ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് യുവതിയുടെ ആവശ്യം. ദീപാലി ത്യാഗി എന്ന സ്ത്രീയാണ് പരാതി നൽകിയിരിക്കുന്നത്. എഎൻഐ റിപ്പോർട്ട് പ്രകാരം യുവതിയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്, "മതപരമായ വിശ്വാസവും കുടുംബ പാരമ്പര്യവും പഠിച്ച സംസ്കാരവും സ്വയം തിരഞ്ഞെടുത്ത വിശ്വാസവും അനുസരിച്ച് താൻ പൂർണ വെജിറ്റേറിയനാണ്. " എന്നാൽ റസ്റ്റോറന്റ് തനിക്ക് നൽകിയത് നോൺ വെജ് പിസയാണ്. ഇത് കഴിച്ചതിന് ശേഷമാണ് വെജ് അല്ലെന്ന് മനസ്സിലായത്.
advertisement
2019 മാർച്ച് 21 നാണ് ദീപാലി ത്യാഗി ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള അമേരിക്കൻ പിസ ഔട്ട്ലെറ്റിൽ നിന്നും പിസ ഓർഡർ ചെയ്തത്. ഹോളി ആഘോഷങ്ങൾക്ക് ശേഷം കുടുംബാംഗങ്ങൾക്ക് വേണ്ടിയായിരുന്നു ഓർഡർ. പിസ എത്താൻ വൈകിയതിനാൽ വായിച്ചു നോക്കാതെ തന്നെ കഴിച്ചു. വായിലിട്ടതിന് ശേഷമാണ് മഷ്റൂമിന് പകരം മാംസമാണെന്ന് തിരിച്ചറിഞ്ഞതെന്ന് പരാതിയിൽ പറയുന്നു.
പിസ മാറിയെന്ന് മനസ്സിലായ ഉടനെ തന്നെ ദീപാലി കസ്റ്റമർ കെയറിലേക്ക് വിളിച്ച് പരാതി നൽകിയതായി അഭിഭാഷകൻ പറയുന്നു. പൂർണമായും സസ്യാഹാരികളായ കുടുംബത്തിലേക്ക് നോൺ വെജ് ആഹാരം നൽകിയ സ്ഥാപനത്തിന്റെ ഉത്തരവാദിത്തമില്ലായ്മയെ കുറിച്ചും ദീപാലി പരാതി ഉന്നയിച്ചിരുന്നു.
Also Read-പണവും സാധനങ്ങളും മോഷണം പോയി; വീട്ടിലെത്താൻ 1200 കിലോമീറ്റർ 5 മാസം കൊണ്ട് നടന്ന് 56 കാരൻ
ഏതാനും ദിവസങ്ങൾക്ക് ശേഷം പിസ ഔട്ട്ലെറ്റിലെ മാനേജർ ദീപാലിയെ വിളിച്ച് കുടുംബത്തിലുള്ളവർക്കെല്ലാം സൗജന്യമായി പിസ നൽകാമെന്ന് വാഗ്ദാനവും നൽകി. എന്നാൽ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായത് ചെറിയ പിഴവല്ലെന്നും തങ്ങളുടെ മതവികാരത്തെയാണ് കമ്പനി വ്രണപ്പെടുത്തിയതെന്നും ദീപാലി മറുപടി നൽകുകയായിരുന്നു. കൂടാതെ കടുത്ത മാനസിക പ്രയാസവും ഇതുമൂലം തങ്ങൾക്കുണ്ടായെന്നും ദീപാലി ചൂണ്ടിക്കാട്ടി.
Also Read-ക്യാമ്പസിനുള്ളിൽ സഹപാഠിയെ പ്രൊപ്പോസ് ചെയ്ത് പെൺകുട്ടി; വീഡിയോ വൈറലായതോടെ ഇരുവരെയും പുറത്താക്കി
മാംസാഹാരം അറിയാതെയാണെങ്കിലും കഴിച്ചതിന്റെ പേരിൽ ചിലവ് കൂടിയ മതപരമായ പല പരിഹാര മാർഗങ്ങളും തങ്ങൾക്ക് ചെയ്യേണ്ടി വന്നു. ഇതിനായി തനിക്ക് ലക്ഷങ്ങൾ ചെലവ് വന്നു എന്നാണ് യുവതി പറയുന്നത്. ഇതേ തുടർന്നാണ് കൺസ്യൂമർ കോർട്ടിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നൽകിയത്.
അതേസമയം, യുവതിയുടെ പരാതിയിൽ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പരാതിയിൽ കമ്പനിയുടെ ഭാഗം വിശദീകരിക്കാൻ കൺസമ്യൂർ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് വാദം കേൾക്കുന്നതിനായി മാർച്ച് 17 ലേക്ക് മാറ്റിവെച്ചു.