ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിലെ ധരംപൂർ സബ് ഡിവിഷൻ പരിധിയിൽ വരുന്ന ലോംഗാനി പഞ്ചായത്തിലാണ് ബർഫി ദേവി താമസിക്കുന്നത്. സമീപ പ്രദേശത്തെ മറ്റ് സ്ത്രീകൾക്കൊപ്പം പുല്ല് മുറിക്കുന്നതിനിടെയായിരുന്നു പുലിയുടെ ആക്രമണം. പുലി ദേഹത്തേയ്ക്ക് ചാടി വീണപ്പോൾ അലറി വിളിച്ച ബർഫി ദേവി ധൈര്യം സംഭരിച്ച് കൈയിലിരുന്ന അരിവാൾ പുലിയ്ക്ക് നേര ആഞ്ഞ് വീശി കൊണ്ടിരുന്നു. ഒപ്പമുണ്ടായിരുന്ന സാവിത്രി എന്ന സ്ത്രീ ഉൾപ്പെടെ പ്രദേശത്തെ മറ്റ് സ്ത്രീകളും ബർഫിയ്ക്ക് ഒപ്പം ചേർന്ന് പുലിയെ ഭയപ്പെടുത്താൻ ശ്രമിച്ചു.
advertisement
സ്ത്രീകളുടെ നിലവിളി കേട്ട് പുള്ളിപ്പുലിയെ ഓടിക്കാൻ മറ്റ് ഗ്രാമീണരും ഓടിയെത്തി. എന്നാൽ, നിർഭാഗ്യവശാൽ അപ്പോഴേക്കും ബർഫി ദേവിയുടെ ഒരു കൈയ്ക്ക് പരിക്കേറ്റിരുന്നു. നാട്ടുകാർ ഓടിക്കൂടിയതോടെ പുലി ഓടി രക്ഷപ്പെട്ടു. ബർഫി ദേവിയെ ഉടൻ തന്നെ സർക്കാഘട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലിയ്ക്ക് മുന്നിൽ ബർഫി ദേവി കാണിച്ച ധൈര്യം ഗ്രാമീണരെയും അധികൃതരെയും അത്ഭുതപ്പെടുത്തി. സംഭവം വനംവകുപ്പിനും ധരംപൂരിലെ പോലീസ് സ്റ്റേഷനിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ പൗരി ഗർവാളിൽ 50 കാരി 15 വയസുള്ള പെൺകുട്ടിയെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. മന്ദാഖൽ ഗ്രാമവാസിയായ പിത്താംബരി ദേവിയാണ് പെൺകുട്ടിയുടെ രക്ഷകയായി മാറിയത്. കന്നുകാലികളെ മേയ്ക്കാൻ ഗ്രാമത്തിന് സമീപത്തുള്ള വനാതിർത്തിയിലെത്തി മടങ്ങവെയാണ് പിത്താംബരി ദേവിയ്ക്കും ബന്ധുവായ പെൺകുട്ടിക്കും മേൽ പുലി ചാടി വീണത്. പുള്ളിപ്പുലി പെൺകുട്ടിയുടെ കഴുത്തിൽ പിടിച്ച് കാട്ടിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതാണ് പിത്താംബരി കണ്ടത്. പെട്ടെന്ന് കൈയിൽ കിട്ടിയ ഒരു വടിയുമായി പിത്താംബരി അലറിക്കൊണ്ട് പുള്ളിപ്പുലിയുടെ അടുത്തേക്ക് ഓടി. എന്തും വരട്ടെയെന്ന് കരുതി ഇവർ അലറിക്കൊണ്ട് പുലിയെ കുറേ തവണ വടികൊണ്ട് അടിച്ചു. ഇതോടെയാണ് പുള്ളിപ്പുലി പെൺകുട്ടിയെ ഉപേക്ഷിച്ചു വനത്തിലേക്ക് ഓടി മറഞ്ഞത്. പുലിയുടെ ആക്രമണത്തിൽ കഴുത്തിൽ ആഴത്തിൽ മുറിവേറ്റ പെൺകുട്ടിയെ ശ്രീനഗർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.
Also Read-വാക്സിൻ എടുത്താൽ മൊബൈൽ റീ ചാർജ് സൗജന്യം; വ്യത്യസ്ത വാഗ്ദാനവുമായി എംഎൽഎ
സമീപകാലത്ത് മലയോര സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നൈനിറ്റൽ ജില്ലയിലെ ഒഖാൽകണ്ട പ്രദേശത്ത് അടുത്തിടെ 45 കാരിയായ സ്ത്രീയെ പുള്ളിപ്പുലി കടിച്ചു കൊലപ്പെടുത്തി. അതേ പരിസരത്ത്, കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ട് കൗമാരക്കാർ ഉൾപ്പെടെ മൂന്ന് സ്ത്രീകൾ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പിതോറഗഢ് ജില്ലയിലെ ഗ്രാമങ്ങളിലും പുള്ളിപ്പുലി ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. നരഭോജിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് ഒരു പുള്ളിപ്പുലിയെ വനംവകുപ്പിൽ നിന്ന് ഉത്തരവ് പ്രകാരം വേട്ടക്കാരുടെ സംഘം വെടിവച്ചു കൊന്നു.
