ശബരിമല സ്വർണക്കൊള്ളയിൽ പ്രതികളുടെ 1.3 കോടിയുടെ സ്വത്ത് ED മരവിപ്പിച്ചു; 100 ഗ്രാം സ്വർണക്കട്ടി പിടിച്ചെടുത്തു; പരിശോധനയുടെ വിശദാംശങ്ങൾ
- Published by:Rajesh V
- news18-malayalam
Last Updated:
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥർ, മുൻ ക്ഷേത്ര ഭരണാധികാരികൾ, സ്വകാര്യ സ്പോൺസർമാർ, ജ്വല്ലറി ഉടമകൾ എന്നിവർ ഉൾപ്പെട്ട ആസൂത്രിതമായ ക്രിമിനൽ ഗൂഢാലോചന ഈ അന്വേഷണത്തിൽ വെളിപ്പെട്ടുവെന്നും ഇഡി വ്യക്തമാക്കി
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED). മുഖ്യപ്രതികളുടെ 1.3 കോടി രൂപ മൂല്യം വരുന്ന എട്ട് സ്വത്തുക്കൾ ഇ ഡി മരവിപ്പിച്ചു. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി 21 ഇടങ്ങളിൽ ഒരേസമയം നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ 100 ഗ്രാം സ്വർണക്കട്ടിയും പിടിച്ചെടുത്തിട്ടുണ്ട്.
ശബരിമല ക്ഷേത്രത്തിലെ സ്വർണവും മറ്റ് ക്ഷേത്ര സ്വത്തുക്കളും ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട്, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ജനുവരി 20-ന് കൊച്ചി സോണൽ ഓഫീസിലെ ഇഡി സംഘം കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ 21 കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടത്തിയെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇതും വായിക്കുക: 'പഞ്ചാഗ്‌നി മധ്യേ തപസ്സുചെയ്താലുമീ പാപകർമത്തിൻ പ്രതിക്രിയയാകുമോ..'; സ്വർണക്കൊള്ളയിൽ ഹൈക്കോടതി
കേരള പോലീസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥർ, മുൻ ക്ഷേത്ര ഭരണാധികാരികൾ, സ്വകാര്യ സ്പോൺസർമാർ, ജ്വല്ലറി ഉടമകൾ എന്നിവർ ഉൾപ്പെട്ട ആസൂത്രിതമായ ക്രിമിനൽ ഗൂഢാലോചന ഈ അന്വേഷണത്തിൽ വെളിപ്പെട്ടുവെന്നും ഇഡി വ്യക്തമാക്കി
advertisement
അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ
രേഖകളിലെ തിരിമറി: 2019നും 2025നും ഇടയിലുള്ള കാലയളവിൽ, ക്ഷേത്രത്തിലെ ദ്വാരപാലക വിഗ്രഹങ്ങളുടെ ഭാഗങ്ങൾ, പീഠങ്ങൾ, ശ്രീകോവിൽ വാതിലിലെ സ്വർണ പാളികൾ എന്നിവ കേവലം "ചെമ്പ് തകിടുകൾ" എന്ന് ഔദ്യോഗിക രേഖകളിൽ തെറ്റായി രേഖപ്പെടുത്തി ക്ഷേത്രത്തിന് പുറത്തേക്ക് കടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
സ്വർണം വേർതിരിച്ചെടുക്കൽ: ഇത്തരത്തിൽ കടത്തിയ സ്വർണം പൂശിയ വസ്തുക്കൾ ചെന്നൈയിലെയും കർണാടകയിലെയും സ്മാർട്ട് ക്രിയേഷൻസ്, റോഡം ജ്വല്ലേഴ്സ് തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളിലെത്തിച്ച്, അറ്റകുറ്റപ്പണിയുടെയും പോളിഷിംഗിന്റെയും മറവിൽ രാസപ്രക്രിയയിലൂടെ സ്വർണം വേർതിരിച്ചെടുത്തു. ഇത്തരത്തിൽ സമ്പാദിച്ച സ്വർണവും മറ്റ് ആസ്തികളും കുറ്റകൃത്യത്തിലൂടെ നേടിയ വരുമാനമായി കണക്കാക്കുന്നു.
advertisement
മറ്റ് ക്രമക്കേടുകൾ: ക്ഷേത്രത്തിലെ കാണിക്കകളും വഴിപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും ഇഡിയുടെ പരിധിയിൽ വരുന്നുണ്ട്.
പരിശോധനയും പിടിച്ചെടുക്കലും
പരിശോധനയിൽ സ്വർണ്ണം പൂശിയ പുണ്യവസ്തുക്കളെ ചെമ്പ് തകിടുകളായി ചിത്രീകരിക്കുന്ന നിർണ്ണായക രേഖകളും ഡിജിറ്റൽ തെളിവുകളും ഇഡി കണ്ടെടുത്തു. 2019-നും 2024-നും ഇടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ നൽകിയ ശുപാർശകൾ, സ്വകാര്യ ജ്വല്ലറികളുടെ ഇൻവോയ്സുകൾ, രാസപരിശോധനയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
ചില ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളും അനധികൃത സ്വത്തുസമ്പാദനവും തെളിയിക്കുന്ന രേഖകളും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രധാന പ്രതികളുടെ ഏകദേശം 1.3 കോടി രൂപ വിലമതിക്കുന്ന എട്ട് അചേതന സ്വത്തുക്കൾ (Immovable properties) മരവിപ്പിച്ചു. കൂടാതെ, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് 100 ഗ്രാം സ്വർണ്ണക്കട്ടിയും പിടിച്ചെടുത്തു.
advertisement
കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച തുകയുടെ കൃത്യമായ കണക്കെടുപ്പും ഇതിന്റെ ഗുണഭോക്താക്കളെ കണ്ടെത്താനുമുള്ള കൂടുതൽ അന്വേഷണങ്ങളും പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Jan 21, 2026 7:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സ്വർണക്കൊള്ളയിൽ പ്രതികളുടെ 1.3 കോടിയുടെ സ്വത്ത് ED മരവിപ്പിച്ചു; 100 ഗ്രാം സ്വർണക്കട്ടി പിടിച്ചെടുത്തു; പരിശോധനയുടെ വിശദാംശങ്ങൾ










