• HOME
  • »
  • NEWS
  • »
  • opinion
  • »
  • ഇറാൻ കരാറിലും തെന്നിവീഴാതെ എണ്ണവില; സൂചികയിൽ മുഴങ്ങുന്നത് അപായമണി തന്നെ

ഇറാൻ കരാറിലും തെന്നിവീഴാതെ എണ്ണവില; സൂചികയിൽ മുഴങ്ങുന്നത് അപായമണി തന്നെ

ഇറാനും അമേരിക്കയും തമ്മിൽ ആണവകരാർ ഒപ്പിട്ടാലും എണ്ണവില താഴുന്നതിന്റെ സൂചനയില്ല. ഇറാനും ഇസ്രായേലും കൂടുതൽ യാഥാസ്ഥിതിക പക്ഷത്തേക്കു നീങ്ങിയതാണ് ആഗോള വിപണിയെ ഉലയ്ക്കുന്നത്

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
ഡോണൾഡ് ട്രംപ് വലിച്ചുകീറിയ ആണവകരാർ ജോ ബൈഡൻ കൂട്ടിയൊട്ടിച്ചാൽ മധ്യേഷ്യയിൽ സമാധാനം പുലരുമോ? കുറഞ്ഞത് എണ്ണവിലയെങ്കിലും താഴുമോ? വിയന്ന ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയപ്പോൾ എണ്ണവിലയുടെ സൂചികയിൽ മുഴങ്ങുന്നത് അപായമണി തന്നെയാണ്. ഇന്നുമുണ്ട് ബ്രന്റ് എണ്ണയുടെ വിലയിൽ മുക്കാൽ ശതമാനം വർദ്ധന. അമേരിക്കൻ എണ്ണവിലയായ ഡബ്‌ളിയു ടി ഐയും (വെസ്റ്റ് ടെക്‌സാസ് ഇന്റർമീഡിയറ്റ് പ്രൈസ്) പോകുന്നതു മുകളിലേക്കു തന്നെ. ഈ കരാറിൽ ലോകത്താർക്കും വിശ്വാസമില്ലെന്നതിന്റെ സൂചന.

ഇറാനും എണ്ണവിലയും തമ്മിൽ

ഇന്ത്യയിൽ കുതിച്ചുയരുന്ന എണ്ണവിലയുടെ കണക്കുകൾ നോക്കി ഇരിക്കുമ്പോൾ അതിനുമുണ്ട് ഒരു ഇറാൻ ബന്ധം. ലോകം കടുത്ത പ്രതിസന്ധിയിലും ഉത്പാദനമരവിപ്പിലും ആണെന്നതു ശരിതന്നെ. ഈ പ്രതിസന്ധികാലത്തു പോലും എണ്ണവിപണിയിൽ മൂന്നിലൊന്നിന്റെ കുറവുണ്ട്. എണ്ണ ഉത്പാദക രാഷ്ട്രങ്ങളു(ഒപേക്- ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സപോർട്ടിങ് കൺട്രീസ്)ടേയും ഷെയിൽ എണ്ണ ഉത്പാദിപ്പിക്കുന്ന അമേരിക്കയുടേയും മുഴുവൻ എണ്ണയും ചേർന്നാലും ആവശ്യത്തിന്റെ മൂന്നിൽ രണ്ടു മാത്രമേ വരുന്നുള്ളൂ. ആ കുറവു നികത്താൻ ഇപ്പോൾ ലോകത്തിനു മുന്നിലുള്ള ഏക സാധ്യതയാണ് ഇറാൻ.

ഉപരോധം മൂലം വിൽപന നടക്കാതിരിക്കുന്ന ഇറാന്റെ എണ്ണ വിപണിയിലേക്കെത്തിയാൽ ഉത്പാദനവും ഉപഭോഗവും തുല്യ നിലയിൽ എത്തും. അതോടെ ലേല വില താഴും. ചിലപ്പോൾ നാൽപ്പതു ശതമാനം വരെ കുറയും. നാൽപതു ശതമാനം കുറയുക എന്നാൽ വീപ്പയ്ക്ക് ഇപ്പോഴുള്ള വില 73 ഡോളറിൽ നിന്ന് 43 ആയെങ്കിലും ഇടിയുക എന്നാണ്. ബ്രന്റ് ക്രൂഡിന്റെ വില 43 ഡോളർ ആയാൽ ഇന്ത്യയിലെ വില എത്രവരെ താഴും എന്ന് ഊഹിക്കാൻ കഴിയുമോ?

