പണവും സാധനങ്ങളും മോഷണം പോയി; വീട്ടിലെത്താൻ 1200 കിലോമീറ്റർ 5 മാസം കൊണ്ട് നടന്ന് 56 കാരൻ
- Published by:Naseeba TC
- news18-malayalam
Last Updated:
ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ഇല്ലാതെയാണ് 1200 കിലോമീറ്റർ നടന്ന് ഇദ്ദേഹം നാട്ടിൽ തിരിച്ചെത്തിയത്
പണവും സാധനങ്ങളും നഷ്ടമായതോടെ വീട്ടിലെത്താൻ മറ്റു വഴിയില്ലാതെ നടന്ന് തീർത്ത് മധ്യവയസ്കൻ. ജാർഖണ്ഡ‍് സ്വദേശിയായ ബെർജോം ബാംദ പഹാഡിയ എന്നയാളാണ് അഞ്ച് മാസമെടുത്ത് ഡൽഹിയിൽ നിന്നും നടന്ന് ജാർഖണ്ഡിലെത്തിയത്.
ജീവിക്കാൻ ഒരു തൊഴിൽ പ്രതീക്ഷിച്ചാണ് ബെർജോം ജാർഖണ്ഡിൽ നിന്ന് ഡൽഹിയിൽ എത്തിയത്. ഡൽഹിയിൽ ജോലി നൽകാമെന്ന വാഗ്ദാനവുമായി എത്തിയ ആളെ ബെർജോം വിശ്വസിക്കുകയായിരുന്നു. ഏജന്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ബെർജോമിൽ നിന്നും പണം കൈക്കലാക്കിയത്. ഇയാളെ വിശ്വസിച്ച് ഡൽഹിയിലെത്തിയ ബെർജോമിന് പക്ഷേ ജോലി ലഭിച്ചില്ല. മാത്രമല്ല, കൈയ്യിലുള്ള പണവും സാധനങ്ങളും നഷ്ടമാകുകയും ചെയ്തു.
തിരിച്ച് നാട്ടിലെത്താൻ വേറെ വഴിയില്ലാത്തതിനാലാണ് നടന്നു പോകാൻ ബെർജോം തീരുമാനിച്ചത്. 1200 കിലോമീറ്റർ ദൂരം നടന്ന് അഞ്ച് മാസമെടുത്ത് ബെർജോം ഒടുവിൽ നാട്ടിലെത്തി. ഇതിനിടയിൽ ഒരു ദിവസം പോലും ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ഉണ്ടായിരുന്നില്ലെന്ന് ബെർജോം പറയുന്നു.
advertisement
ഡൽഹിയിൽ നിന്നും റെയിൽവേ ട്രാക്കിലൂടെയാണ് ജാർഖണ്ഡ് വരെ 56 കാരൻ നടന്നത്. ജാർഖണ്ഡിലെ സാഹിബ്ഗഞ്ച് സ്വദേശിയാണ് ബെർജോം. ജാർഖണ്ഡിലെ മഹുദയിൽ എത്തിയപ്പോൾ വീണ്ടും കവർച്ചയ്ക്കിരയായി. ഇത്തവണ തിരിച്ചറിയൽ രേഖയടക്കമാണ് ബെർജോമിന് നഷ്ടമായത്. കയ്യിൽ ആകെയുണ്ടായിരുന്ന ബാഗിലായിരുന്നു ബെർജോം തിരിച്ചറിയിൽ കാർഡ് സൂക്ഷിച്ചിരുന്നത്. ഈ ബാഗ് മോഷണം പോകുകയായിരുന്നു.
എല്ലാം നഷ്ടമായി റെയിൽവേ ട്രാക്കിലൂടെ അവശനായി നടക്കുന്ന ബെർജോമിനെ റോട്ടി ബാങ്ക് എന്ന എൻജിഒ അംഗങ്ങൾ കണ്ടതോടെയാണ് അൽപ്പമെങ്കിലും ആശ്വാസമുണ്ടായത്. ആവശ്യക്കാർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുക്കുന്ന സന്നദ്ധ സംഘടനയാണ് റോട്ടി ബാങ്ക്. ബെർജോമിന് ഭക്ഷണവും വെള്ളവും നൽകിയ സംഘടനയിലെ അംഗങ്ങൾ സാഹിബ്ഗഞ്ചിലേക്ക് ബസ് മാർഗം പോകാനുള്ള ഏർപ്പാടുകളും ചെയ്തു നൽകി.
advertisement
രാത്രിയും പകലും റെയിൽവേ ട്രാക്കിലൂടെ നടക്കുകയായിരുന്നുവെന്ന് ബെർജോം പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. വഴയിൽ നിന്നും അപൂർവമായി ലഭിക്കുന്ന ഭക്ഷണവും വെള്ളവുമാണ് ജീവൻ നിലനിർത്തിയത്. 1200 കിലോമീറ്റർ റെയിൽവേ ട്രാക്കിലൂടെ അഞ്ച് മാസത്തോളം നടന്നെങ്കിലും റെയിൽവേ അധികൃതർ വിവരം അറിഞ്ഞില്ല എന്നതാണ് കൗതകുകരം.
advertisement
കോവിഡ് ലോക്ക്ഡൗൺ കാലത്ത് ഇത്തരത്തിൽ നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് നാട്ടിലെത്താൻ കാൽനടയായി പുറപ്പെട്ടത്. സൈക്കിളിലും ട്രാക്കിലും കാൽനടയായും യാത്ര തുടങ്ങിയവർ അപകടങ്ങളിൽപെടുന്നതും മരിക്കുന്നതും വാർത്തയായിരുന്നു.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ആഗ്രയിൽ കുടുങ്ങിയ ഡ്രൈവർ നാട്ടിലെത്താൻ മറ്റുവഴിയില്ലാതെ കാൽനടയായി ഡൽഹിയിലേക്ക് പുറപ്പെട്ട വാർത്ത ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് ദിവസം നടന്നാണ് ദീപക് എന്ന യുവാവ് ആഗ്രയിൽ നിന്നും ഡൽഹിയിൽ എത്തിയത്. പൂർണ ഗർഭിണിയായ ഭാര്യും ഒന്നര വയസ്സുള്ള മകളും പ്രായമായ അമ്മയുമായിരുന്നു ദീപക്കിന്റെ വീട്ടിൽ ഉണ്ടായിരുന്നത്. ലോക്ക്ഡൗൺ അവസാനിക്കാൻ മൂന്നാഴ്ച്ച കാത്തിരിക്കണമെന്നതിനാലാണ് കാൽനടയായി നാട്ടിലേക്ക് പോകാൻ ദീപക് തീരുമാനിച്ചത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 13, 2021 3:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പണവും സാധനങ്ങളും മോഷണം പോയി; വീട്ടിലെത്താൻ 1200 കിലോമീറ്റർ 5 മാസം കൊണ്ട് നടന്ന് 56 കാരൻ