ഷോപ്പിംഗ് നടത്താൻ പോയ സമയത്ത് വാൾമാർട്ടിന്റെ പാർക്കിങ്ങിൽ കാർ നിർത്തി പോയതാണ് യുവതി. എന്നാൽ തിരിച്ചെത്തിയപ്പോൾ തകർന്നു കിടക്കുന്ന കാറാണ് കാണാനായത്. ഇത് മാത്രമല്ല, കാറിന് നാശനഷ്ടമുണ്ടാക്കിയ അപരിചിതൻ ഒരു കുറിപ്പ് എഴുതി വച്ചിട്ടാണ് പോയത്. ഇതാണ് യുവതിയെ കൂടുതൽ പ്രകോപിപ്പിച്ചത്. @viralgalaxy എന്ന ടിക് ടോക്കറാണ് ഒരു വീഡിയോയിൽ തന്റെ ദുരനുഭവം പങ്കുവെച്ചത്. നാശനഷ്ടമുണ്ടായ കാറിലെ വിൻഡ് സ്ക്രീനിന്റെ വൈപ്പറിനടിയിൽ രണ്ട് ചോക്ലേറ്റ് ബാറുകൾക്കൊപ്പമായിരുന്നു അപകടമുണ്ടാക്കിയ അപരിചിതൻ കുറിപ്പ് വച്ചിരുന്നത്. നാശനഷ്ടങ്ങൾക്ക് കാരണമായ ആളുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങളാവും ഇതെന്നാണ് അവർ പ്രതീക്ഷിച്ചത്. എന്നാൽ ചോക്ലേറ്റിനൊപ്പം ഒരു ക്ഷമാപണ സന്ദേശം മാത്രമാണ് കണ്ടെത്തിയത്. ഇതാണ് യുവതിയെ ചൊടിപ്പിച്ചത്.
advertisement
Also read-വിമാനത്തിന് വഴി കാട്ടിയായി ലംബോർഗിനി; വിമാനത്താവളത്തിനുള്ളിൽ സൂപ്പർകാറുകൾ ഉപയോഗിച്ച് ഇറ്റലി
കാറിന്റെ കേടുപാടുകൾ തീർക്കുന്നതിന്റെ ചെലവ് തനിക്ക് താങ്ങാനാവില്ലെന്നും ക്ഷമാപണത്തിനായി രണ്ട് ബാർ ചോക്ലേറ്റ് വെച്ചിട്ടുണ്ടെന്നുമായിരുന്നു സന്ദേശത്തിൽ അപരിചിതൻ എഴുതിയിരുന്നത്. ഒപ്പം കണ്ണുചിമ്മുന്ന ഇമോജിയും.എന്നാൽ അപരിചിതൻ വരുത്തിയ നാശനഷ്ടം രണ്ട് ചോക്ലേറ്റ് ബാറുകൾ സമ്മാനിച്ച് മാറ്റാനാവുന്നതല്ലെന്നാണ് യുവതി പറയുന്നത്. നാഷനഷ്ടത്തിന്റെ വ്യാപ്തി കാണിക്കാൻ കാറിന്‍റെ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. കാറിന്റെ വലതു ഭാഗത്ത് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതിൽ നിന്നും മറ്റൊരു വാഹനം കാറിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു എന്ന് വ്യക്തമാണ്.
ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്ന് പറയുന്നത് പോലെ കേടുപാടുകൾ തീർക്കാൻ യുവതിയുടെ ഇൻഷുറൻസ് കമ്പനി വിസമ്മതിക്കുകയും ചെയ്തു. സംഭവത്തിൽ നഷ്ടപരിഹാരം നൽകാനാവില്ലെന്നാണ് ഇൻഷുറൻസ് കമ്പനി പറയുന്നതെന്ന് യുവതി വീഡിയോയിൽ വ്യക്തമാക്കുന്നു. ടിക് ടോക്കിലൂടെ പങ്കുവെച്ച വീഡിയോ ലക്ഷകണക്കിന് പേരാണ് ഇതിനോടകം കണ്ടത്. വീഡിയോയിൽ കമന്റ് ചെയ്ത നിരവധി യൂസർമാർ യുവതിയോട് ഐക്യപ്പെടുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. കാറിന് നാശ നഷ്ടമുണ്ടാക്കിയതിന് പുറമേ അപരിചിതൻ ഉപേക്ഷിച്ച കുറിപ്പ് മുറിവിന് മുകളിൽ ഉപ്പ് പുരട്ടുന്നതിന് തുല്യമാണെന്നും ഇവർ പറയുന്നു.
Also Read-ഇറാൻ കരാറിലും തെന്നിവീഴാതെ എണ്ണവില; സൂചികയിൽ മുഴങ്ങുന്നത് അപായമണി തന്നെ
എന്നാൽ, ഇതിന് നേർ വിപരീതമായ സംഭവം നേരത്തെ യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അന്ന് കാർ പാർക്ക് ചെയ്ത ശേഷം ഷോപ്പിംഗിനു പോയ ആൾ തിരിച്ചെത്തിയപ്പോൾ കാറിന് നാശനഷ്ടമുണ്ടായതായി കണ്ടെത്തി. അപകടം ഉണ്ടാക്കിയ ആൾ ഒരു കുറിപ്പും വച്ചിട്ടായിരുന്നു പോയത്. ചില അത്യാവശ്യമുള്ളതിനാൽ നിൽക്കാനാവില്ലെന്നും തന്നെ ബന്ധപ്പെട്ടാൽ ഉണ്ടായ എല്ലാ നഷ്ടവും പരിഹരിക്കാമെന്നുമായിരുന്നു അജ്ഞാതൻ കുറിച്ചിരുന്നത്. ഒപ്പം ഇയാളെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും നൽകിയിരുന്നു.