ഇപ്പോഴത്തെ നിലയ്ക്കുള്ള നികുതി അതുപോലെ തുടർന്നാൽ തന്നെ ഇന്ത്യൻ ബാസ്‌കറ്റ് വില (ഒമാന്റേയും ദുബായിയുടേയും ശരാശരി വിലയുടെ 75.5 ശതമാനവും ബ്രന്റ് എണ്ണയുടെ വിലയുടെ 24.5 ശതമാനവും ചേരുന്നത്) 66.95 ഡോളറിൽ നിന്ന് 40 ഡോളറിലേക്ക് എത്തും. ഇന്ത്യക്കു കിട്ടുന്ന വില 40 ഡോളറിൽ എത്തിയാൽ ഒരു ലിറ്റർ പെട്രോൾ റിഫൈനറിയിൽ നിന്ന് 24 രൂപ 50 പൈസക്ക് പുറത്തിറങ്ങും. ഇപ്പോൾ അത് പുറത്തിറങ്ങുന്നത് 37 രൂപ 29 പൈസക്കാണ്. 24 രൂപ 50 പൈസയിലേക്ക് വില താഴ്ന്നാലും കേന്ദ്രസർക്കാരിന്റെ നികുതി 32 രൂപ 90 പൈസയിൽ തുടരും. അതേസമയം സംസ്ഥാന സർക്കാരിന്റെ നികുതി 22 രൂപ 24 പൈസയിൽ നിന്ന് 17 രൂപ 50 പൈസയിലേക്കു താഴും. റിഫൈനറി വിലയും കേന്ദ്രനികുതിയും ചേരുന്നതിന്റെ ശതമാനത്തിലാണ് സംസ്ഥാനങ്ങൾ നികുതി കണക്കാക്കുന്നത് എന്നതാണ് കാരണം. കേന്ദ്രനികുതി രൂപയിലാണ്. 32 രൂപ 90 പൈസ എന്ന നികുതി തന്നെയാണ് എണ്ണയ്ക്ക് ഏതു വില ഉള്ളപ്പോഴും ഉണ്ടാവുക. അല്ലെങ്കിൽ കേന്ദ്രം പ്രത്യേക ഉത്തരവിലൂടെ നികുതിയിൽ മാറ്റം വരുത്തണം.

എന്തുകൊണ്ട് സാധ്യത മങ്ങുന്നു?

ഇറാനും ഇസ്രായേലും യാഥാസ്ഥിതിക ചിന്തകളുടെ ഇരുധ്രൂവങ്ങളിലേക്കു കൂടുതൽ നീങ്ങിയതോടെ വിയന്ന ചർച്ചകൾ തന്നെ പാഴായ പ്രതീതിയിലാണ്. ഒപ്പുവയ്ക്കുന്നതുകൊണ്ടു ശാന്തിവരില്ലെന്ന് തുറന്നടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നതാലി ബെന്നറ്റ് ആദ്യത്തെ രാസായുധ പ്രയോഗം നടത്തിക്കഴിഞ്ഞു. ഒടുവിൽ എക്കാലത്തേയും സഹയാത്രികരായ ഇസ്രായേലിനെ ആശ്വസിപ്പിക്കാൻ ജോ ബൈഡന്റെ പ്രഖ്യാപനവും വന്നു. ഇറാന് ഒരു ആണവായുധം പോലും ഉണ്ടാകില്ലെന്ന് അമേരിക്ക ഉറപ്പാക്കും. ഇറാനെ വരിഞ്ഞുമുറുക്കുന്നതായിരിക്കും പുതിയ കരാർ എന്ന് ഉറപ്പായതോടെ അതിന്റെ ഫലപ്രാപ്തിയിൽ ലോകമെങ്ങും സംശയം ഉയർന്നു കഴിഞ്ഞു. അതിന്റെ പ്രധാന കാരണം ഇറാനിലെ ഭരണമാറ്റമാണ്.

