകരാറുണ്ടെന്ന് ക്യാപ്റ്റൻ എയർ ട്രാഫിക് ടവറിനെ അറിയിച്ചതിന് പിന്നാലെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി.രണ്ട് തവണ ലാൻഡിഗിന് ശ്രമിച്ച വിമാനം ഒരു മൊബൈൽ ടവറിൽ ഇടിച്ച ശേഷം വീടുകൾക്കു മുകളിൽ പതിക്കുകയായിരുന്നെന്നും ചിറകുകളിൽ തീ പിടിച്ചാണ് വിമാനം താഴേക്ക് വന്നതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിന് പാക് കരസേനയും വ്യോമ സേനയും രംഗത്തുണ്ട്. 2016 ഡിസംബറിൽ 46 പേർ കൊല്ലപ്പെട്ട വിമാനാപകടത്തിന് ശേഷം പാകിസ്ഥാനിൽ ഉണ്ടാകുന്ന ആദ്യ വിമാന ദുരന്തമാണിത്. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അന്വേഷണത്തിന് ഉത്തരവിട്ടു.