ചൈത്രയുടെയും കാളിമുത്തുവിന്റെയും അഞ്ചാമത്തെ കുട്ടിയായിരുന്നു അഞ്ജലി. 22 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാതാപിതാക്കൾക്ക് അഞ്ജലിയെ നഷ്ട്ടപ്പെട്ടത്. തമിഴ്നാട്ടില്‍ നിന്ന് കര്‍ണാടകയിലെ മുദിഗെരെയിലേക്ക് കാപ്പിത്തോട്ടത്തിൽ ജോലിക്കായി എത്തിയതായിരുന്നു ദമ്പതികള്‍.
''അക്കാലത്ത് കേരളത്തില്‍ നിന്നുള്ള തടി വ്യാപാരികള്‍ മുഡിഗെരെയിൽ എത്താറുണ്ടായിരുന്നു. മരത്തടികള്‍ കൊണ്ടുപോകാന്‍ ചിലര്‍ ആനകളെയും പാപ്പാന്മാരെയും കൂടെ കൊണ്ടുവന്നിരുന്നു. ഞങ്ങള്‍ ജോലി ചെയ്യുന്ന എസ്റ്റേറ്റിന് സമീപം ഒരു പാപ്പാന്റെ കുടുംബം താമസിച്ചിരുന്നു. രണ്ട് കുടുംബങ്ങളിലെയും കുട്ടികള്‍ ഒരുമിച്ച് കളിക്കുമായിരുന്നു. ഒരു ദിവസം അഞ്ജലിയെ കാണാതായി. അവളെ എല്ലായിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അവള്‍ പാപ്പാന്റെ കുടുംബത്തോടൊപ്പം പോയിട്ടുണ്ടാകുമെന്ന് ചിലർ പറഞ്ഞു. എന്നാൽ, ഞങ്ങള്‍ക്ക് അവളെ കണ്ടെത്താന്‍ ഒരു വഴിയുമില്ലായിരുന്നു. ദാരിദ്ര്യം കാരണം പോലീസില്‍ പരാതിയും നൽകിയില്ല'' ചൈത്ര പഴയ കാര്യങ്ങൾ ഓര്‍ത്തെടുത്തു.
advertisement
അന്ന് ഒമ്പത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അഞ്ജലി, പാപ്പാന്റെ കുടുംബത്തോടൊപ്പം കേരളത്തിലെത്തി. അവിടെ കുറച്ച് വര്‍ഷം വീട്ടുജോലിക്കാരിയായി ജോലി ചെയ്തു. പിന്നീട് കലാകാരനായ നെല്ലാമണി സജിയെ വിവാഹം കഴിച്ചു. വിവാഹ ശേഷം, സജിയോട് അവള്‍ തന്റെ കഥകളെല്ലാം പറഞ്ഞു. സജി കോഴിക്കോട്ടെ സുഹൃത്തുക്കളുടെ സഹായത്തോടെ മുഡിഗെരെയിലെ സാമൂഹിക പ്രവര്‍ത്തകനായ മോനുവുമായി ബന്ധപ്പെട്ടു.
'കഴിഞ്ഞ ആഴ്ച കോഴിക്കോടുള്ള എന്റെ സുഹൃത്തിന്റെ ഒരു കോള്‍ വന്നു. നെല്ലാമണി സജിയെയും ഭാര്യ അഞ്ജലിയെയും കുറിച്ച് അദ്ദേഹമാണ് എന്നോട് പറഞ്ഞത്. മുഡിഗെരെയിലുള്ള അഞ്ജലിയുടെ അമ്മയെ കണ്ടെത്താന്‍ അവര്‍ എന്റെ സഹായം തേടി,'' മോനു പറഞ്ഞു.
മുഡിഗെരെയിലെ എസ്റ്റേറ്റ് ഉടമകള്‍ക്കിടയിലെ സുഹൃത്തുക്കളുടെ സഹായത്തോടെ മോനു രണ്ട് ദിവസം മുമ്പ് ചൈത്രയെ കണ്ടെത്തി. തുടര്‍ന്ന് അവരോട് സംസാരിക്കുകയും മകളെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ''അഞ്ജലി എന്നോട് പറഞ്ഞ കാര്യങ്ങളും ചൈത്ര പറഞ്ഞതുമായ കാര്യങ്ങളും തമ്മില്‍ പൊരുത്തമുണ്ടായിരുന്നു. ഞാന്‍ ചൈത്രയുടെ ഫോട്ടോയും വീഡിയോകളും എടുത്ത് തിങ്കളാഴ്ച അഞ്ജലിക്ക് അയച്ചു. ഇതോടെ അഞ്ജലി അമ്മയെ തിരിച്ചറിഞ്ഞു'' മോനു ദി ഹിന്ദുവിനോട് പറഞ്ഞു.
അഞ്ജലി ഇപ്പോള്‍ മൂന്ന് കുട്ടികളുടെ അമ്മയാണ്. സജിയും അഞ്ജലിയും ചൊവ്വാഴ്ച മുഡിഗെരെയിലെത്തി. മോനുവിന്റെയും മറ്റ് സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ അമ്മയെ കണ്ടു. അഞ്ജലി ഭര്‍ത്താവിനെ അമ്മയ്ക്ക് പരിചയപ്പെടുത്തി. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ കണ്ടുമുട്ടിയതില്‍ സന്തോഷമുണ്ടെന്ന് ചൈത്ര പറഞ്ഞു. ഭര്‍ത്താവിന്റെ മരണ ശേഷം ചൈത്ര ഇപ്പോള്‍ ഒറ്റയ്ക്ക് താമസിക്കുകയാണ്. ഇവരുടെ മറ്റ് മക്കള്‍ മറ്റ് എസ്റ്റേറ്റുകളിലാണ് ജോലി ചെയ്യുന്നത്.
