TRENDING:

'വല്ല തരത്തിലും തണ്ടിയിലും പോയി കളിക്കൂ' ശബരീനാഥൻ എംഎല്‍എയോട് ബെന്യാമിൻ

Last Updated:

Benyamin Vs KS Sabarinathan |അന്യന്റെ പോക്കറ്റില്‍ കിടക്കുന്ന പണത്തിന്റെ ബലത്തില്‍ മോന്തക്ക് പുട്ടി തേച്ച സ്വന്തം ഫോട്ടോ എടുത്ത് പോസ്റ്ററടിച്ച് ഫേസ് ബുക്കില്‍ ഇടുന്ന അല്പത്തരത്തിന്റെ പേരല്ല പരസഹായമെന്ന് ബെന്യാമിൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് കെ.എസ് ശബരിനാഥൻ എംഎൽഎയും എഴുത്തുകാരൻ ബെന്യാമിനും തമ്മിൽ രൂക്ഷമായ വാക്ക്പോര്. ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ഇരുവരും കൊമ്പുകോർത്തത്. "താങ്കൾ അധിക്ഷേപിച്ച് കോൺഗ്രസിലെ ഞാനടക്കമുള്ള യുവ എംഎൽഎമാർ പ്രവാസികളെ കേരളത്തിലെത്തിക്കാൻ സഹായം സമാഹരിക്കുകയാണെന്നും യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള പരിപാടിയിൽ താങ്കൾ സഹായം ചെയ്യാമോ? ഇതിൽ രാഷ്ട്രീയവ്യത്യാസമില്ല" എന്ന ശബരിനാഥന്‍റെ പോസ്റ്റിന് രൂക്ഷമായ ഭാഷയിലാണ് ബെന്യാമിൻ മറുപടി നൽകിയത്. 'ശബരി, തക്കുടുക്കുട്ടാ, മോനെ പോയി വല്ല തരത്തിലും തണ്ടിയിലും കളിക്കൂ' എന്നായിരുന്നു ബെന്യാമിന്‍റെ മറുപടി. അന്യന്റെ പോക്കറ്റില്‍ കിടക്കുന്ന പണത്തിന്റെ ബലത്തില്‍ മോന്തക്ക് പുട്ടി തേച്ച സ്വന്തം ഫോട്ടോ എടുത്ത് പോസ്റ്ററടിച്ച് ഫേസ് ബുക്കില്‍ ഇടുന്ന അല്പത്തരത്തിന്റെ പേരല്ല പരസഹായമെന്നും ബെന്യാമിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
advertisement

ബെന്യാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

പ്രിയപ്പെട്ട ശ്രീ ശബരീനാഥൻ,

താങ്കൾ ഇന്നലെ ഫേസ്ബുക്കിലൂടെ എന്നോടു നട‌ത്തിയ അഭ്യർത്ഥന ഞാൻ ഇത്തിരി വൈകി ഇപ്പോഴാണ് കണ്ടത്.