Also Read- Petrol Diesel Price| 12 സംസ്ഥാനങ്ങളിൽ 100 കടന്ന് പെട്രോൾ വില; ഇന്ന് ഇന്ധന വിലയിൽ മാറ്റമില്ല

ഇറാനിൽ തീവ്ര യാഥാസ്ഥിതികനായ ഇബ്രാഹിം റെയ്സി അധികാരത്തിലെത്തിയത് കഴിഞ്ഞയാഴ്ചയാണ്. ഇസ്രായേലിൽ രണ്ടാഴ്ച മുൻപ് അതി തീവ്ര ജൂതനായ നതാലി ബെന്നറ്റും അധികാരമേറി. ഈ രണ്ടു ദ്വന്ത്വങ്ങൾ തന്നെയാണ് സമാധാനസാധ്യതയ്ക്കുള്ള വിലങ്ങുതടി. ആരാണ് ഇബ്രാഹിം റെയ്സി എന്ന ചോദ്യത്തിന്റെ ഉത്തരത്തിൽ തന്നെയുണ്ട് മധ്യേഷ്യൻ രാഷ്ട്രീയത്തിന്റെ ഭാവി. ഇറാന്റെ പരമാധികാരി അയത്തുല്ല ഖൊമേനിയുടെ വിശ്വസ്തൻ എന്നാണ് ആദ്യ വിശേഷണം. വിശ്വസ്തൻ എന്നല്ല, അടുത്ത പരമാധികാരി എന്നു തന്നെയാണ് പറയേണ്ടത്. നിലവിൽ ഇറാന്റെ ഉന്നത കോടതിയുടെ പരമാധികാരി. മറ്റൊരു വിശേഷണം കൂടിയുണ്ട് റെയ്സിക്ക്. മൂന്നു പതിറ്റാണ്ടായി അമേരിക്ക നയതന്ത്ര ഉപരോധം പ്രഖ്യാപിച്ച നേതാവാണ്. രാജ്യാന്തര മനുഷ്യാവകാശ സംഘടന ആജീവനനാന്ത വിലക്ക് ഏർപ്പെടുത്തിയ ആളും.

തലയിലെ ആ കറുത്ത വസ്ത്രമാണ് റെയ്സിയുടെ മതപരമായ ഔന്നത്യത്തിന്റെ അടയാളം. പ്രവാചകന്റെ നേരിട്ടുള്ള പിൻഗാമി പരമ്പരയിലെ അംഗം എന്നതിന്റെ സൂചനയാണത്. അമേരിക്കയും ആഗോള മനുഷ്യാവകാശ സംഘടനയും മൂന്നു പതിറ്റാണ്ടു മുൻപ് വിലക്ക് ഏർപ്പെടുത്താൻ കാരണമുണ്ട്. ഇറാനിലെ രാഷ്ട്രീയ തടവുകാർ കൂട്ടത്തോടെ കൊല്ലപ്പെട്ട വർഷമാണ് 1988. ജൂലൈ 19 മുതൽ അഞ്ചുമാസം നടന്ന ശിക്ഷ നടത്തിപ്പിൽ മുപ്പതിനായിരം രാഷ്ട്രീയ തടവുകാർ കൊല്ലപ്പെട്ടു എന്നാണ് രാജ്യാന്തര സംഘടനകളുടെ കണക്ക്. വിചാരണ നടത്തി ആ ശിക്ഷ നടപ്പാക്കിയ പ്രോസിക്യൂട്ടർ ആയിരുന്നു റെയ്സി. ഇറാനിലെ പീപ്പിൾ മുജാഹിദ്ദീൻ പ്രവർത്തകരാണ് ഇങ്ങനെ കൊലചെയ്യപ്പെട്ടവരിൽ ഏറെയും.

