സാധാരണ പനിയും ജലദോഷവും കാരണം അപ്പോളോ ക്ലിനിക്കിൽ ചികിത്സ തേടിയ യുവാവിനാണ് കൺസൾട്ടേഷൻ, വിവിധ പരിശോധനകൾ, മരുന്നുകൾ എന്നിവയുൾപ്പെടെ വലിയൊരു തുക ബില്ലായി ലഭിച്ചത്. ഏകദേശം 9,900 രൂപയാണ് മൊത്തം ചിലവായത്. "ഒരു സാധാരണ പനിക്ക് അപ്പോളോ ക്ലിനിക്കിൽ പോയി. രക്തപരിശോധനയും സ്വാബ് ടെസ്റ്റും ഉൾപ്പെടെ ആകെ ബില്ല് 9,000 രൂപ. മരുന്നുകൾക്ക് വേറെ 900 രൂപയും. ഇത് ഒട്ടും അർഹിക്കുന്ന തുകയല്ല," എന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചു.
advertisement
ഈ പോസ്റ്റ് ലക്ഷക്കണക്കിന് ആളുകൾ കാണുകയും സ്വകാര്യ ആശുപത്രികളിലെ നിരക്കുകളെക്കുറിച്ച് വലിയ സംവാദത്തിന് വഴിയൊരുങ്ങുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ നൽകിയാൽ ആവശ്യമായ സഹായങ്ങൾ നൽകാമെന്ന് സംഭവത്തിൽ പ്രതികരണവുമായി എത്തിയ അപ്പോളോ ക്ലിനിക്ക് അധികൃതർ അറിയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ഇതിനോട് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഒരു സാധാരണ അസുഖത്തിന് ഇത്ര വലിയ തുക ഈടാക്കുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം വാദിച്ചു. അതേസമയം സ്വകാര്യ ക്ലിനിക്കുകളിൽ പോകുമ്പോൾ ഇത്തരം ചിലവുകൾ പ്രതീക്ഷിക്കണമെന്നാണ് മറ്റുള്ളവർ പറയുന്നത്.
ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ചു. തനിക്ക് പനി വരുമ്പോൾ ഡോക്ടറെ കാണാറില്ലെന്നും പരിശോധനകളോ ആന്റിബയോട്ടിക്കുകളോ എടുക്കാറില്ലെന്നും, ഇതിലൂടെ കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ ലക്ഷക്കണക്കിന് രൂപ താൻ ലാഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമായിരിക്കെ എന്തിനാണ് ആളുകൾ അവിടേക്ക് പോകാത്തതെന്ന് ചിലർ ചോദിക്കുന്നു. ചികിത്സ എവിടെ വേണമെന്ന് തിരഞ്ഞെടുക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ടെന്നും, അയൽപക്കത്തെ ഡോക്ടറുടെ അഭിപ്രായം തേടുന്നതിന് പകരം വലിയ ക്ലിനിക്കുകളിൽ പോകുന്നത് രോഗിയുടെ തീരുമാനമാണെന്നും ചിലർ ചൂണ്ടിക്കാട്ടി. ഇത്തരം ക്ലിനിക്കുകൾ ലാഭം മാത്രം ലക്ഷ്യം വെച്ചാണ് പ്രവർത്തിക്കുന്നതെന്നാണ് ചിലരുടെ വിമർശനം.സർക്കാർ ആശുപത്രികളിൽ മികച്ച ഡോക്ടർമാരുണ്ടെങ്കിലും സൗകര്യങ്ങളില്ലെന്നും എന്നാൽ സ്വകാര്യ ആശുപത്രികളിൽ സൗകര്യങ്ങളുണ്ടെങ്കിലും ധാർമ്മികതയില്ലെന്നും മറ്റൊരു ഉപഭോക്താവ് കുറിച്ചു.