നൂറു പ്രവാസികളെ നാട്ടിൽ എത്തിക്കാനുള്ള നല്ല ഉദ്യമത്തിനു ആദ്യമേ എല്ലാ ആശംസകളും. എന്നാൽ 100 എന്നത് ഒരു ചെറിയ സംഖ്യയല്ലേ ശബരി. നിങ്ങളുടെ സംഘടനാബലവും മഹത്തായ പ്രവർത്തനപാരമ്പര്യവും വാചകമടിയിലുള്ള പ്രാവീണ്യവും കണക്കാക്കിയാൽ ഏറ്റവും കുറഞ്ഞത് ഒരു പതിനായിരം ആടുജീവിതങ്ങളെയെങ്കിലും നിഷ്‌പ്രയാ‍സം നാട്ടിലെത്തിക്കാൻ നിങ്ങൾക്ക് കഴിയും എന്നെനിക്കുറപ്പുണ്ട്. കാരണം ദുരിതാശ്വാസ നിധിയിൽ വിശ്വാസമില്ലാതെ കോടതിയിലേക്കോടിയ സർവ്വീസ് സംഘടനകളും ഉത്തരവ് കത്തിച്ച അധ്യാപകരും ഇന്നലത്തെ പോസ്റ്റു താഴെ വന്ന് ‘സബാഷ് ശബരി’ പറഞ്ഞ താങ്കളുടെ സ്വന്തം അണികളും നിങ്ങളിലുള്ള കടുത്ത വിശ്വാസം രേഖപ്പെടുത്തി സംഭാവന നൽകാൻ ക്യൂ നിൽക്കുക ആയിരിക്കുമല്ലോ. അവർ ഏല്പിച്ച സംഭാവനയുടെ വിവരങ്ങൾ സുതാര്യതയുടെ പര്യായമായ നിങ്ങൾ ഫേസ്ബുക്ക് ലൈവിലോ പത്രസമ്മേളനത്തിലോ ദിവസവും പറയണം. അത് കേൾക്കാൻ ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കും. ആ സംഘടനാപ്രവർത്തകരുടെ മഹാമനസ്കതയും മനുഷ്യസ്നേഹവും കണ്ട് എനിക്ക് കണ്ണീരണിയണം.

advertisement

അങ്ങനെ വിശ്വസ്തരായ എം.എൽ.എ മാരുടെ അഭ്യർത്ഥന മാനിച്ചും ‘സർവ്വോപരി കള്ളനും തെമ്മാടിയും ദുഷ്ടനുമായ കേരള മുഖ്യമന്ത്രിയെ’ എന്തുവിലകൊടുത്തും തോൽപ്പിക്കുന്നതിനായിട്ടും സംഭാവനകൾ കൂമ്പാരമാകാൻ പോകുന്ന ആ മഹത്തായ വേളയിൽ കഴിഞ്ഞ ഏഴെട്ട് വർഷങ്ങളായി മറ്റ് ജോലിയും കൂലിയും ഒന്നുമില്ലാതെ ജീവിക്കുന്ന ഒരു സാദാ എഴുത്തുകാരന്റെ നക്കപ്പിച്ചാ സംഭാവനയൊന്നും നിങ്ങൾക്ക് ആവശ്യമില്ല എന്ന് എനിക്കറിയാം.

(അതോ ഫേസ്ബുക്കിൽ ലൈക്കും സബാഷും മാത്രമേ ഉള്ളോ.? അവർക്ക് നിങ്ങളെയും വിശ്വാസമില്ലേ? ഈ ചലഞ്ചിനുശേഷവും നിങ്ങളുടെ ‘നമ്പർ‘ നൂറിൽ തന്നെ നിൽക്കുകയാണെങ്കിൽ സ്വന്തം അണികൾക്ക് പോലും കാൽ പണം നിങ്ങളെ ഏല്പിക്കാൻ വിശ്വാസമില്ല എന്ന് എനിക്ക് ന്യായമായും ഊഹിക്കാമല്ലോ. അല്ലേ?)

advertisement

ഇനി അഥവാ യഥാർത്ഥമായും നിങ്ങൾക്ക് എന്നിൽ നിന്ന് ഒരു സാമ്പത്തിക പിന്തുണയോ സഹകരണമോ ആയിരുന്നു ആവശ്യമെങ്കിൽ നിങ്ങളത് ലോകത്തിനോട് വിളിച്ചു പറഞ്ഞല്ല ചോദിക്കുമായിരുന്നത്, ഫോണെടുത്ത് നേരിട്ട് വിളിക്കുകയായിരുന്നു ചെയ്യുന്നത് (മറ്റാരോടും ഫേസ് ബുക്കിലൂടെ നിങ്ങൾ ധനാഭ്യർത്ഥന നട‌ത്തിയതായി കണ്ടില്ല.) അങ്ങനെ വിളിക്കാനുള്ള സ്വാതന്ത്ര്യം നമുക്കിടയിലുണ്ട് എന്ന് ഇതിനുമുൻപ് പല ആവശ്യങ്ങൾക്കും എന്നെ ഇങ്ങോട്ട് വിളിച്ചിട്ടുള്ളതിലൂടെ, എന്നെ / ഇങ്ങോട്ട് / വിളിച്ചിട്ടുള്ളതിലൂടെ/ താങ്കൾക്കുറപ്പുള്ളതാണല്ലോ.