അമേരിക്കയും മനുഷ്യാവകാശ സംഘടനയും വിലക്ക് പ്രഖ്യാപിച്ചിട്ടും ഒരിക്കലും സംഭവത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല റെയ്സി. എല്ലാം രാജ്യാന്തര മാധ്യമങ്ങളുടെ ഊതിപ്പെരുപ്പിച്ച കണക്കുകൾ എന്നാണ് എക്കാലത്തേയും ഔദ്യോഗിക പ്രതികരണം. ഇബ്രാഹിം റെയ്സിയുടെ ജയത്തോടെ ലോകം തന്നെയാണ് മുൾമുനയിൽ ആയത്. കോവിഡ് മൂലം എൺപതിനായിരം പേരാണ് ഇറാനിൽ മരിച്ചത്. എട്ടേകാൽ കോടി മാത്ര ജനസംഖ്യയുള്ള രാജ്യത്ത് ഇത് വലിയൊരു സംഖ്യയാണ്. ഇതിനു പുറമെ തെരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ നടന്ന ചില അട്ടിമറികളും റെയ്സിയുടെ വിജയം അനായാസമാക്കി. മൽസര രംഗത്തുണ്ടായിരുന്ന മുൻ പ്രസിഡന്റ് അഹമ്മദി നജാദിനെ ആദ്യം തന്നെ അയോഗ്യനാക്കി. രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടതിനാൽ ഹസൻ റൂഹാനിക്കും മറ്റൊരു സാധ്യത ഉണ്ടായിരുന്നില്ല. അങ്ങനെ കഴിഞ്ഞതവണ റുഹാനിയോടു തോറ്റ റെയ്സി 64 ശതമാനം വോട്ട് നേടി അധികാരത്തിലെത്തി.

റെയ്സിയുടെ ഈ വിജയത്തിന് ഇറാനിയൻ ജനതയുടെ മുഴുവൻ അംഗീകാരമുണ്ടോ എന്ന ചോദ്യമാണ് ഇപ്പോൾ പാശ്ചാത്യമാധ്യമങ്ങൾ ഉയർത്തുന്നത്. വോട്ടവകാശമുള്ള ആറേകാൽ കോടി പൗരന്മാരിൽ 2 കോടി 89 ലക്ഷം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. മൂന്നു കോടി മൂന്നു ലക്ഷം അഥവാ 51.22 ശതമാനം പോളിങ് ബുത്തുകളിലേക്ക് എത്തിയില്ല. 2017ൽ 74 ശതമാനം പോളിങ് ഉണ്ടായിരുന്ന രാജ്യമാണ്. റെയ്സിയോട് ഇറാൻ ജനതയ്ക്കു തന്നെയുള്ള അപ്രീതിയായാണ് ഈ കണക്കുകൾ പറയുന്നത്.

ഇസ്രായേലിനെ പിണക്കുമോ?

ഇറാനിലെ ഭരണമാറ്റത്തിനു മുൻപ് ഇസ്രായേലിൽ നടന്ന നീക്കവും രാജ്യാന്തര രാഷ്ട്രീയത്തെ അസ്വസ്ഥമാക്കുന്നുണ്ട്. ബഞ്ചമിൻ നെതന്യാഹു എന്ന കടുകട്ടി ജൂതനെ പുറത്താക്കി കടന്നുവന്നത് നഫ്താലി ബെന്നറ്റാണ്. ബെന്നറ്റിന്റെ രാഷ്ട്രീയം എന്താണ് എന്നറിയാൻ ഒറ്റ വാചകം മതി. 'അറബികൾ മരത്തിൽ തൂങ്ങിയാടി നടന്ന കാലത്ത് ജറുസലേം ആസ്ഥാനമായി രാജ്യമുണ്ടാക്കിയ ആളുകളാണ് ജൂതർ.' ഈ വാചകത്തിലുണ്ട് ബെന്നറ്റിന്റെ അറബ് വിരുദ്ധതയും ജൂതബോധവും.

