സിർമൗറിലെ റോൺഹാറ്റ് പ്രദേശത്തെ ശങ്കോലി ഗ്രാമത്തിലെ ഒരു തദ്ദേശവാസിയാണ് തന്റെ വയലിൽ വച്ച് കുട്ടിയെ കണ്ടെത്തിയത്. തന്റെ വയലിലെ ചാണക കൂമ്പാരത്തിൽ നിന്ന് കരയുന്ന ശബ്ദം കേട്ടപ്പോൾ അദ്ദേഹത്തിന് ആദ്യം ഭയം തോന്നി. എങ്കിലും കൃഷിക്കാരൻ ധൈര്യം സംഭരിച്ച് ശബ്ദം കേട്ട ഭാഗത്ത് എത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന നവജാത ശിശുവിനെയാണ്.
advertisement
പൊലീസ് ഊർജിതമായി കേസ് അന്വേഷിക്കുന്നുണ്ടെങ്കിലും കുട്ടിയുടെ അമ്മയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആദ്യം കുട്ടിയെ രക്ഷിക്കുകയെന്നതാണ് തങ്ങളുടെ മുൻഗണനയെന്ന് ഷില്ലായ് പൊലീസ് സ്റ്റേഷൻ ചുമതലയുള്ള മാസ്റ്റ് റാം താക്കൂർ പറഞ്ഞു. നവജാത ശിശുവിന് ജന്മം നൽകുകയും വയലിൽ ഉപേക്ഷിക്കുകയും ചെയ്ത അമ്മയെ പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ പലയിടത്തും പെൺകുട്ടികളെ മാതാപിതാക്കൾ ഒരു ഭാരമായി കണക്കാക്കുന്നതിനാൽ ജനിക്കുമ്പോൾ തന്നെ അവരെ ഉപേക്ഷിക്കാറുണ്ട്. സർക്കാരിന്റെ ‘ബേട്ടി ബച്ചാവോ, ബേട്ടി പാഠാവോ’ എന്നാ പദ്ധതി ഉണ്ടായിരുന്നിട്ടും, പെൺ ശിശുഹത്യകൾ അല്ലെങ്കിൽ നവജാത ശിശുക്കളെ ഉപേക്ഷിക്കുന്നത് രാജ്യത്തിന്റെ പല ഗ്രാമപ്രദേശങ്ങളിലും ഇപ്പോഴും നിലനിൽക്കുന്നു. ചില സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെങ്കിലും ഇതേ പോലെയുള്ള മറ്റു ചില സംഭവങ്ങൾ വാർത്താ മാധ്യമങ്ങളിൽ ഇടംപിടിക്കുന്നു.
റോൺഹാറ്റ് പ്രദേശത്ത് സമാനമായ ഒരു കേസ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അവിവാഹിതയായ ഒരു പെൺകുട്ടി ആശുപത്രിയുടെ ടോയ്‌ലറ്റിൽ നവജാതശിശുവിനെ പ്രസവിക്കുകയും, തുടർന്ന് കുട്ടിയെ ജനാലയിലൂടെ പുറത്തേയ്ക്ക് എറിയുകയും ചെയ്തു. അധികൃതർ ഈ നവജാതശിശുവിനെ രക്ഷപ്പെടുത്തിയിരുന്നു. കുറ്റവാളിയെ കണ്ടുപിടിക്കുന്നതിൽ പൊലീസ് വിജയിക്കുകയും ചെയ്തു. ഈ കേസിലും സമാനമായ ഫലം പ്രതീക്ഷിക്കാമെന്ന് ഷില്ലായ് പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
കുട്ടികളെ ഉപേക്ഷിക്കുന്നത് ഇന്ത്യയുടെ ശിക്ഷാ നിയമത്തിലെ 317-ാം വകുപ്പ് പ്രകാരമുള്ള ശിക്ഷാർഹമായ കുറ്റമാണ്. എന്നാൽ ഇത് ഇന്ത്യയിൽ വളരെക്കാലമായി നിലനിൽക്കുന്ന ഒരു പ്രശ്നമാണ്, പ്രത്യേകിച്ചും പെൺകുട്ടികളോട്, ലിംഗ വിവേചനവുമായി ബന്ധപ്പെട്ട അവഗണന മൂലം ഓരോ വർഷവും ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ മരിക്കുന്നു.
ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്കായി സംസ്ഥാനത്തൊട്ടാകെയുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കുഞ്ഞുങ്ങളെ സ്വീകരിക്കുന്ന തൊട്ടിൽ കേന്ദ്രങ്ങൾ (സിബിആർസി) ഹിമാചൽ സർക്കാർ സ്ഥാപിച്ചിട്ടുണ്ട്. പ്രാദേശിക ആശുപത്രികളും കമ്മ്യൂണിറ്റി ഹെൽത്ത് സെൻററുകളും കേന്ദ്രീകരിച്ചാണ് ഇവ പ്രവർത്തിക്കുന്നത്.