അപ്പോൾ പിന്നെ താങ്കളുടെ ഉദ്ദേശ്യം സഹായമോ പിന്തുണയോ ഒന്നുമല്ല, ആടുജീവിതത്തിനു സമാനമായ ജീവിതം നയിക്കുന്ന പാവം പ്രവാസികളുടെ ചിലവിൽ പൊതു സമൂഹത്തിൽ ബെന്യാമിനെ ഒന്ന് ആക്കിക്കളയാം, അത് വായിച്ചു സുഖിക്കുന്ന സ്വന്തം അണികളുടെ ആസനത്തിൽ ഒരു ചെറിയ തരിപ്പാകുമല്ലോ എന്ന അധമ വിചാരമാണ് താങ്കളെ അത്തരമൊരു പോസ്റ്റ് ഇടാൻ പ്രേരിപ്പിച്ചത്. അതിനു മറുപടിയായി ഞാൻ എന്തെങ്കിലും കാര്യമായി പറഞ്ഞു പോയാൽ ആ വാക്കുകളുടെ ഭാരം താങ്ങാനുള്ള മനശക്തി ശബരി, തക്കുടുക്കുട്ടാ, താങ്കൾക്കുണ്ടാവില്ല. ചുമ്മാതിരിക്കുന്ന എങ്ങാണ്ട് ചുണ്ണാമ്പ് തേക്കരുത് എന്നൊരു നാടൻ ചൊല്ല് താങ്കൾ കേട്ടിട്ടുണ്ടല്ലോ അല്ലേ.? അതുകൊണ്ട് കുഞ്ഞേ പോ. വല്ല തരത്തിലും തണ്ടിയിലും പോയി കളിക്ക്. (താങ്കളുടെ കുടുംബത്തെ ഞാൻ അത്രയും സ്നേഹിക്കുന്നുണ്ട് എന്നുമാത്രം തൽക്കാലം മനസിലാക്കുക)

advertisement

ഇനി പരസഹയത്തിന്റെ കാര്യം, അതിനെനിക്ക് ആരുടെയും അഭ്യർത്ഥന ഒന്നും ആവശ്യമില്ല. മനസറിഞ്ഞു കൊടുക്കാൻ ഞങ്ങൾക്കറിയാം. ഈ ദുരിതകാലത്തിലും ഞാനും ഭാര്യയും (അങ്ങനെ പറയാൻ പ്രത്യേക കാരണമുണ്ട് എന്ന് ഇതിന്റെ വായനക്കാർ മനസിലാക്കുക. ഭാര്യയ്ക്ക് പത്തൊൻപത് മണിക്കൂർ നീണ്ട രണ്ട് ഓപ്പറേഷനും പതിനേഴ് ദിവസത്തെ ആശുപത്രി വാസവും കഴിഞ്ഞു വന്ന് വിശ്രമത്തിലുള്ള കാലമാണത്. ശരിക്കും സാമ്പത്തികമായി വലിയ ഞെരുക്കം അനുഭവിച്ച കാലം. എന്നിട്ടും) വേണ്ടവരെ വേണ്ടവിധത്തിൽ ഇരുചെവി അറിയാതെ സഹായിച്ചിട്ടുണ്ട് എന്ന് ആത്മാഭിമാനത്തോടെ തല ഉയർത്തി പറയാൻ കഴിയും. പക്ഷേ അതൊന്നും ഫോട്ടോ വച്ച് ഫേസ് ബുക്കിൽ ഇട്ട് ലൈക്ക് വാങ്ങാറില്ല സാറേ. പ്രായം കുറേ ആയില്ലേ. ആളെക്കൂട്ടിയും സെൽഫി എടുത്തും നാലു പേരോട് വിളിച്ചു പറഞ്ഞും പരസഹായം ചെയ്യാനുള്ള കൊതി ഒക്കെ പോയി. അതുകൊണ്ടാ.