നെതന്യാഹു പ്രധാനമന്ത്രി ആയിരുന്നപ്പോൾ സൈനികത്തലവൻ. സർവീസിൽ നിന്നു പിരിഞ്ഞ് ആദ്യം നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയിൽ. പിന്നെ യാമിന എന്ന ദേശീയവാദി പാർട്ടിയിൽ. യാമിന എന്ന ഹീബ്രുവാക്കിന്റെ അർത്ഥം തന്നെ വലത്തോട്ട് എന്നാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏഴു സീറ്റ് മാത്രം ജയിച്ച് അഞ്ചാംസ്ഥാനത്ത് എത്തിയ പാർട്ടിയാണ്. ഇടതുപാർട്ടികൾ മുതൽ അറബ് പാർട്ടിയായ റാം വരെ എട്ടു സംഘടനകളാണ് ഇപ്പോഴത്തെ സഖ്യത്തിൽ. നെതന്യാഹുവിനെ പുറത്താക്കുക എന്ന ഒറ്റ അജൻഡയിൽ അല്ലാതെ മറ്റൊന്നിലും യോജിപ്പില്ലാത്ത പാർട്ടികൾ. 59ന് എതിരേ 60 വോട്ടിന് ജയിച്ച് നഫ്താലി പ്രധാനമന്ത്രിയാകുമ്പോൾ തിരിച്ചുവരും എന്നല്ലാതെ മറ്റൊന്നും പറയാൻ നെതന്യാഹുവിന് കഴിഞ്ഞില്ല.

ഇസ്രായേലിന്റെ രാഷ്ട്രീയ അസ്ഥിരതയിൽ ഏറ്റവും ഭയപ്പെടുന്നത് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമാണ്. ഉറച്ച ഭരണമില്ലെങ്കിൽ തീവ്ര സംഘടനകൾ വീണ്ടും ഉയിർത്തെഴുനേൽക്കുമോ എന്ന ഭീതി. മധ്യേഷ്യയിലെ രാഷ്ട്രീയം തന്നെ നിയന്ത്രിച്ചിരുന്ന കുഞ്ഞുരാഷ്ട്രമായ ഇസ്രായേൽ ഇനി എങ്ങോട്ടു പോകും എന്നാണ് ചോദ്യം. ഇസ്രായേലിനെ പൂർണ വിശ്വാസത്തിലെടുത്തുള്ള ഒരു കരാറിന് അമേരിക്ക ഇനി തയ്യാറല്ലെന്ന് ബൈഡൻ പ്രഖ്യാപിച്ചതായി വായിച്ചെടുക്കാൻ കഴിയില്ല. കാരണം അമേരിക്കയുടേയും ഐക്യശക്തികളുടേയും മധ്യേഷ്യയിലെ ഏക അത്താണിയാണ് ഇസ്രായേൽ.

ഇറാനെ എങ്ങിനെയും കരാറിലെത്തിക്കുക എന്നതുമാത്രമാണ് ഇപ്പോൾ അമേരിക്കയ്ക്കു മുന്നിലുള്ള അജൻഡ. കോവിഡാനന്തര ലോകത്ത് ഉത്പാദനം പുനരാരംഭിക്കണമെങ്കിൽ ഇറാന്റെ എണ്ണ കൂടി വിപണിയിൽ എത്തണം. അല്ലെങ്കിൽ എന്നും നൂറിനു മുകളിലുള്ള എണ്ണവില കണ്ട് കണ്ണുതള്ളി നിൽക്കേണ്ടി വരും മൂന്നാം ലോകരാഷ്ട്രങ്ങളിലെ ജനത. അതൊരുപക്ഷേ വലിയ പ്രതിപ്രവർത്തനത്തിനും കാരണമായേക്കാം. അങ്ങനെ സംഭവിച്ചാൽ മുൻപെങ്ങുമില്ലാത്തവിധമുള്ള വിപണി വീഴ്ചയായിരിക്കും അനന്തരഫലം. ഒന്നാം ലോകയുദ്ധാനന്തരം ഉണ്ടായതുപോലുള്ള വിപണി തകർച്ച കോവിഡ് യുദ്ധത്തിനു ശേഷവും ഉണ്ടാകാം. അത് ഒഴിവാക്കാനുള്ള അവസാന സാധ്യതയാണ് ഈ ഇറാൻ കരാർ.
Published by:Rajesh V
First published: