'ചാഹുൻ മേൻ യാ നാ' എന്ന ബോളിവുഡ് ഗാനമാണ് വീഡിയോയിൽ ഇവർ പാടുന്നത്. ഒരു സംഗീതോപകരണങ്ങളുടെയും പിന്തുണയില്ലാതെ വളരെ മധുരമായാണ് സ്വന്തം ശബ്ദത്തിൽ യുവതി ഗാനം ആലപിക്കുന്നത്. തുടർന്ന് നിരവധി ആളുകൾ അവളെ പ്രശസ്ത ഗായികയായ പാലക് മുച്ചലുമായി ഉപമിക്കുകയും അഭിനന്ദിക്കുകയും ചെയ്തുകൊണ്ട് രംഗത്തെത്തി
എന്നാൽ രാജേഷ് സാഹു എന്ന യുവാവ് ഈ വൈറലായ പെൺകുട്ടിയുടെ വീഡിയോ എക്‌സിൽ അപ്‌ലോഡ് ചെയ്തുകൊണ്ട് ഒരു കുറിപ്പ് പങ്കുവെച്ചു. ഗായികയുടെ ശബ്ദത്തോട് തനിയ്ക്ക് പ്രണയം തോന്നുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ വീഡിയോ പോസ്റ്റ് പങ്കുവെച്ചത്. " അവൾ ആരാണ്? അവളുടെ കൂടുതൽ പാട്ടുകൾ കേൾക്കണം. അവരുടെ ശബ്ദത്തോട് എനിക്ക് പ്രണയം തോന്നി." എന്ന് ഒരു ഹാർട്ട് ഇമോജിയോട് കൂടിയാണ് രാജേഷ് കുറിച്ചത്
advertisement
എന്നാൽ രസകരമെന്ന് പറയട്ടെ, ഇയാളുടെ പോസ്റ്റിന് അപ്രതീക്ഷിതമായി ഭാര്യയുടെ കമന്റ് എത്തിയപ്പോഴാണ് ശരിക്കും യുവാവ് പങ്കുവെച്ച പോസ്റ്റ് വൈറലായത്. ശിവാനി സാഹു എന്നാണ് രാജേഷിന്റെ ഭാര്യയുടെ പേര്. “ശരിയാക്കി തരാം ! വീട്ടിലേക്ക് വാ , നമുക്ക് പ്രണയിക്കാം" എന്നാണ് ഇവർ ഭർത്താവ് പങ്കുവെച്ച വീഡിയോ റീപോസ്റ്റ് ചെയ്തുകൊണ്ട് കമന്റ് ചെയ്തത്.
തുടർന്ന് ഭാര്യയുടെ കമന്റ് കണ്ട രാജേഷും തനിക്കിത് പാരയാകും എന്ന് മനസ്സിലാക്കി പ്രതികരണവുമായി രംഗത്തെത്തി. " അയ്യോ എന്റെ സ്നേഹം നിനക്കു മാത്രമുള്ളതാണ്" എന്നും യുവാവ് പറഞ്ഞു. കൂടാതെ അവൾക്ക് നല്ല ശബ്ദമായതുകൊണ്ടാണ് അങ്ങനെ പറഞ്ഞതതെന്നും രാജേഷ് വ്യക്തമാക്കി.
എന്നാൽ ഇതിനും ഭാര്യയുടെ മറുപടിയെത്തി, വിശദീകരണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു മറുപടി. എന്തായാലും ഭാര്യയും ഭർത്താവും തമ്മിലുള്ള രസകരമായ സംഭാഷണം കണ്ട് നിരവധി ആളുകളാണ് കമെന്റുകളുമായി എത്തിയിരിക്കുന്നത്. പലരും ഭാര്യയെ പിന്തുണച്ച് രംഗത്തെത്തിയപ്പോൾ ചിലരാകട്ടെ ഭർത്താവിനോട് വീട്ടിലേക്ക് പോകുമ്പോൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.