advertisement

പിന്നെ എനിക്കാണെങ്കിൽ നിങ്ങളെപ്പോലെ ‘അടുത്ത ഇലക്ഷനിൽ മത്സരിക്കാനുള്ളതാണല്ലോ’, ‘ഒരു വർഷം കഴിഞ്ഞ് ഇലക്ഷൻ വരുന്നല്ലോ’, ‘ജനങ്ങളുടെ കണ്ണിൽ എന്തെങ്കിലും പൊടി ഇടണമല്ലോ’ എന്നിങ്ങനെയുള്ള ആധിയും വെപ്രളവും ഒന്നും ഇല്ലടാ ചക്കരെ.

TRENDING:മദ്യശാലകളിലെ തിരക്ക്: ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും പരിഗണിക്കണമെന്ന് സുപ്രീം കോടതി [NEWS]സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് താരത്തിന് വൈറസ് ബാധ [NEWS]കോവിഡ് 'ബാധിച്ച്' മദ്യം: കര്‍ണാടകയും തമിഴ്നാടും വിലകൂട്ടി; പ്രതിസന്ധി മദ്യവിൽപ്പനയിലുടെ മറികടക്കാൻ സർക്കാരുകൾ [NEWS]

പിന്നെ ഒരുകാര്യം കൂടി, ഞങ്ങൾ സാധാരണക്കാർ ഒരു രൂപ ആർക്കെങ്കിലും കൊടുത്തിട്ടുണ്ടെങ്കിൽ ഞങ്ങളുടെ സ്വന്തം പോക്കറ്റിൽ നിന്നാണ് അത് കൊടുക്കുന്നത്. അന്യന്റെ പോക്കറ്റിൽ കിടക്കുന്ന പണത്തിന്റെ ബലത്തിൽ മോന്തക്ക് പുട്ടി തേച്ച സ്വന്തം ഫോട്ടോ എടുത്ത് പോസ്റ്ററടിച്ച് ഫേസ് ബുക്കിൽ ഇടുന്ന അല്പത്തരത്തിന്റെ പേരല്ല പരസഹായം എന്നത്. ഈ വീമ്പു മുഴക്കലിൽ സ്വന്തം അക്കൌണ്ടിൽ നിന്ന് എത്ര രൂപ സംഭാവന ചെയ്തു എന്ന് വെളിപ്പെടുത്താൻ ആടുജീവിതസ്നേഹികളായ എം.എൽ.എ മാരെ ഞാൻ വെല്ലുവിളിക്കുന്നു.

എല്ലാത്തിനും ഒടുവിൽ പറയട്ടെ, അക്കൌണ്ട് നമ്പർ അയക്കൂ, നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ എന്ന നിലയിൽ എന്നാൽ കഴിയുന്ന ഒരു തുക നിശ്ചയമായും അയച്ചു തരാം. നിങ്ങളുടെ സംഘടനാ നേതാക്കളെപ്പോലെയല്ല, നിങ്ങൾ ചെറുപ്പക്കാരെ എനിക്ക് വിശ്വാസമാണ്. കളിയാക്കിയതല്ല, സത്യമായും എനിക്ക് നല്ല വിശ്വാസമാ‍ണ്. നിങ്ങൾ പറഞ്ഞത് ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. വെള്ളപ്പൊക്ക കാലത്ത് ആയിരം വീടുകൾ വച്ചു കൊടുത്ത് മാതൃക കാട്ടിയ കെ പി സി. സി യുടെ പിന്മുറക്കാരല്ലേ നിങ്ങൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'വല്ല തരത്തിലും തണ്ടിയിലും പോയി കളിക്കൂ' ശബരീനാഥൻ എംഎല്‍എയോട് ബെന്യാമിൻ
Open in App
Home
Video
Impact Shorts
Web Stories