സാധാരണഗതിയിൽ സ്വർണം മുതൽ ഖുറാൻ വരെ മഹർ ആയി നൽകാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു മഹർ ആവശ്യപ്പെട്ടിരിക്കുകയാണ് പാകിസ്ഥാനിലെ ഒരു വധു. പുസ്തകങ്ങൾ മഹറായി ആവശ്യപ്പെടുന്ന പെൺകുട്ടികൾ ഇന്ന് നിരവധിയുണ്ടെങ്കിലും പാക് സ്വദേശിയായ നൈല ഷമലിന്റെ ആവശ്യം വായനയുടേയും പുസ്തകങ്ങളുടേയും പ്രാധാന്യം കൂടുതൽ വ്യക്തമാക്കുന്നതാണ്.
1 ലക്ഷം രൂപ വില വരുന്ന പുസ്തകങ്ങൾ വേണമെന്നാണ് നൈല തന്റെ ഭാവി വരനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നൈലയുടെ ആവശ്യം പാകിസ്ഥാനിൽ മാത്രമല്ല, സൈബർ ലോകം മുഴുവൻ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. വിവാഹവേഷത്തിൽ ബുക്ക് ഷെൽഫിന് മുന്നിൽ നിന്നാണ് നൈല സംസാരിക്കുന്നത്. എഴുത്തുകാരി കൂടിയായ നൈല വിവാഹവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ പ്രവണതകളെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യം കൂടി മുന്നിൽ കണ്ടാണ് ഒരു ലക്ഷം രൂപ വിലമതിക്കുന്ന പുസ്തകങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.
advertisement
"നിങ്ങൾക്കെല്ലാവർക്കും അറിയാം, ഒരു ലക്ഷം രൂപ വിലവരുന്ന പുസ്തകങ്ങളാണ് ഞാൻ മഹറായി ആവശ്യപ്പെട്ടിരിക്കുന്നത്. അതിന്റെ ഒരു കാരണം, ഇതിനുള്ള ഒരു കാരണം രാജ്യത്ത് വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം കാരണം വിലയേറിയ സമ്മാനങ്ങൾ നൽകാൻ കഴിയില്ല എന്നതാണ്. മറ്റൊന്ന്, സമൂഹത്തിലെ തെറ്റായ പ്രവണത ഇല്ലാതാക്കണം എന്നതും". വീഡിയയോിൽ നൈല പറയുന്നു.
കൂടുതൽ പെൺകുട്ടികളും വിവാഹത്തിന് മഹറായി ആവശ്യപ്പെടുന്നത് സ്വർണമോ പണമോ ആണ്. എന്നാൽ ഒരു എഴുത്തുകാരി എന്ന നിലയിൽ തനിക്ക് ഏറ്റവും മൂല്യമുള്ളത് പുസ്തകങ്ങളാണെന്നും അതിനാലാണ് ഇങ്ങനെയൊരു മഹർ ആവശ്യപ്പെട്ടതെന്നും നൈല. എഴുത്തുകാർ തന്നെ പുസ്തകങ്ങളുടെ മൂല്യം മനസ്സിലാക്കുന്നില്ലെങ്കിൽ സാധാരണക്കാർക്ക് അത് എങ്ങനെ മനസ്സിലാകുമെന്നും നൈല ചോദിക്കുന്നു.
മഹറായി പുസ്തകങ്ങൾ ആവശ്യപ്പെടുന്നതിലൂടെ കൂടുതൽ പേർ ഇതേ മാതൃക പിന്തുടരുമെന്നും നൈല പ്രതീക്ഷിക്കുന്നു. ഇതിനകം ആയിരത്തിലധികം തവണയാണ് നൈലയുടെ വീഡിയോ റീട്വീറ്റ് ചെയ്യപ്പെട്ടത്.
സ്ത്രീക്ക് മഹർ നിശ്ചയിക്കാതെയും നൽകാതെയുള്ള വിവാഹങ്ങൾ സാധുവാകുകയില്ലെന്നാണ് ഇസ്ലാമിൽ പറയുന്നത്. വിവാഹമൂല്യം എത്രയാവണമെന്ന് ഇസ്‌ലാം കൃത്യമായി നിർണയിച്ചിട്ടില്ല. മൂല്യവത്തായ എന്തും മഹ്ർ ആകാവുന്നതാണ്.