ഇൻസ്റ്റഗ്രാമിലാണ് യുവതി തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. "എന്റെ സുഹൃത്തിനെ ദുബായിലേക്ക് പോകാനായി ബെംഗളൂരു വിമാനത്താവളത്തിൽ കൊണ്ടുചെന്നാക്കി. അവൾ ദുബായിൽ എത്തി, ഞാൻ ഇപ്പോഴും ബെംഗളൂരുവിലെ ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുന്നു. "- യുവതി കുറിച്ചു.
തീർച്ചയായും, സോഷ്യൽ മീഡിയക്കും ബെംഗളൂരു നിവാസികൾക്കും നഗരത്തിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് നന്നായി അറിയാം.
പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഒരു ഉപയോക്താവ് എഴുതി, “ഞാൻ തമാശ പറയുകയല്ല, ഇത് എനിക്ക് സംഭവിച്ചു. എന്റെ സഹോദരി മംഗലാപുരത്തേക്ക് പോകുകയായിരുന്നു, അവൾ അവസാന നിമിഷം ബസിൽ കയറി, അവൾ ഇതിനകം മംഗലാപുരത്ത് എത്തിയിരുന്നു, ഞാൻ ഇപ്പോഴും വീട്ടിലേക്കുള്ള വഴിയിലായിരുന്നു (അതിശയോക്തി അല്ല).”
“ഇത്തരം സമയങ്ങളിൽ എനിക്ക് നടക്കാനാണ് ഇഷ്ടം” എന്ന് മറ്റൊരാൾ കമന്റ് ചെയ്തു.
“സത്യം പറഞ്ഞാൽ, ബെംഗളൂരുവിന് വിപുലമായ ഒരു പൊതുഗതാഗത സംവിധാനം ആവശ്യമാണ്, അല്ലെങ്കിൽ ഈ തിരക്ക് വർധിച്ചുകൊണ്ടിരിക്കും,” വേറൊരാൾ കുറിച്ചു.
ഒരു കുറിപ്പ് ഇങ്ങനെ- “നിങ്ങളുടെ കാർ പുറത്തെടുത്ത നിങ്ങൾ ഗതാഗതക്കുരുക്കിന് കാരണക്കാരാണ്. അപ്പോൾ, നിങ്ങൾക്ക് എങ്ങനെ ട്രാഫിക്കിനെ കുറ്റപ്പെടുത്താൻ കഴിയും? എല്ലാത്തിനെയും കുറ്റപ്പെടുത്തുകയും എന്നാൽ ഈ മനോഹരമായ നഗരം വിട്ടുപോകാത്തതുമായ വിചിത്രരായ ആളുകൾ ബെംഗളൂരുവിലുണ്ട്."
മറ്റൊരാൾ പറഞ്ഞു, “ഞാൻ മറ്റൊരു സംസ്ഥാനത്തിൽ നിന്ന് 2 മണിക്കൂർ വിമാനത്തിൽ യാത്ര ചെയ്ത് ഇവിടെയെത്തി. എന്നാൽ, ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് വീട്ടിലെത്താൻ 5 മണിക്കൂർ എടുത്തു. വായുവിലേക്കാൾ കൂടുതൽ സമയം ഗതാഗതക്കുരുക്കിൽ കുടുങ്ങി. ഇത് ഇപ്പോൾ യാത്രയല്ല, ട്രോമയാണ്."
“ബെംഗളൂരുവിൽ, 1 കിലോമീറ്റർ കാറിൽ = 3 മണിക്കൂർ, 1 കിലോമീറ്റർ നടത്തം = 10 മിനിറ്റ്.” - എന്ന് വേറൊരാൾ അഭിപ്രായപ്പെട്ടു.
ബെംഗളൂരു നേരിടുന്ന ഗതാഗതക്കുരുക്ക് ഗുരുതരമാണ്. മുൻനിര ബിസിനസുകാർപോലും അത് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. മെയ് മാസത്തിൽ, സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്ത് തന്റെ പോഡ്‌കാസ്റ്റിൽ പൊലീസ് കമ്മീഷണർ ബി ദയാനന്ദയെയും ട്രാഫിക് പൊലീസ് കമ്മീഷണർ എം എൻ അനുചേതിനെയും പങ്കെടുപ്പിച്ച്, നഗരത്തിലെ വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചിരുന്നു.
ബെംഗളൂരുവിന്റെ ഗതാഗത പ്രശ്‌നങ്ങൾ പ്രധാനമായും 2013 നും 2023 നും ഇടയിൽ നഗരത്തിന്റെ ദ്രുതഗതിയിലുള്ളതും ആസൂത്രിതമല്ലാത്തതുമായ വളർച്ചയിൽ നിന്നാണ് ഉണ്ടായതെന്ന് കമ്മീഷണർ അനുചേത് വിശദീകരിച്ചു. ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും വർധിച്ചതോടെ, അടിസ്ഥാന സൗകര്യങ്ങൾക്ക് വേഗത നിലനിർത്താൻ കഴിഞ്ഞില്ല. മുൻകാലങ്ങളിൽ മതിയായ പൊതുഗതാഗത സൗകര്യങ്ങളുടെ അഭാവം സ്ഥിതി കൂടുതൽ വഷളാക്കി എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള മറ്റ് പ്രധാന നഗരങ്ങളെപ്പോലെ, ജോലി അവസരങ്ങൾ തേടുന്ന ആളുകളെ ബെംഗളൂരു ഇപ്പോഴും ആകർഷിക്കുന്നുണ്ട്.