സെക്യൂരിറ്റി ജീവനക്കാരനായി രണ്ട് ഷിഫ്റ്റുകളെടുത്തും മറ്റുപലതരം ജോലികള്‍ ചെയ്തുമാണ് ബിരുദാനന്തര ബിരുദം നേടുകയെന്ന തന്റെ എക്കാലത്തെയും സ്വപ്‌നം സ്വന്തമാക്കാന്‍ അദ്ദേഹം ഇറങ്ങി പുറപ്പെട്ടത്. എന്നാല്‍, അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്ന വഴികള്‍ എളുപ്പമായിരുന്നില്ല. നിരവധി പരാജയങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, ചുറ്റുമുള്ളവരുടെ കളിയാക്കലുകൾ എന്നിവയെല്ലാം തരണം ചെയ്താണ് രാജ്കരൺ തന്റെ അഭിലാഷം പൂര്‍ത്തിയാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു വ്യക്തമാക്കുന്നു. ഇത്രയൊക്കെ തടസ്സങ്ങളുണ്ടായിരുന്നിട്ടും വിജയം നേടുമെന്ന ദൃഢനിശ്ചയത്തില്‍ അദ്ദേഹം ഉറച്ചു നിന്നു.
Also read-100% പ്ലേസ്മെന്റ് ഗ്യാരണ്ടിയുള്ള MBA കോഴ്സ് മുംബൈ IIM ൽ ചെയ്യണോ?
advertisement
2021-ലാണ് രാജ്കരൺ ബിരുദാനന്തര ബിരുദ പരീക്ഷയില്‍ വിജയം കണ്ടത്. എന്നാല്‍, ഇക്കാലമത്രയും അദ്ദേഹം അത് മറച്ചുവയ്ക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ''എന്റെ വിജയം അടച്ചിട്ട വാതിലുകള്‍ക്കു പുറകിലാണ് ഞാന്‍ ആഘോഷിച്ചത്. വിജയമറിഞ്ഞപ്പോള്‍ ഞാന്‍ തുള്ളിച്ചാടി. എനിക്ക് പുറത്തുപോകാനും ആരോടും പറയുവാനും കഴിയുമായിരുന്നില്ല. കാരണം, എന്റെ തൊഴിലുടമകള്‍ എന്നെ ചൂണ്ടിക്കാട്ടി അവരുടെ മക്കളെ കളിയാക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം നോക്കൂ, ഈ പ്രായത്തിലും എത്ര കഷ്ടപ്പെട്ടാണ് ഞാന്‍ പഠിക്കുന്നതെന്ന് അവര്‍ പറയും. അവരെ നാണം കെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അതിനാല്‍ നിശബ്ദമായാണ് ഞാന്‍ അത് ആഘോഷിച്ചത്,''അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഞാന്‍ ആ ജോലി ഉപേക്ഷിച്ചു. അതിനാല്‍, ആളുകളോട് എനിക്ക് വിജയത്തെക്കുറിച്ച് പറയാമല്ലോ, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറെക്കാലമായി മാധ്യമ ശ്രദ്ധ നേടുന്ന വ്യക്തികളിലൊരാളാണ് രാജ്കരൺ. 2015-ലാണ് അദ്ദേഹത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പ്രതിസന്ധിഘട്ടങ്ങളില്‍ മാധ്യമങ്ങളും പൊതുജനങ്ങളും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാനും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും ഒപ്പമുണ്ടായിരുന്നു. ''18-ാമത്തെ തവണ പരാജയമറിഞ്ഞപ്പോള്‍ ഞാന്‍ ആകെ തളര്‍ന്നുപോയിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടു പുറത്തു വന്നതോടെ എന്നെ ആളുകള്‍ വ്യത്യസമായ രീതിയില്‍ നോക്കികാണാന്‍ തുടങ്ങി. ടിവി ചാനലുകള്‍ എന്നെ അന്വേഷിച്ചെത്തി. അത് വലിയൊരു പ്രോത്സാഹനമായിരുന്നു, ''അദ്ദേഹം പറഞ്ഞു.
സെക്യൂരിറ്റി ജോലിയില്‍ നിന്ന് ഒരു മാസം 5000 രൂപയാണ് ശമ്പളം ലഭിക്കുക. ഒരു ബംഗ്ലാവില്‍ ജോലിക്ക് നിന്ന് അവിടെ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് ഭക്ഷണത്തിനും മറ്റുള്ളവയ്ക്കുമുള്ള വരുമാനം കണ്ടെത്തിയിരുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ പഠിക്കാന്‍ പുസ്തകങ്ങള്‍ വാങ്ങുന്നതിനും പരീക്ഷാഫീസ്, മറ്റ് അനുബന്ധ ചെലവുകള്‍ക്കുമായി രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷയില്‍ വിജയിക്കുക എന്നതായിരുന്നു എന്റെ ആവശ്യം. ഗണിതത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ആള്‍ എന്ന് അറിയപ്പെടാനാണ് ആഗ്രഹിച്ചത്. എന്താണ് അവിവാഹിതനായി തുടരുന്നതിന് പിന്നിലെ കാരണമെന്ന് ആരാഞ്ഞവര്‍ക്ക് രസകരമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. ''എന്നെയാരാണ് വിവാഹം കഴിക്കാന്‍ താത്പര്യപ്പെടുക. ഞാന്‍ എന്റെ സ്വപ്നത്തെയാണ് വിവാഹം ചെയ്തതെന്ന് '' രാജ്കരൺ പറഞ്ഞു.