ഫോർബ്‌സിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് കൊവിഡ് 19ന് കാരണമാകുന്ന വൈറസായ SARS-CoV-2ന്റെ സ്പൈക്ക് പ്രോട്ടീനുമായി CBDA, CBGA എന്നീ ആസിഡുകൾ ബന്ധിപ്പിക്കാൻ കഴിയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. സ്പൈക്ക് പ്രോട്ടീനുമായി ബന്ധിപ്പിക്കുന്നതിലൂടെ സംയുക്തങ്ങൾക്ക് വൈറസിനെ കോശങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നും അണുബാധയുണ്ടാക്കുന്നതിൽ നിന്നും തടയാൻ കഴിയും. ഇത് രോഗത്തെ തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള പുതിയ വഴികളാണ് തുറക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
വാൻ ബ്രീമെന്റെ നേതൃത്വത്തിലുള്ള ഒറിഗൺ ഹെൽത്ത് & സയൻസ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് കഞ്ചാവിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ആസിഡുകൾ കോവിഡിന്റെ സ്പൈക്ക് പ്രോട്ടീനുമായി ബന്ധിപ്പിക്കാമെന്ന് കണ്ടെത്തിയത്. ഇത് ആളുകളിൽ വൈറസ് ബാധിക്കുന്ന നിർണായക ഘട്ടത്തെ തടയുന്നു.
advertisement
"ഞങ്ങൾ നിരവധി കാനബിനോയ്ഡ് ലിഗാൻഡ് കണ്ടെത്തുകയും സ്പൈക്ക് പ്രോട്ടീനുമായുള്ള ബന്ധം അനുസരിച്ച് അവയെ റാങ്ക് ചെയ്യുകയും ചെയ്തു," വാൻ ബ്രീമെൻ പറഞ്ഞു. സ്പൈക്ക് പ്രോട്ടീനുമായി ഏറ്റവും അടുത്ത ബന്ധമുള്ള രണ്ട് കാനബിനോയിഡുകൾ സിബിഡിഎയും സിബിജിഎയും ആയിരുന്നു. അവ അണുബാധ തടയുന്നതായി കണ്ടെത്തി.
എന്നാൽ കഞ്ചാവിലെ ചില സംയുക്തങ്ങൾക്ക് കോവിഡ് അണുബാധ തടയാൻ കഴിയുമെന്ന് ഈ ഡാറ്റകൾ തെളിയിക്കുന്നില്ലെന്നും കഞ്ചാവ് വലിക്കുന്നതോ ഇൻഞ്ചെക്ഷൻ എടുക്കുന്നതോ കോവിഡിനെ തടയുന്നതായുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ലണ്ടനിലെ ഇംപീരിയൽ കോളേജിലെ മെഡിക്കൽ കഞ്ചാവ് ഗവേഷണ ഗ്രൂപ്പിന്റെ തലവനായ ഡോ. മൈക്കൽ സോഡർഗ്രെൻ ഫോർബ്‌സിനോട് പറഞ്ഞു.
“എന്നാൽ കാനബിനോയിഡുകളുടെ വ്യാപകമായ ഉപയോഗത്തിനിടയിൽ പ്രതിരോധശേഷി കൂടുതലുള്ള വകഭേദങ്ങൾ ഉയർന്നുവന്നേക്കാം. എന്നാൽ വാക്സിനേഷന്റെയും CBDA/CBGA ചികിത്സയുടെയും സംയോജനം കോവിഡിന് കൂടുതൽ വെല്ലുവിളി നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് ഒരു പത്രക്കുറിപ്പിൽ ബ്രീമെൻ പറഞ്ഞു.
പതിറ്റാണ്ടുകൾ ആയി തുടർന്നിരുന്ന വാദങ്ങൾക്കും, എതിർപ്പുകൾക്കും ശേഷം അലബാമയിൽ കഞ്ചാവ് മരുന്നിനായി ഉപയോഗിക്കുന്നതിനുള്ള മെഡിക്കൽ മാരിജുവാന ബിൽ കഴിഞ്ഞ വർഷം പാസാക്കിയിരുന്നു. അലബാമ ഗവർണ്ണർ കേ ഐവിയാണ് നിർണായകമായ ബില്ലിൽ ഒപ്പു വെച്ചത്. കാൻസർരോഗികൾ, മറ്റ് മാരക അസുഖങ്ങൾ ഉള്ളവർ, വിഷാദ രോഗികൾ തുടങ്ങി 16 തരം രോഗാവസ്ഥയിലുള്ളവർക്കാണ് ഡോക്ടറുടെ ശുപാർശയോടെ മെഡിക്കൽ മരിജുവാന (കഞ്ചാവ്) വാങ്ങുന്നതിന് നിയമം അനുവദിക്കുക. 2013ൽ അവതരിപ്പിച്ച ബിൽ നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷമാണ് പാസായത്.
